തിങ്കളാഴ്‌ച, ജൂലൈ 18, 2011

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍..!!

കഥയ്ക്ക് മുന്‍പേ ഒരു ക്ഷമാപണം..
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ഇനി മരിക്കാനുള്ളവരുമായോ (ആരെങ്കിലും തല്ലി കൊല്ലാന്‍ സാധ്യത ഉള്ളവര്‍) യാതൊരു ബന്ധവുമില്ല..
അങ്ങനെ തോന്നുന്നുവെങ്കില്‍ അത് വെറും സാഹചര്യ സമ്മര്‍ദ്ധം മാത്രം..

ആഴ്ചയില്‍ രണ്ടേ രണ്ടു അവധി ദിനങ്ങളെ ഞങ്ങള്‍ പാവം ടെക്കികള്‍ക്കുള്ളൂ (ഞങ്ങള്‍ ഞങ്ങളെ അങ്ങനെയാണ് വിളിക്കാറുള്ളത്.. പുറത്തു പുല്ലു വിലയാണെങ്കിലും) ..
അങ്ങനൊരു ശനിയാഴ്ചയാണ് ഇന്ന്..
കഴിഞ്ഞ കുറെ ദിവസങ്ങളിലെ ക്ഷീണം തീര്‍ക്കാന്‍ (ഓഫീസില്‍ ഇരുന്നു ഉറങ്ങിയാല്‍ എന്തായാലും ക്ഷീണിക്കും) ഉച്ച വരെ എങ്കിലും ഉറങ്ങണം എന്ന് തീരുമാനിച്ചുറപ്പിച്ചു കിടന്നതാണ്..
ആ സുഖ നിദ്രയില്‍ ഇടിമുഴക്കം പോലെ ഒരു ശബ്ദം..
പാതി മിഴിച്ച കണ്ണുകളുമായി കിടന്നു ഞാന്‍ കൂട്ടുകാരനോട് മോടെത്തിന്റെ കേബിള്‍ ഊരിയിടാന്‍ പറഞ്ഞു..
അവിടെ നിന്നും മറുപടിയോന്നുമില്ല.. ഓ എനിക്കും വയ്യ ഇനി എഴുന്നേറ്റു പോയി അത് ചെയ്യാന്‍..
കത്തി പോകുന്നെങ്കില്‍ പോകട്ടെ.. ഞാനും തിരിഞ്ഞു കിടന്നുറങ്ങി..
പെട്ടെന്ന് വീണ്ടും ഒരു മുഴക്കം കൂടെ..
ഇത്തവണ പക്ഷെ മുഴക്കത്തിനു കനം കൂടി..
അപ്പോഴാണ്‌ മനസ്സിലായത്‌ ഞാന്‍ നേരത്തെ കേട്ടതും ഇടിമുഴക്കമല്ല.. വാതിലില്‍ ആരോ മുട്ടുന്നതാണെന്ന്..
ഉറക്കം നഷ്ടപ്പെടുത്താന്‍ വന്ന കാപാലികന്‍ ആരായാലും അവനെ മനസ്സാല്‍ ശപിച്ചു കൊണ്ടാണ് ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നത്..
ഒരു കോട്ടുവായുടെ അകമ്പടിയോടെ വാതില്‍ തുറന്ന എന്റെ മുന്നില്‍ 100  വാട്ട് ബള്‍ബിന്റെ പുഞ്ചിരിയുമായി ഒരുവന്‍ നില്‍ക്കുന്നു..
നമ്മുടെ കഥാനായകന്‍.. അവനെ നമുക്ക് തങ്കപ്പന്‍ എന്ന് വിളിക്കാം..
അവന്‍റെ യഥാര്‍ത്ഥ പേര് ഞങ്ങളെല്ലാം മറന്നിരിക്കുന്നു..
അവന്‍റെ തങ്കപ്പെട്ട സ്വഭാവം കൊണ്ടാണ് ഞങ്ങള്‍ അവനെ അങ്ങനെ വിളിച്ചു തുടങ്ങിയത്..
എല്ലാ അവധി ദിവസങ്ങളിലും രാവിലെ അമ്പലത്തിലെക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്നവനാ..
ഭക്തി മൂത്തിട്ടാണോ എന്നറിയില്ല, പിന്നെ കാണുമ്പോള്‍ മിക്കവാറും പള്ളി മുറ്റത്തായിരിക്കും (കുര്‍ബാന കഴിഞ്ഞ സമയമാണെങ്കില്‍)..
അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നെങ്ങാനും ഒരു സ്ത്രീ ശബ്ദം കേട്ടാല്‍ വെടി കൊണ്ട പന്നിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുക..
ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുക.. (അവര്‍ പോയോ എന്നറിയാനാണേ.. അല്ലാതെ .. ഛെ..)
അങ്ങനെ ഒത്തിരി ഒത്തിരി കഥകള്‍..
ഇന്നത്തെയും സര്‍കീറ്റ്  കഴിഞ്ഞു എത്തിയതായിരുന്നു അവന്‍...
വാതില്‍ തുറന്നു കൊടുത്തു ഞാന്‍ തിരികെ വന്നു കിടന്നു..
പതിയെ  എന്‍റെ സ്വപ്നലോകത്തിലേക്ക് ഞാന്‍ മടങ്ങിപ്പോയി..
ഒരു ബഹളം കേട്ട് ഞാന്‍ ഞെട്ടി എണീറ്റ്‌ നോക്കിയപ്പോ നമ്മുടെ തങ്കപ്പന്‍ ടിവി നോക്കി നിന്ന് തുള്ളിച്ചാടുന്നു..
എന്ത് പറ്റിയെടാ എന്ന് ചോദിച്ചു ഞാന്‍ എഴുന്നേറ്റു ചെന്നു..
അളിയാ.. വരുന്നു..വരുന്നു.. മുഴുമിക്കാതെ അവന്‍ നിന്ന് തുള്ളിച്ചാടുന്നു..
ആര് വരുന്നുണ്ടെന്നാ..
എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു..
അവന്‍ പറഞ്ഞ മറുപടി ഓര്‍ത്തു എന്‍റെ ചിരി പൊട്ടി..
അവന്‍ ദൈവങ്ങളുടെ കൂടെ മനസ്സില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ഒരു യുവ നടന്‍ (അവന്‍റെ കാഴ്ച്ചപ്പാടില്‍ സൂപ്പര്‍ സ്റ്റാര്‍) അടുത്തുള്ള ഒരു സ്വര്‍ണക്കട ഉദ്ഘാടാനത്തിനു വരുന്നു..
ഇതിനാണോ ദൈവമേ ഇവന്‍ ഈ കണ്ട ബഹളം മുഴുവന്‍ വെച്ചത്..
അല്ലേലും ഇവനെ ഒക്കെ പറഞ്ഞാ മതി.. ഇങ്ങനൊരുത്തനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയുമ്പോ പോലും ലജ്ജിക്കണം..
ഇവനെ തലയിലേറ്റി നടക്കുന്നവനെ എല്ലാം ചാട്ടക്ക് അടിക്കണം..
അഹങ്കാരമെന്ന ഭാവമൊഴിച്ച് വേറൊരു ഭാവവും അവന്‍റെ മുഖത്ത് എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല..
അങ്ങനുള്ള ഒരുത്തന്‍ ഉദ്ഘാടനത്തിന് വരുമ്പോ സ്വാഭാവികമായും ഞാന്‍ എന്തിനിത്ര  സന്തോഷിക്കണം..
അവനു ഉത്ഘാടനം കാണാന്‍ പോകണമെന്ന് ഒരേ നിര്‍ബന്ധം..
ഒറ്റക്കങ്ങു പോയാ മതിയെന്നും പറഞ്ഞു ഞാന്‍ കിടന്നുറങ്ങി..
വൈകിട്ടായപ്പോള്‍ കടന്നല്‍ കുത്തിയ പോലുള്ള മുഖഭാവവുമായി അവന്‍ തിരിച്ചെത്തി..
എന്തു പറ്റിയെടാ എന്ന എന്‍റെ ചോദ്യത്തിനുള്ള അവന്‍റെ മറുപടി വീടിന്‍റെ മൂലയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ഷൂസ് ആയിരുന്നു..
എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി..
എഴുന്നേറ്റു പോകുമ്പോള്‍ അവന്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു..
"ഇതിലും നല്ലത് അങ്ങേരു വരാതിരിക്കുകയായിരുന്നു...
ഇതിപ്പോ അതിരാണിപാടത്തു കണ്ണേറ് തട്ടാതിരിക്കാന്‍ വച്ച നോക്കുകുത്തിയെ പോലെ”..
അവന്‍റെ വിഷമം പൊട്ടിയൊലിക്കുകയായിരുന്നു ആ വാക്കുകളില്‍...
എന്തു സംഭവിച്ചു എന്ന് മാത്രം മനസ്സിലായില്ല..
വൈകിട്ടത്തെ വാര്‍ത്തകള്‍ കാണാന്‍ വേണ്ടി ടിവി വച്ചപ്പോള്‍ അതാ കാണുന്നു അവന്‍ രാവിലെ പറഞ്ഞ സ്വര്‍ണക്കടയുടെ ഉദ്ഘാടന വാര്‍ത്ത..
നാട മുറിച്ചത് ഉടമസ്ഥനും അടുത്ത് ഇളിഭ്യനായി നോക്കി നില്‍ക്കുന്നത് മേല്‍പറഞ്ഞ സൂപ്പര്‍ സ്റ്റാറും..
തങ്കപ്പന്റെ വിഷമത്തിന്റെ കാരണം മനസ്സിലായതിപ്പോഴാണ്..
പക്ഷെ എനിക്കൊരിക്കലും ആ കടയുടമയെ കുറ്റം പറയാന്‍ പറ്റില്ല..
ആര്‍ക്കും സ്വന്തം സ്ഥാപനം നന്നായി വരണമെന്നല്ലേ ഉണ്ടാവൂ..
കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞെന്നാണല്ലോ..

5 അഭിപ്രായങ്ങൾ:

 1. ഹ ഹ.. ഇതിനു ഞാന്‍ മറുപടി പറയാന്‍ വിട്ടു പോയതാണ്..:) ഇതൊരു ആക്ഷേപണ രീതി ശ്രമിച്ചു നോക്കിയതാണ്..
  ചിലര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു.. ചിലര്‍ക്കിഷ്ടപ്പെട്ടുമില്ല.. :)
  പാതി പാളി എന്ന് വേണേല്‍ പറയാം...
  എന്തായാലും ഇതില്‍ സത്യസന്ധമായി കമ്മെന്റ് ഇട്ടതിനു താങ്ക്സ്.. :)

  മറുപടിഇല്ലാതാക്കൂ
 2. heheeh..ee commentinte marupadi kitti bodichirikkunu..
  peru
  opp
  rand vara
  rand kuth

  മറുപടിഇല്ലാതാക്കൂ