ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

ഹാപ്പി റംസാന്‍..!!


ഇന്ന് ദിവസം ഓഗസ്റ്റ്‌ 29 തിങ്കളാഴ്ച..

ഓഫീസില്‍ ഫേസ്ബുക്കും നോക്കിയിരുന്ന എന്റടുത്ത്‌ വന്നു ശ്രീനാഥ് ചോദിച്ചു..
“എടാ ദിലീപേ നീ നാളെ വീട്ടില്‍ പോണുണ്ടോ..?”

“എന്താ അങ്ങനെ ചോദിക്കാന്‍.. എപ്പോ അവധി കിട്ടിയാലും ഞാന്‍ നാട്ടില്‍ തന്നെയല്ലേ.. :)

“അല്ല..!!  നിനക്കല്ലേ ലീവ് ഒന്നും ബാക്കിയില്ലെന്നു പറഞ്ഞത്‌.. റംസാന് പോവാണേല്‍ വെള്ളിയാഴ്ച ലീവ് എടുക്കണ്ടേ..?”

“എന്തേലും വഴി കാണും.. അല്ലേല്‍ അന്നെനിക്ക് പനി പിടിക്കും..!! ഹി ഹി..”

അതും പറഞ്ഞിരിക്കുമ്പോള്‍ അതാ ഓഫീസ് മെയിലില്‍ ആ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഇമെയില്‍ സന്ദേശം..
ഞാന്‍ ഹാപ്പി ആയി..

“അളിയാ.. നാളെ പോയാല്‍ പിന്നെ അഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു വന്നാ മതിയല്ലോ..
വീടു മാറുന്നതും ഞങ്ങള്‍ അതിനനുസരിച്ചാ പ്ലാന്‍ ചെയ്തെക്കണേ..
രണ്ടു ദിവസങ്ങതേക്ക് ഉപയോഗിക്കാന്‍ വേണ്ട സാധനങ്ങളും പിന്നെ കുറെ അലക്കാനുള്ള വസ്ത്രങ്ങളും ഒഴിച്ച് ഒരു വിധം സാധനങ്ങളെല്ലാം ഞങ്ങള്‍ പുതിയ വീട്ടിലേക്ക്‌ മാറ്റി..
എന്താ നിന്‍റെ വീകെന്റ്റ്‌ പ്ലാന്‍..?”
ഞാന്‍ ചോദിച്ചു..

“നിനക്കറിയാമല്ലോ.. !! ഒത്തിരി പരിപാടികള്‍ ചെയ്തു തീര്‍ക്കാനുണ്ട്..
കല്യാണ നിശ്ചയം ഇങ്ങടുത്തില്ലേ..!!
ഷോപ്പിംഗ്‌ കഴിയുമ്പോ തന്നെ എന്‍റെ പോക്കറ്റ്‌ കാലിയാവുന്ന ലക്ഷണമുണ്ട്..!!”
ശ്രീനാഥ് നെടുവീര്‍പ്പിട്ടു..

“കൊണ്ട് പോകാന്‍ എനിക്കൊത്തിരി ലഗ്ഗേജ് ഉണ്ട്..
അതും എടുത്തോണ്ട് ഓഫീസില്‍ വരാന്‍ വയ്യ..!!
അതുകൊണ്ട് നാളെ അതിരാവിലെ തന്നെ ഓഫീസില്‍ വന്നു ലോഗ് ഒപ്പിച്ചു നേരത്തെ ചാടണം..
വൈകിട്ട് 6 മണിക്ക് മുന്നേ വീടൊഴിഞ്ഞു കൊടുക്കണമത്രേ..!!
ഇന്‍ഫോസിസിലെ കുറെ മലയാളി പെണ്‍പിള്ളേര്‍ പുതിയ താമസക്കാരായി വരുന്നെന്ന്‍..”

“എത്ര പേരുണ്ട്‌..?” ശ്രീനാഥ് ചോദിച്ചു..

“എഴെട്ടെണ്ണം ഉണ്ടെന്നാ കേട്ടെ..!!”

“ഹ ഹ.. ആ കുടുസു വീട്ടില്‍ എട്ടു പേരോ..?
അവര്‍ കുറച്ചു കഷ്ടപ്പെടും..!!”
ഞാനും ശ്രീനാഥിന്‍റെ ചിരിയില്‍ പങ്കുചേര്‍ന്നു..

അങ്ങനെ ചൊവ്വാഴ്ച നേരം പുലരുന്നതിനു മുന്‍പേ ഞാന്‍ എണീറ്റ്‌ കുളിച്ചു റെഡി ആയി ഓഫീസില്‍ എത്തി..
യാത്രകള്‍ക്ക് ഉള്ള ടിക്കറ്റ്‌ എല്ലാം പ്രിന്‍റ് എടുത്തു..
വേറെ പണിയൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുറെ നേരം ഫേസ്ബുക്കും തുറന്നങ്ങിനെ ഇരുന്നു..
ഇന്നാണേല്‍ ഒരുത്തനേം കാണുന്നുമില്ല ഓണ്‍ലൈനില്‍..!!
അങ്ങനെ ഒരു വിധം നാലു മണി ഒപ്പിച്ചു ചാടി ഇറങ്ങി..

റൂമില്‍ പോയി ലഗ്ഗേജ് എല്ലാം പായ്ക്ക് ചെയ്തു കുളിച്ചു റെഡി ആയി കീ ഓണര്‍നെ ഏല്‍പ്പിച്ച് ഞാന്‍ ഇറങ്ങി..
ആദര്‍ശ്‌ സാഗറില്‍ കേറി ഒരു മസാല ദോശയും തട്ടി ലഗ്ഗെജും എടുത്ത് ഇലക്ട്രോണിക് സിറ്റി ബസ്‌ സ്റ്റോപ്പില്‍ എത്തി..
അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു..

ബസ്‌സ്റ്റോപ്പില്‍ ഒരു ജനസാഗരം..!!
ഇത്രേം ആള്‍ക്കാര്‍ ഇലക്ട്രോണിക് സിറ്റിയില്‍ താമസിക്കുന്നുണ്ടോന്നു പോലും ഞാന്‍ അതിശയിച്ചു പോയി..
എല്ലാവരും തന്നെ ഹോസുരിലെക്കുള്ള ബസ്‌ കാത്തു നില്‍ക്കുന്നവര്‍..
വീട്ടില്‍ പോകാന്‍ ഒത്തിരി നേരത്തെ ഇറങ്ങിയതോര്‍ത്ത് അപ്പോള്‍ ഞാന്‍ സന്തോഷിച്ചു..
എന്തായാലും ഇത്രേം ലഗ്ഗെജും വച്ചു പോകുമ്പോള്‍ തിരക്കൊഴിഞ്ഞ ബസ്‌ കാത്തുനില്‍ക്കുന്നതാ ബുദ്ധി..!!
അതും വിചാരിച്ചു ആദ്യം വന്ന രണ്ടു മൂന്നു വണ്ടികളില്‍ ഞാന്‍ കയറിയില്ല..
തിരിഞ്ഞു നോക്കിയപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു..
ഇനി നോക്കി നിന്നിട്ട് കാര്യമില്ല.. വരുന്ന ബസ്സിനു കേറുക തന്നെ..
പിന്നീട് വന്ന ബസ്സുകള്‍ ഒന്നും നിര്‍ത്തുന്നില്ല..
ജനക്കൂട്ടം കണ്ടു ഡ്രൈവര്‍മാര്‍ ഭയന്ന് പോയെന്നാണ് എനിക്ക് തോന്നിയത്‌..
ഒരു ബസ്‌ പോലും ബ്രേക്ക്‌ ചവിട്ടാന്‍ തുനിഞ്ഞില്ല..

അങ്ങനെ ജനം ഇളകി..!! വരുന്ന ബസ്സുകളെ മുന്നില്‍ ആള്‍ക്കാര്‍ വട്ടം പിടിച്ചു നിര്‍ത്തിക്കാന്‍ തുടങ്ങി..
ഇലക്ട്രോണിക് സിറ്റി ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ജനക്കൂട്ടം ഇപ്പോള്‍ വ്യാപിച്ചു തൊട്ടു മുന്‍പത്തെ സ്റ്റോപ്പിനടുത്തെത്താറായി..
ഞാനും ഓരോ ബസ്സും കേറാന്‍ നോക്കി അങ്ങെത്തിയിരുന്നു..

അവസാനം ഒരു ബസ്സില്‍ കൈയ്യെത്തി..
പക്ഷെ കാലു കുത്താന്‍ പറ്റിയില്ല..
വണ്ടി എടുക്കുകയും ചെയ്തു..
വണ്ടിയില്‍ നിന്നു വീഴാന്‍ പോയ ഞാന്‍ ഒരു വിധത്തില്‍ വീണു വീണില്ല എന്ന രീതിയില്‍ റോഡില്‍ നിന്നു..
ഒരു കയ്യില്‍ വലിയൊരു ബാഗും തൂക്കി പുറം കാല്‍ ആകാശത്തിലേക്ക് ഉയര്‍ത്തി ഒരു കാലില്‍ ബാലന്‍സ് ചെയ്തായിരുന്നു ഞാന്‍ നിന്നത്..
മരുത്വാമലയും കയ്യിലെടുത്തു പറക്കുന്ന ഹനുമാനെപ്പോലെ ഉണ്ടായിരുന്നു എന്‍റെ ആ നില്‍പ്പ്..!!
എന്നെ ആശ്ചര്യത്തോടെ നോക്കുന്നവരെ കാണാത്ത രീതിയില്‍ ഞാന്‍ പുറം തിരിഞ്ഞു നിന്നു..
ബസ്സിന്റെ വാതിലില്‍ കുരുങ്ങി മുറിഞ്ഞ കയ്യില്‍ നിന്നും ചോരവന്നു തുടങ്ങിയിരുന്നു..

അടുത്ത ബസ്‌ വന്നപ്പോള്‍ ഞാന്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ ഇടിച്ചു കേറി..
ബസ്സില്‍ പിടി കിട്ടിയ പലരും എന്‍റെ ലഗ്ഗെജിന്റെ ഇടി കൊണ്ട് തെറിച്ചു പോയി..
പുറകില്‍ നിന്നും നല്ല അസ്സല്‍ തെറി കേള്‍ക്കുന്നുണ്ടായിരുന്നു..
അതെന്നെത്തന്നെ ഉദ്ദേശിച്ചാണ്‌ എന്നും എനിക്ക് മനസ്സിലായി..
അങ്ങനെ ഒരു വിധത്തില്‍ ചവിട്ടു പടിയില്‍ നിന്നുകൊണ്ട് ഹൊസൂര്‍ ബസ്‌ സ്റ്റാന്റ് വരെ എത്തിപ്പെട്ടു..

അവിടെ നിന്നും ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന് ചോദിച്ചു..
“റെയില്‍വേ സ്റ്റേഷന്‍ പോകാരതുക്ക് എവളോം ചാര്‍ജ്‌ അണ്ണാ..?”

50 രൂപ..!!”

“ഒരു കിലോമീറ്റര്‍ താനേ.. അതുക്ക്‌ 50 രൂപയോ..?
20 രൂപ തരാം...!!”

“സാര്‍.. നൈറ്റ്‌ ചാര്‍ജ് ഡബിള്‍ താന്‍..
റിട്ടേണ്‍ കിട്ടാത് സാര്‍..”

അങ്ങനെ ഇപ്പൊ അവനു 50 രൂപ കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു..
ലഗ്ഗേജ് ഉള്ളതോണ്ട് മാത്രമായിരുന്നു ഓട്ടോ പിടിക്കാന്‍ തീരുമാനിച്ചത്‌..
ആ തീരുമാനം വേണ്ടെന്നു വച്ചു ഞാന്‍ സ്റ്റേഷന്‍ വരെ നടന്നു..
അങ്ങനെ ഏതാണ്ട് 9 മണിയോടടുപ്പിച്ച് ഹൊസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി..

9.20നാണ് എന്‍റെ ട്രെയിന്‍.. യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌..
എന്‍റെ ടിക്കറ്റ്‌ RAC ആയിരുന്നു..
കണ്‍ഫേം ആയോ എന്നറിയാന്‍ ഞാന്‍ എന്കോയറി മഷിനിനടുത് ചെന്നു..
അവിടെ ചെന്നപ്പോ അതും കേടു വന്നു കിടക്കുന്നു..

ഞാന്‍ എന്‍റെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു..
“അളിയാ.. ഈ PNR ഒന്നു നോക്കിയേടാ..!!
കണ്‍ഫേം ആയോന്നറിയാനാ..!! ഇന്നത്തെ എന്‍റെ ദിവസം വച്ചു നോക്കുമ്പോ അതിനൊരു സാധ്യതേം ഇല്ലാ..!!”

“കണ്‍ഫേം ആയിട്ടുണ്ട്..
S1, 59 അപ്പെര്‍ ബെര്‍ത്ത്‌..” 

“താങ്ക്സ് അളിയാ..!!”
നശിച്ചെന്നു വിചാരിച്ച ദിവസം.. ഒടുക്കം അപ്രതീക്ഷിതമായി ടിക്കറ്റ്‌ കണ്‍ഫേം ആയിരിക്കുന്നു..
ദൈവമേ..!! നിനക്ക് നന്ദി..!!

അങ്ങനെ 9.20 p.m ആയപ്പോള്‍ ട്രെയിന്‍ വന്നു..
ഞാന്‍ ചാടിക്കേറി S1ല്‍ 59 ബെര്‍ത്ത്‌ കണ്ടെത്തി ലഗ്ഗേജ് എല്ലാം കൊണ്ടു വച്ചു.
ബാഗ്ഗില്‍ നിന്നും ഉദകപ്പോള എന്ന നോവേലെടുത് വായന തുടങ്ങി..
കുറച്ചു നേരം ക്ലാരയുടെയും ജയകൃഷ്ണന്റെയും തങ്ങളുടെയും ലോകത്ത്‌..

പെട്ടെന്നൊരു കോട്ടിട്ട മനുഷ്യന്‍ എന്‍റെ അടുത്തൂടെ മിന്നല്‍ പോലെ പാഞ്ഞു..
ഞാന്‍ ചാടി എണീറ്റ്‌ പുറകീന്നു വിളിച്ചു..
“സര്‍.. ടിക്കറ്റ്‌ കണ്‍ഫേം ചെയ്യണം..
ദിലീപ്‌ രാജ്.. S1, 59..!!” 

S1, 59ണോ.. അതു ദിലീപ്‌ അല്ലല്ലോ..ഒരു ഉദയന്‍റെ ആണ് ആ ബെര്‍ത്ത്‌..
അതു കണ്‍ഫേം ചെയ്തിട്ടുമുണ്ട്..”

“സര്‍.. പക്ഷെ കുറച്ചു മുന്‍പേ ചാര്‍ട്ടില്‍ നോക്കി എന്‍റെ സുഹൃത്ത്‌ പറഞ്ഞതാണല്ലോ..!!”

“ഇനി SE1 ആണോ..? എക്സ്ട്രാ കോച്ച്..?”
ടിടി ചോദിച്ചു..

“ചിലപ്പോള്‍ ആയിരിക്കും.. കേട്ടത് തെറ്റിയതാവാനും സാധ്യത ഉണ്ട്..
സാര്‍ അതിന്‍റെ ചാര്‍ട്ടില്‍ ഒന്ന് നോക്കാമോ..?”

“പേരെന്താണെന്നാണ് പറഞ്ഞത്‌..?
ദിലീപ്‌ രാജ് അല്ലെ..?”

“അതേ സാര്‍..!!”
“യെസ്.. SE1, 59 ദിലീപ്‌ രാജ് ആണ്..!!”

എന്‍റെ ശ്വാസം നേരെ വീണു..
“സാര്‍.. ഈ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാമോ..?”

SE1 പുറകിലാണ്.. അവിടെ വേറെ ടി ടി കേറിയിട്ടുണ്ട്..
അദ്ദേഹത്തെ കൊണ്ട് കണ്‍ഫേം ചെയ്യിക്കണം..!!”
ഇത്രേം പറഞ്ഞു അങ്ങേരു പോയി..

ഞാന്‍ അവിടെ നിന്നും എണീറ്റ്‌ SE1 തിരഞ്ഞു നടന്നു..
എല്ലാ സ്ലീപെര്‍ കോച്ചുകളും ഞാന്‍ ചെന്നു നോക്കി..
അവിടെങ്ങും SE1 കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല..!!

തിരിച്ച് S1ല്‍ തന്നെ എത്തിയപ്പോള്‍ ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു..
SE1 തിരഞ്ഞു നടക്കുവാല്ലേ..!! എന്‍റെ പേര് ശ്രീജേഷ്‌.. ഞാനും SE1ലേക്കാ..!!
അതങ്ങു ഏറ്റവും പുറകിലാ.. ജനറല്‍ കമ്പാര്‍ടുമെന്ടിന്റെം പുറകില്‍..
അടുത്ത സ്റ്റേഷനില്‍ നിന്നും ഇറങ്ങി കേറണം..!!”

“ഡെസ്പ്..!!”
അറിയാതെ ഞാന്‍ പറഞ്ഞു പോയി..
“അടുത്ത സ്റ്റേഷന്‍ ഏതാ..?”

“ധര്‍മപുരി..!!”

“ശ്രീജേഷ്‌ എങ്ങോട്ടാ..?”

“കണ്ണൂര്‍..!! പേരു പറഞ്ഞില്ല..!!”

“സോറി.. എന്‍റെ പേരു ദിലീപ്‌.. ഞാന്‍ കുറ്റിപ്പുറം വരെയേ ഉള്ളൂ..!!”

അങ്ങനെ അടുത്ത സ്റ്റേഷന്‍ എത്തുന്നതു വരെ അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
അവന്‍റെ കയ്യില്‍ ഒരു ട്രോള്ളി അടക്കം വല്ല്യ ലഗ്ഗേജ് ആണുണ്ടായിരുന്നത്..
നിന്നു മടുത്തപ്പോള്‍ അലക്കാന്‍ വച്ചിരുന്ന ബെഡ്ഷീറ്റും വിരിച്ചു ഞങ്ങള്‍ നിലത്തിരുന്നു..
അങ്ങനെ ഒരു 11.30 p.mനോടടുത്ത്‌ ട്രെയിന്‍ ധര്‍മപുരി എത്തി..

ഞങ്ങള്‍ അടഞ്ഞു കിടന്നിരുന്ന ഡോര്‍ തുറന്നു പിറകിലേക്ക്‌ കഴിയാവുന്നത്ര വേഗത്തില്‍ നടക്കാന്‍ തുടങ്ങി..
ആ ലഗ്ഗേജ് കൊണ്ട് ഓടാന്‍ പറ്റില്ലായിരുന്നു..
അങ്ങനെ പിറകിലെ എസി കമ്പാര്‍ട്മെന്റുകള്‍ കടന്നു ഞങ്ങള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിനു മുന്നിലൂടെ നടക്കുകയായിരുന്നു..

ട്രെയിന്‍ ചലിച്ചു തുടങ്ങി..
പിന്നെ നിവൃത്തിയില്ല..!! നേരെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കേറി..
അവിടെ ആണേല്‍ നില്‍ക്കാന്‍ തന്നെ കഷ്ടി സ്ഥലം..
അങ്ങനെ ഞങ്ങള്‍ സേലം വരെ ഒരു വിധത്തില്‍ നിന്നു പോന്നു..
സേലത്ത് എത്തിയപ്പോള്‍ ഇറങ്ങി ഞങ്ങള്‍ SE1ല്‍ കയറിപ്പറ്റി..!!
നേരെ ടിക്കറ്റും കൊണ്ട് ടിടിയെ കണ്ടു..

അങ്ങേരു ടിക്കറ്റ്‌ എടുത്തു നോക്കി..
“നിങ്ങള്‍ കയറേണ്ടിയിരുന്നത് ഹോസുരില്‍ നിന്നാണ്..
സേലത്ത് നിന്നല്ല..!!”
എന്നിട്ട് ചാര്‍ട്ടില്‍ നോക്കി പറഞ്ഞു..
“ഈ ബര്‍ത്തുകള്‍ സേലത്ത് ഇറങ്ങിയ ടിടി വേറെ ആളുകള്‍ക്ക് കൊടുത്തു..

“സാര്‍.. ഞങ്ങള്‍ ഹോസുരില്‍ നിന്ന് തന്നെയാ കയറിയത്..
ഈ ബോഗി ഐസോലേറ്റട് ആയതോണ്ട് പറ്റിയതാ...!!
ധര്‍മപുരിയില്‍ നിന്നും മാറിക്കേറാന്‍ നോക്കിയപ്പോഴേക്കും വീണ്ടും വണ്ടി എടുത്തു..!!
ഞങ്ങള്‍ എന്തു ചെയ്യും..!!”

ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ട ടിടി പറഞ്ഞു..
“ട്രെയിന്‍ ഫുള്‍ ആണ്..
നിങ്ങള്‍ക്ക്‌ ഒരു സൈഡ് ലോവേര്‍ തരാം..
രണ്ടു പേര്‍ക്കും ഇരുന്നു പോകാം..!!”

അത്രയെങ്കിലും ആവട്ടെ എന്ന് ഞങ്ങള്‍ വിചാരിച്ചു..
അങ്ങനെ മുഖാമുഖം നോക്കി ഒന്നും മിണ്ടാതെ ഞങ്ങള്‍ ഇരുന്നു..
ഈറോഡ് ജംഷന്‍ കഴിഞ്ഞു.. കോയമ്പത്തൂര്‍ കഴിഞ്ഞു..
ഞാന്‍ സ്റ്റേഷന്‍ എണ്ണിക്കോണ്ട് ഇരിക്കുവാരുന്നു..

അങ്ങനെ പാലക്കാട് എത്തിയപ്പോള്‍ അടുത്തുള്ള ബര്‍ത്തുകളില്‍ കിടന്നുറങ്ങിയിരുന്ന ഫാമിലി ഇറങ്ങി..
ശ്രീജേഷ്‌ അവിടെ പോയി കിടന്നു..
വീണ്ടും പുറത്തേക്കു നോക്കിയിരുന്നിരുന്ന എന്നെ നോക്കി അവന്‍ ചോദിച്ചു..
“എന്താ..!! ബെര്‍ത്ത്‌ കിട്ടിയില്ലേ.. കിടന്നുറങ്ങിക്കൂടെ..?”

“ഇനി എന്തിനാ ബെര്‍ത്ത്‌..?
ഇനിയുള്ള രണ്ടാമത്തെ സ്റ്റേഷനില്‍ എനിക്ക് ഇറങ്ങണം..
ഉറങ്ങാന്‍ കിടന്നാ ചിലപ്പോ ക്ഷീണം കൊണ്ട് കണ്ണൂര്‍ എത്തിയാലെ കണ്ണു തുറക്കൂ..!!
ഞാന്‍ ഇവിടെ ഇരുന്നോളാം..!!”

സ്ലീപെര്‍ ടിക്കറ്റും കയ്യില്‍ വച്ച് ബാംഗ്ലൂരില്‍ നിന്നും വീടു വരെ ഉറങ്ങാത്ത യാത്ര..!!
ഞാന്‍ ഓര്‍ത്തു..

“ഹാപ്പി റംസാന്‍..!!”

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ഒരു ശിശിരകാല യാത്രാക്കുറിപ്പ്..!!


2010 ജനുവരി 1 വെള്ളിയാഴ്ച..
ജപ്പാനിലെ നഗോയക്കടുത്തെ കൊസോജി എന്ന ഗ്രാമം..
നമ്മുടെ ഭാഷയില്‍ ചെറുപട്ടണം..
ഞങ്ങള്‍ക്ക്‌ സില്‍വര്‍ വീക്ക്‌ നടക്കുകയാണ്..
അതായത് പുതുവത്സരവും രാജാവിന്‍റെ പിറന്നാളും എല്ലാം പ്രമാണിച്ച് കുറെ അവധികള്‍ ഒരുമിച്ച് കിട്ടിയ അവസരം..
ഹക്കോ അപ്പാര്‍ട്ട്മെന്റില്‍ രണ്ടു നിലകളിലായി നാലു ജന്മങ്ങള്‍..
ഘോഷും നിഷാന്തും ഡയസും പിന്നെ ഞാനും..
പുതുവത്സരാഘോഷം കഴിഞ്ഞു വെളുപ്പിനാണ് ഞങ്ങള്‍ നാലുപേരും വീട്ടിലേക്ക്‌ വന്നത്..
ശിശിരം അതിന്‍റെ ഔന്നത്യത്തില്‍ നില്‍ക്കുന്നു..
വീടുകളെയും നിരനിരയായി കിടക്കുന്ന വാഹനങ്ങളെയും മഞ്ഞു വെണ്‍പട്ട പുതച്ചിരിക്കുന്നു..
ഞങ്ങളുടെ സൈക്കിള്‍ ഷെഡില്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ വീട്ടില്‍ കയറി..
ഉറക്കക്ഷീണവും അതി ശൈത്യത്തിന്‍റെ നീറ്റലും ഞങ്ങളുടെ മുഖത്ത് നിഴലിച്ചിരുന്നു..
“അളിയാ..!! ഇനിയും മൂന്ന് ദിവസങ്ങള്‍ ബാക്കി ഉണ്ട്.. നമുക്കെങ്ങോട്ടെങ്കിലും കറങ്ങാന്‍ പോയാലോ..?”
നിഷാന്ത്‌ ചോദിച്ചു..
“നിങ്ങള്‍ പോയി വരൂ..!! ഞാന്‍ ഇനി എങ്ങോട്ടുമില്ല..!!”
സ്ഥിരം ഒഴുക്കന്‍ മട്ടില്‍ ഡയസ് പറഞ്ഞൊഴിഞ്ഞു..
“എന്നാ വാ നമുക്കെങ്ങോട്ടെലും പോകാം..!!”
ഞാന്‍ നിഷാന്തിനെ പിന്താങ്ങി..
“എങ്ങോട്ട് പോകും..? അതും ഒരു പ്ലാനും ഇല്ലാതെ..?”
ഘോഷ്‌ ചോദിച്ചു..
“എന്നാ നമുക്ക്‌ ക്യോടോ പോയാലോ..
അല്ലേല്‍ ഒസാക്ക പോകാം..!!”
എനിക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്ന രണ്ടു സ്ഥലങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിച്ചു..
“ഒന്നു പോടോ..!! അതൊക്കെ എല്ലാരും പോകുന്ന സ്ഥലങ്ങളാ..
നമ്മള്‍ ഈ പുതുവര്‍ഷത്തില്‍ ഏതേലും പുതുമയുള്ള സ്ഥലത്ത് പോണ്ടേ..!!”
നിഷാന്ത്‌ എന്നെ കളിയാക്കി..
“എന്നാ ഇങ്ങേരു പറ..!! എവിടെപ്പോകും..?”
ഞാന്‍ ആകാംക്ഷയോടെ ഇരുവരെയും മുഖത്തേക്ക് നോക്കി..
“വാ..!! ഗൂഗിള്‍ തന്നെ ശരണം..!!”
ഘോഷിന്‍റെ കൂര്‍മബുദ്ധി പ്രവര്‍ത്തിച്ചു..
ഞങ്ങള്‍ അങ്ങനെ ഗൂഗിള്‍ എടുത്ത് കുറെ സ്ഥലങ്ങളെ പറ്റി പഠിച്ചു..
കൂട്ടത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് “ഇസു പെനിന്‍സുല” ആയിരുന്നു..
പക്ഷെ അതില്‍ ഉള്‍പെട്ട എല്ലാ സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാവുന്നതായിരുന്നു..
ബാക്കി രണ്ടു ദിവസം എന്തു ചെയ്യുമെന്നായി അടുത്ത ആലോചന..
നിഷാന്ത്‌ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു..
“ഇങ്ങേരുടെ ആഗ്രഹമല്ലേ ക്യോടോ പോകാന്‍..!!
ഇന്ന് ഇസുവിനു പോയി നാളേം മറ്റന്നാളും ക്യോടോയില്‍ പോയി അടിച്ചു പൊളിക്കാം... ഓകേ..?
ഓക്കേ..!!”
ഇരട്ടിമധുരം കഴിച്ച പോലെയാണെനിക്ക് തോന്നിയത്‌..
ഉടന്‍ തന്നെ ഹൈപെര്‍ഡിയ വെബ്സൈറ്റ് എടുത്ത് ഞങ്ങള്‍ പോകേണ്ട വഴിയും ട്രെയിനുകളും നിശ്ചയിച്ചു..
സമയം ഏതാണ്ട് എട്ടു മണിയോടടുത്തിരുന്നു..
“ശരി.. നമുക്ക്‌ ഇന്നലത്തെ പാര്‍ട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ വൈകിട്ട് എട്ടു മണി വരെ സമയമുണ്ട്.. ഒപെരെഷന്‍ ഇസുവിനു ഇനി കൃത്യം പന്ത്രണ്ടു മണിക്കൂര്‍..!!”
ഞങ്ങള്‍ പോയി കിടന്നുറങ്ങി..
വൈകിട്ട് എട്ടു മണിയോടടുത്തു ക്യാമറകളും കെട്ടി പെറുക്കി ഞങ്ങള്‍ സൈക്കിളില്‍ കൊസോജി സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി..
അടുത്തുള്ള തടാകത്തിന്റെ സൈഡില്‍ സൈക്കിളുകള്‍ പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ കൊസോജി സ്റ്റേഷനില്‍ നിന്നും ആദ്യ ട്രെയിന്‍ പിടിച്ച് ഏകദേശം ഒന്‍പതു മണിയോടടുപ്പിച്ച് നഗോയയില്‍ എത്തി..
വെബ്‌സൈറ്റില്‍ കണ്ട ട്രെയിനിനു ബുക്ക്‌ ചെയ്യാന്‍ ഞങ്ങള്‍ റിസര്‍വേഷന്‍ കൌണ്ടറില്‍ ചെന്നു..
ഞങ്ങളുടെ ജാപ്പനീസ് നിഖണ്ടുവായ ഘോഷിനെ ആ ദൌത്യം ഏല്‍പ്പിച്ചു ഞാനും നിഷാന്തും അതിലൂടെ പോയിരുന്ന ജാപ്പനീസ് സുന്ദരിമാരുടെ കണക്കെടുത്തു..!!
കുറച്ചു നേരം കഴിഞ്ഞു വിഷാദ മുഖവുമായി വന്ന ഘോഷിനോട് എന്തു പറ്റിയെന്നു ഞങ്ങള്‍ ആരാഞ്ഞു..
“അളിയാ..!! ആ ട്രെയിനിനു നഗോയയില്‍ സ്റ്റോപ്പ്‌ ഉണ്ടെന്നേ ഉള്ളൂ..
റിസര്‍വേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന്..
പക്ഷെ ഒന്നുണ്ട്.. ട്രെയിന്‍ കയറീട്ടാണെലും റിസര്‍വേഷന്‍ ചെയ്താ മതി..!!”
“അങ്ങനാണേല്‍ നമ്മള്‍ നേരെ അങ്ങ് നോര്‍മല്‍ ടിക്കറ്റ്‌ എടുത്തു കേറി വണ്ടീന്ന് റിസര്‍വേഷന്‍ ഒപ്പിച്ചാ പോരെടാ മണ്ടാ..!!”
ഒരുത്തനെ കളിയാക്കാന്‍ കിട്ടിയ അവസരം ഞാന്‍ കളഞ്ഞില്ല..
“പോടാ പൊട്ടാ..!! അതിനതില്‍ സീറ്റ്‌ ഒഴിവുണ്ടെങ്കിലല്ലേ നടക്കൂ..!!
അങ്ങേരു പറഞ്ഞത്‌ അതില്‍ സീറ്റ്‌ ഒഴിവുണ്ടാവാന്‍ ചാന്‍സ് ഇല്ലെന്നാ..!!
ഹമാമത്സുവില്‍ എത്തിയാല്‍ വേറെ ട്രെയിന്‍ കിട്ടുമെന്ന്..!!”
"തുടക്കത്തില്‍ തന്നെ ശകുനപ്പിഴയാണല്ലോ..!!"
ഞാന്‍ ഓര്‍ത്തു..

“ശരി..!! എന്നാ നമ്മള്‍ ഹമാമത്സു പോകുന്നു..
അവിടെ നിന്നും അടുത്ത ട്രെയിന്‍ പിടിച്ച് നുമാസുവിന്..!! ഓക്കേ..?”
നിഷാന്ത്‌ തീരുമാനത്തിലെത്തി.
അങ്ങനെ ഞങ്ങള്‍ ഏതാണ്ടൊരു പതിനൊന്നര മണിയോടടുപ്പിച്ച് ഹമാമാത്സുവിലെത്തി..

ടിക്കറ്റ്‌ എടുത്ത് ട്രെയിന്‍ ലിസ്റ്റ് നോക്കിയപ്പോള്‍ ഇതാ കിടക്കുന്നു ഞങ്ങള്‍ ബുക്ക്‌ ചെയ്യണമെന്നോര്‍ത്ത ട്രെയിന്‍..
ചുമ്മാ ഒരു പരീക്ഷണം പോലെ ആ ട്രെയിനില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
സ്റ്റേഷന്‍ മാസ്റ്ററുടെ മുന്‍വിധി തെറ്റായിരുന്നുവെന്ന് തെളിയിച്ചു കൊണ്ട് അതില്‍ ഒരുപാട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു..
അങ്ങനെ സുഖകരമായ യാത്രക്ക് ശേഷം ഞങ്ങള്‍ പുലര്‍ച്ചെ ഏതാണ്ടൊരു നാലു മണിയോടടുത് നുമാസു സ്റ്റേഷനില്‍ ഇറങ്ങി..
അടാമി സ്റ്റേഷനിലേക്ക് ഇനി അഞ്ചു മണിക്കേ വണ്ടിയുള്ളൂ..
കിട്ടിയ ഒരു മണിക്കൂര്‍ വെറുതെ കളയണ്ടാ എന്നോര്‍ത്ത് ഞങ്ങള്‍ അടുത്ത് കണ്ട ലോസണ്‍ സ്റ്റോറില്‍ കയറി..
അവിടെ തുറന്നു കണ്ട ഏക കട..!!
ഷോപ്പിംഗ്‌ എന്ന വ്യാജേന അതിനകത്ത് കയറിപ്പറ്റിയ ഞങ്ങള്‍ പ്രഭാതകര്‍മങ്ങള്‍ എല്ലാം നിര്‍വഹിച്ചു..
അതിനു മറുസഹായമെന്ന നിലയില്‍ ഞങ്ങളെല്ലാം ഓരോ സാന്റ്വിച്ചും കോഫിയും വാങ്ങി..
അതും കഴിച്ച് ആ തണുപ്പത്ത്‌ ഞങ്ങള്‍ അഞ്ചു മണി വരെ കഴിച്ചുകൂട്ടി..

ഏതാണ്ടൊരു ഏഴു മണിയോടടുപ്പിച്ച് ഞങ്ങള്‍ അടാമി സ്റ്റേഷനില്‍ എത്തി..
നല്ല പ്രകൃതി രമണീയമായ സ്റ്റേഷന്‍.. തുടക്കം തകര്‍പ്പന്‍..

അവിടെ നിന്നും ഞങ്ങള്‍ ഓരോ ഡെയിലി പാസ്സുകള്‍ ഒപ്പിച്ചു..
ഇനി അതേ റൂട്ടില്‍ എത്ര ട്രെയിന്‍ വേണമെങ്കിലും
കയറാം..
ഞങ്ങളുടെ സ്വപ്നയാത്രക്ക് അവിടെ തുടക്കമായി..
അതിമനോഹരമായ ട്രെയിനുകളാണ് യാത്രക്കുള്ളത്..
ഇരുനില ട്രെയിനുകള്‍ ഉള്‍പ്പടെ..
ഞങ്ങള്‍ ഒരു ട്രെയിനില്‍ കയറി..
പുറം കാഴ്ചകള്‍ കാണാനായി സീറ്റുകള്‍ എല്ലാം ജനലിനു അഭിമുഖമായി സജ്ജീകരിച്ചിരിക്കുന്നു..
ഓരോ സ്റ്റേഷനുകളിലും ഇറങ്ങി അവിടത്തെ മനോഹര കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ട്രെയിനുകള്‍ മാറികയറികൊണ്ടിരുന്നു..
പസിഫിക് മഹാസമുദ്രം നിരനിരയായ മലകളെ പുണര്‍ന്നു നില്‍ക്കുന്നതും പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള തൂക്കു പാലവും ഒന്നിനൊന്നു മെച്ചമെന്ന് പറയാവുന്ന കാഴ്ചകള്‍ ആയിരുന്നു..
ഏറുമാടത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ തടിയില്‍ പണിത ഒരു റെയില്‍വേ സ്റ്റേഷനും കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങളും..
എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെയായിരുന്നു..


എന്തിനധികം പറയുന്നു.. 
ട്രെയിന്‍ യാത്ര പോലും വിസ്മയിപ്പിക്കുന്നതായിരുന്നു..!!
കിലോമീറ്ററുകള്‍ നീളുന്ന തുരങ്കങ്ങളും ഇരു വശങ്ങളിലും പാരക്കെട്ടുകളും ഇടയ്ക്കിടെ കായ്ച്ചു നില്ക്കുന ഓറഞ്ച് മരങ്ങളുമായി പാളങ്ങളങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു..!!
സമയം ഉച്ചയോടടുത്തു..
രാവിലെ നാലുമണിക്ക്‌ കഴിച്ച ഒരു സാന്റ്വിച്ച് ആണ് ആകെ അകത്തെത്തിയത്. 
വയറ്റില്‍ നിന്നും വിശപ്പിന്‍റെ വിളി വന്നു തുടങ്ങി..
“അളിയാ.. എന്തേലും കഴിക്കണ്ടേ..!!
എനിക്ക് നല്ല വിശപ്പ്‌ ഉണ്ട്..!!”
എന്‍റെ ദീനരോദനം കേട്ട് നിഷാന്ത്‌ പറഞ്ഞു..
“ഇങ്ങേര്‍ക്ക് ഫുള്‍ ടൈം തീറ്റയാണല്ലോ..!!
നമുക്ക്‌ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി വല്ലതും കഴിക്കാം..
പിന്നെ മിണ്ടാതിരുന്നോണം..!!”
ഇതു കേട്ട ഘോഷ് കിടുകിടാ ചിരി തുടങ്ങി..
അങ്ങനെ ഞങ്ങള്‍ അടുത്ത സ്റ്റേഷനില്‍ ചാടി ഇറങ്ങി..
അവിടെ എല്ലാം തിരക്കിയെങ്കിലും ഒരു പെട്ടിക്കട പോലും കാണാനൊത്തില്ല..
പിന്നീടുള്ള ഞങ്ങളുടെ യാത്രാ ലക്ഷ്യം പ്രകൃതി ആസ്വാദനം ആയിരുന്നില്ല..
ഒരു റെസ്റൊരെന്റ്റ്‌ കണ്ടെത്തുക എന്നതായിരുന്നു..
വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട് ഹോട്ടലിന്റെ പടം വരുന്നതും നോക്കി ഇരുവശത്തേക്കും കണ്ണുകളെറിഞ്ഞു ഞങ്ങള്‍ ഇരുന്നു..
പിന്നെ വണ്ടി നിര്‍ത്തിയ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങി ഞങ്ങള്‍ അരിച്ചു പെറുക്കി..
എവിടെയും ഒരു ഹോട്ടലിന്റെ ലക്ഷണം പോലുമില്ലായിരുന്നു..
എന്നെ പുച്ച്ചിച്ചു തള്ളിയിരുന്നവരുടെ മുഖഭാവവും മാറിത്തുടങ്ങി..
അങ്ങനെ ഞങ്ങള്‍ വൈകിട്ട് നാലുമണിയോടെ ആ റൂട്ടിലെ അവസാന സ്റ്റേഷന്‍ ആയ ഷിമോധ എത്തി..!!
ആ പാസ്സിന്റെ കാലാവധി അവിടെ തീര്‍ന്നു..
ഞങ്ങള്‍ ആകെ അവശരായിരുന്നു..
അങ്ങനെ സ്വയം ശപിച്ചുകൊണ്ട് സ്റ്റേഷനു പുറത്തേക്കു കടന്ന ഞങ്ങളുടെ മുന്നില്‍ അതാ ദൈവത്തിന്‍റെ സന്ദേശം പോലൊരു ബോര്‍ഡ്‌..
“മക്‌ഡോണാള്‍ട്സ്..!!”
അതുവരെ ഉണ്ടായിരുന്ന അവശത എല്ലാം മറന്ന നിമിഷമായിരുന്നു അത്..
അവിടെ ഓടി കേറി ഞങ്ങള്‍ എന്തൊക്കെയോ വാരി വലിച്ചു തിന്നു..
അങ്ങനെ വിശപ്പ്‌ മാറ്റി ധോഗാഷിമയിലെക്ക് വെച്ച്‌ പിടിച്ചു..
ഇത്തവണ ബസിലായിരുന്നു യാത്ര..!!
പസിഫിക് സമുദ്രത്തില്‍ മൂന്നു പാറക്കൂട്ടങ്ങളും അവിടെ നിന്നും പുറപ്പെടുന്ന ഒരു ബോട്ട് സര്‍വീസും ആയിരുന്നു അവിടത്തെ പ്രത്യേകത..
ആ ബോട്ടില്‍ നമുക്ക്‌ സിനിമയില്‍ ഒക്കെ കാണുന്ന പോലെ പാറക്കെട്ടുകള്‍ക്കടിയിലൂടെ യാത്ര ചെയ്യാം..
ക്യാമറകളില്‍ ഇനി പതിയാന്‍ പോകുന്നതാണ് നമ്മുടെ ട്രിപ്പിന്റെ മുഖമുദ്ര..!!
അവിടെ എടുക്കുന്ന പടം ഓര്‍ക്കുട്ടിനും ഫേസ്ബൂകിനും ആല്‍ബത്തിന് പ്രൊഫൈല്‍ ഫോട്ടോ ആക്കാന്‍ ഞാന്‍ ഉറപ്പിച്ചു..!!
ഞങ്ങള്‍ HX1ഉം D90യും ഒരുക്കി നിര്‍ത്തി..
ഒന്നര മണിക്കൂര്‍ ബസ്‌ യാത്രക്കു ശേഷം ഞങ്ങള്‍ അവിടെ എത്തി..
ഇന്‍റര്‍നെറ്റില്‍ കണ്ട അതേ മനോഹാരിത..!!
പക്ഷെ കടല്‍ ക്ഷോഭിച്ചു കൊണ്ടിരിക്കുന്നു..
തിരമാലകള്‍ നാലാള്‍ പൊക്കത്തില്‍ കരയിലേക്ക് അടിക്കുന്നു..
ഞങ്ങള്‍ ബോട്ടിന്റെ കാര്യം അന്വേഷിക്കാന്‍ ഘോഷിനെ ഏല്‍പ്പിച്ചു..
“അളിയാ ഡസ്പ്..!! വേലിയേറ്റം ആണത്രേ..
ഇന്നിനി ബോട്ട് സര്‍വീസ് ഇല്ലെന്ന്..!!”
ഞങ്ങളുടെ സന്തോഷമെല്ലാം ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലായി..
“അളിയാ.. പത്തു രണ്ടായിരം യെന്‍ ചെലവാക്കി വന്നതല്ലേ..
ഇനി നമുക്ക്‌ സൂര്യാസ്തമയം എങ്കിലും കണ്ടു തിരിച്ചു പോകാം..!!”
നിഷാന്തിന്റെ അടുത്ത ഐഡിയ..
അങ്ങനെ കടലില്‍ സൂര്യന്‍ അസ്തമിക്കുന്നതും കണ്ടു ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ ചെന്നു..
അടുത്ത ബസിനെ പറ്റി അന്വേഷിച്ചു വന്ന ഘോഷിന്‍റെ പരിഹാസച്ചിരി ഇന്നും എനിക്ക് നല്ല ഓര്‍മയുണ്ട്..
ഒരു മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ബസ്‌ ഉള്ളെന്നു കേട്ടതോടെ കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലായി ഞങ്ങള്‍..!!
അങ്ങനെ എല്ലാ ദുരിതങ്ങളും കഴിഞ്ഞു ഞങ്ങള്‍ അടാമി സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ സമയം ഒമ്പത്‌ കഴിഞ്ഞു..
അവിടെ നിന്നും അടുത്ത വണ്ടി പിടിച്ചു ഹമാമത്സുവിലെക്ക്..!!
ഹമാമത്സു എത്തിയപ്പോള്‍ പാതിരാത്രി കഴിഞ്ഞു..
പുറത്ത്‌ ഘോരമായ മഞ്ഞുവര്‍ഷം തുടങ്ങിയിരുന്നു..
ഡിസ്പ്ല ബോര്‍ഡില്‍ അടുത്ത ട്രെയിന്‍ സമയം നോക്കി..
ഞങ്ങള്‍ ഹമാമാത്സുവില്‍ നിന്നും തലേന്നാള്‍ അടാമിക്ക് പോയ അതേ ട്രെയിന്‍ തിരിച്ചു വരുന്നുണ്ട്..
ഒരു മണിക്ക് അതിവിടെ എത്തും..
അന്നത്തെ അവസാന ട്രെയിന്‍.. ഞങ്ങളുടെ കച്ചിത്തുരുമ്പ്..!!
ടിക്കറ്റ്‌ എടുത്ത് ട്രെയിനില്‍ കയറി റിസര്‍വേഷന്‍ ഒപ്പിക്കാമെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ടിക്കെട്ടിംഗ് മെഷീനിന്റെ അടുത്തെത്തി..
അതില്‍ കണ്ട ഡിസ്പ്ല ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു..
“ഇതു പ്രവര്‍ത്തന രഹിതം..!!”
ഞങ്ങള്‍ കാര്യമറിയാന്‍ സ്റ്റേഷന്‍ മാസ്റ്ററിന്റെ അടുത്തെത്തി..
“പന്ത്രണ്ടു മണിക്ക് ശേഷം ട്രെയിന്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല..!!
ആ ട്രെയിനിനു പോകണമെങ്കില്‍ നേരത്തേ ബുക്ക്‌ ചെയ്യണമായിരുന്നു..!!”
ഘോഷിന്‍റെ ആ വിവരണം കേട്ടപ്പോള്‍ ഞങ്ങളുടെ വിഷമം ട്രെയിന്‍ കിട്ടാത്തതിലല്ല, ജപ്പാനിലെ റെയില്‍വേ നിയമങ്ങള്‍ ഓര്‍ത്തായിരുന്നു..
ജപ്പാനില്‍ അവസാന ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ അടക്കും..
ആര്‍ക്കും അകത്ത് പ്രവേശനമില്ല.. പിന്നെ പുലര്‍ച്ചെ ആദ്യ ട്രെയിന്‍ വരേണ്ട സമയമടുക്കുമ്പോഴേ സ്റ്റേഷന്‍ തുറക്കൂ..

അങ്ങനെ ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് തല ചായ്ക്കനൊരിടം തേടി ഞങ്ങള്‍ ഇറങ്ങി..!!
മഞ്ഞു വീഴ്ച്ച കൂടിക്കൊണ്ടേയിരിക്കുന്നു..!!
ഞങ്ങളുടെ പല്ലുകള്‍ കൂട്ടിയടിച്ചു.. ദേഹ൦ കിടുകിടാ വിറച്ചു..!!
ലോഡ്ജിന്റെയോ ഹോട്ടലിന്റെയോ ഒരു ലക്ഷണവും അവിടെ കാണാന്‍ കഴിഞ്ഞില്ല..
അവസാനം ഒരു ഇന്റര്‍നെറ്റ്‌ കഫെ കണ്ടെത്തി..
“ഇനി അവിടെങ്ങാനും കേറി ഇരിക്കാം..
ഈ തണുപ്പത്ത്‌ വേറെ രക്ഷയില്ലളിയാ..!!”
നിഷാന്ത്‌ സ്വല്പം ആധിയോടെ തന്നെ പറഞ്ഞു..
ബ്രൌസിംഗ് എന്ന വ്യാജേന ഞങ്ങള്‍ അവിടെ കയറി ഇരുന്നു..
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അവന്മാര്‍ ഇറക്കി വിട്ടു..
“അവര്‍ക്ക്‌ കഫെ അടക്കണമത്രേ.. ബ്ലഡി ഫൂള്‍സ്..!!”
ഇനി വേറെ മാര്‍ഗമില്ലെന്നു ഞങ്ങള്‍ക്ക് ബോധ്യമായി..!!
അങ്ങനെ റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു..
പൊതു വഴിയാണെങ്കിലും അവര്‍ ആ റോഡ്‌ വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു..
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ റോഡില്‍ കിടന്നുറങ്ങി..
ഉറങ്ങി എന്നു പറയുന്നതിലും ശരി ഉറങ്ങാന്‍ ശ്രമിച്ചു എന്നു പറയുന്നതാവും..
തണുപ്പ് അതി കഠിനമായിരുന്നു..!!
ഞങ്ങള്‍ക്ക്‌ കൂട്ടിനു കുറെ നാടോടികളും ഉണ്ടായിരുന്നു..
തണുപ്പ് കാലിലടിച്ചു രാവിലെ ആയപ്പോഴേക്കും എല്ലാവന്മാര്‍ക്കും പനി പിടിച്ചു.. ശബ്ദവും പോയി..!!
പിറ്റേന്നു രാവിലെ ആദ്യ ട്രെയിനിനു റൂമിലെത്തി..
ബാക്കി രണ്ടു ദിവസങ്ങള്‍ക്ക് പുതിയൊരു പ്ലാന്‍ അപ്പോഴേക്കും ശരിയായിരുന്നു..!!
“ഉള്ള മരുന്നും കഴിച്ചു വീട്ടില്‍ കിടക്കുക..!!”

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

6347 - മംഗലാപുരം എക്സ്പ്രസ്സ്‌,,!!

തിരുവനന്തപുര൦ ജില്ലയിലെ കഴക്കൂട്ടം എന്ന ടൌണ്‍..
മഴക്കാലത്തെ ഒരു വെള്ളിയാഴ്ച..
പത്മനാഭം ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ ചിലരുടെ തല പുകയുന്നു..

അതെ..!! അന്നാണ് ഞങ്ങളുടെ പ്രൊജക്റ്റ്‌ന്‍റെ ആദ്യ ഡെലിവറി..
ഒരു കമ്പ്യൂട്ടറിന്റെ അകത്തു തലയിട്ടിരിക്കുന്ന മുഖം അന്‍സലിന്റെയാണ്..
വേറൊരു കമ്പ്യൂട്ടര്‍നെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഞാനും..
അപ്പുറത്ത് ജൈസും അലക്സും നെട്ടോട്ടമോടുന്നു..
ഉച്ചക്ക് കൊടുക്കാമെന്നു ഏറ്റതായിരുന്നു..
പക്ഷെ സെര്‍വറിന്റെ വേഗതയും ഞങ്ങളുടെ കയ്യിലിരിപ്പും ഒത്തു വന്നപ്പോള്‍ വൈകിട്ടായിട്ടും കൊടുക്കാന്‍ പറ്റിയിട്ടില്ല..
അങ്ങനെ 5:30 p.m  കഴിഞ്ഞു.. കാബുകള്‍ എല്ലാം പോയി..
എനിക്കാണേല്‍ അന്നു വീട്ടിലും പോണം..
പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടായിട്ടൊന്നുമല്ല..
ടിക്കറ്റ്‌ എടുത്തു പോയില്ലേ..!!
വീട്ടില്‍ പോയിട്ടാണേല്‍ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു..
അതുകൊണ്ട് ഞാന്‍ വെപ്രാളം പിടിച്ചു നടക്കുവാണ്‌.. അല്ല ഓടുവാണ്‌..
അങ്ങനെ 6:00 p.m കഴിഞ്ഞപ്പോള്‍ ഒരു വിധത്തില്‍ പണി തീര്‍ന്നു..
അവസാനം ഞാന്‍ ഡെലിവറി ഫോള്‍ഡര്‍ ഉണ്ടാക്കി..
ഞാനും അന്‍സലും കൂടെ വെരിഫൈ ചെയ്തു..
പെട്ടെന്നാണ് ഒരു ഫയലില്‍ തെറ്റ് കാണുന്നത്..
ഉടനെ അത് ശരിയാക്കി സെര്‍വറില്‍ ജോബ്‌ സബ്മിറ്റ് ചെയ്തു..

“നാശം..!! സര്‍വറിനു സ്ലോ ആവാന്‍ കണ്ട നേരം..!!”
എന്‍റെ അരിശം മുഴുവന്‍ ഞാന്‍ കീബോര്‍ഡിനോടു തീര്‍ത്തു..

“അളിയാ ഡെലിവറി സ്ട്രക്ചര്‍ ശരിയാക്കിയിട്ടുണ്ട്..
നമ്മുടെ സ്ക്രിപ്റ്റ്‌ ഓടിച്ചു അതൊന്നു കോപ്പി ചെയ്തു നീ എഫ്‌ടിപിയില്‍ ഇടാവോടാ..!! ഞാന്‍ ഇനീം ഇരുന്നാ ട്രെയിന്‍ അതിന്‍റെ പാട്ടിനു പോകും..!!”
ഞാന്‍ അന്‍സലിനോട് ചോദിച്ചു..

“അളിയാ നീ വിട്ടോടാ..!! ഇതു ഞാന്‍ ഏറ്റു..!!”

അങ്ങനെ സമാധാനമായി ഞാന്‍ എഴുന്നേറ്റു ലഗ്ഗേജും എടുത്ത് വീട്ടിലോട്ട് വെച്ചു പിടിച്ചു..
അങ്ങനെ ഒരു 8:00 p.m ആയപ്പോള്‍ ഞാന്‍ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി..
ഇനി ഒരു 30 മിനുട്ട് കൂടെയുണ്ട് ട്രെയിന്‍ പുറപ്പെടാന്‍..

“എന്നെ പട്ടിണിക്കിടാനാണോ ഉദ്ദേശം..?”
വയറു കിടന്നു വിളി തുടങ്ങി..

നേരെ നടന്നു ആര്യാസില്‍ കയറി..
“ചേട്ടാ..!! ഒരു മസാലദോശയും ഒരു തൈര് വടയും..
ആ.. പിന്നെ ഒരു കാപ്പിയും..!!
പെട്ടെന്ന് വേണേ..!!”

ചേട്ടന്‍ ഇപ്പൊ കൊണ്ടു വരാമെന്നും പറഞ്ഞോണ്ട് അകത്തേക്ക് പോയി..
10 മിനിറ്റ് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല..!!
ഉടനെ പുറത്ത്‌ പേമാരി തുടങ്ങി..!!
സംതൃപ്തിയായി.. ഞാന്‍ ആണേല്‍ ഇന്നു കുടയും എടുത്തില്ല..!!
ട്രെയിന്‍ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി..

അടുത്തു വന്നു ചേട്ടന്‍ പ്രസന്ന വദനനായി നിന്നു..
“സാര്‍..!! തൈരു വട തീര്‍ന്തിരിച്ച്.. സാമ്പാര്‍ വട പോതുമാ..?”

“എതാവത് കൊടുങ്കെ അണ്ണാ..!! ഇപ്പോഴേ ലേറ്റ് ആയിടിച്..!!”

പുള്ളി അകത്തു പോയി 5 മിനുടിനകം മസാലദോശയും സാമ്പാര്‍ വടയും കാപ്പിയുമായി തിരിച്ചെത്തി..
ഞാന്‍ വാച്ചില്‍ ടൈം നോക്കി.. 8:20 p.m..
ഇനി പത്തു മിനിറ്റിനകം റെയില്‍വേ സ്റ്റേഷനില്‍ എത്തിയില്ലേല്‍ പിന്നെ പോകണ്ട..!!
പുറത്തേക്കു നോക്കിയപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു..
അവസാനത്തെ ശ്രമം നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..
5 മിനുട്ടിനകം ഞാന്‍ എല്ലാം കഴിച്ചു തീര്‍ത്തു..
ആക്രാന്തം മൂത്തത് കൊണ്ടോന്നുമല്ല.. അവിടെ ചെലവഴിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു..
അപ്പുറത്തെ ടേബിളില്‍ ഇരുന്നവര്‍ എന്നെ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു..
മറ്റൊരവസരതിലാണേല്‍ അവരുടെ സ്ഥാനത്ത്‌ ഞാനാണേലും വിചാരിച്ചേനെ ഇവനൊന്നും ഭക്ഷണം കണ്ടിട്ടില്ലേ എന്ന്..
കാശും ടിപ്പും കൊടുത്തു ഞാന്‍ കടയില്‍ നിന്നും ചാടിയിറങ്ങി..

“ദൈവമേ..!!”
അറിയാതെ ഞാന്‍ വിളിച്ചു പോയി..
മുട്ടോളം വെള്ളം കിടക്കുന്നു മുന്നില്‍..
ഇനി ഒരു തോണി കൊണ്ടുവന്നു മറുകര പിടിക്കാന്‍ സമയമില്ലല്ലോ എന്നോര്‍ത്തു ഞാന്‍ വ്യസനിച്ചു..
അടുത്ത നിമിഷം ഞാന്‍ പാന്‍റ് മുട്ടോളം മടക്കി വച്ചു അങ്ങു നടന്നു..
അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം 8:28 p.m.
നേരെ മംഗലാപുരം എക്സ്പ്രസ്സ്‌ കിടക്കാറുള്ള മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോര്‍മിലെക്ക് ഓടിച്ചെന്നു..
ട്രെയിന്‍ എടുത്തിട്ടില്ല..!! ഭാഗ്യം..!!
നേരെ ചെന്ന് എന്‍റെ ബോഗി ആയ S6ല്‍ കയറി..
ഓര്‍മ്മ തെറ്റിയിട്ടില്ല.. എന്‍റെ ബെര്‍ത്ത്‌ 41 തന്നെ..
അവിടെ ചെന്നിരുന്നു.. 

തൊട്ടടുത്തിരുന്ന ചേട്ടനോട് ചോദിച്ചു
“ചേട്ടന്‍റെ അപ്പര്‍ ബെര്‍ത്ത്‌ ആണോ..?”

“അല്ല അനിയാ..!! ലോവെര്‍ ബെര്‍ത്ത്‌ ആണ്..!!
സീറ്റ്‌ നമ്പര്‍ 41..”

“അതെങ്ങനാ ചേട്ടാ.. 41 എന്‍റെ ബെര്‍ത്ത്‌ അല്ലെ..!!
ചേട്ടനു തെറ്റിയതായിരിക്കും.. ഒന്നൂടെ നോക്കിക്കേ..!!”
ഞാന്‍ വാദിച്ചു..

“ഞാന്‍ ടിക്കറ്റ്‌ നോക്കീട്ടു തന്നെയാ കേറിയേ..
അനിയന് തെറ്റ് പറ്റിയതായിരിക്കും..!!”

അങ്ങനെ വരാന്‍ വഴിയില്ലല്ലോ.. എനിക്ക് നല്ല ഓര്‍മയുണ്ട്..
ഞാന്‍ എന്‍റെ ടിക്കറ്റ്‌ എടുത്തു നോക്കി..
“അതേ.. ശരിയാണല്ലോ.. എന്‍റെ ബെര്‍ത്ത്‌ 41 തന്നെയാ..!!”
ഞാന്‍ ചേട്ടനോട് കയര്‍ക്കാന്‍ തുടങ്ങി..

“ചേട്ടന്‍റെ ടിക്കറ്റ്‌ ഇങ്ങെടുത്തേ.. ഞാന്‍ ഒന്ന് നോക്കട്ടെ..!!”

ചേട്ടന്‍ ടിക്കറ്റ്‌ എടുത്ത് എന്‍റെ കയ്യില്‍ തന്നു..
“ശ്രീധരന്‍, Age  35, S6  41, ലോവേര്‍ ബെര്‍ത്ത്‌..!!”
ഇതും ശരിയാണല്ലോ..

അപ്പോഴാണ്‌ മുകളിലത്തെ വരി ഞാന്‍ ശ്രദ്ധിച്ചത്..
2660 ഗുരുദേവ്‌ എക്സ്പ്രസ്സ്‌.. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്ക്..!!”
അതും വായിച്ചു ഞാന്‍ ചിരി തുടങ്ങി..

ചേട്ടന്‍ ചോദിച്ചു..
“എന്തിനാ ചിരിക്കുന്നേ..?”

“ചേട്ടാ.. ഇതു വേറെ ട്രെയിനിന്‍റെ ടിക്കറ്റ്‌ ആണ്..
ഇതു 8:30ന്‍റെ മംഗലാപുരം എക്സ്പ്രസ്സാ..!!”

“അനിയാ..!! ഇതു 8:10നു പോകേണ്ടിയിരുന്ന ഗുരുദേവ്‌ എക്സ്പ്രസ്സ്‌ ആണ്..
കേറുമ്പോ ട്രെയിനിന്‍റെ പേരു നോക്കിയിരുന്നോ..?”

ആ ചോദ്യം കേട്ടു സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി..
“ചേട്ടാ.. സാധാരണ ഈ പ്ലാറ്റ്‌ഫോര്‍മില്‍ ഈ സമയത്ത് മംഗലാപുരം എക്സ്പ്രസ്സ്‌ ആണ് കിടക്കാറുള്ളത്‌.. അതു കൊണ്ടാ ഞാന്‍..!!”

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ട്രെയിന്‍ കന്യാകുമാരി ദിശയിലേക്ക് ചലിച്ചു തുടങ്ങിയിരുന്നു..

“ചേട്ടാ..!! ഇനി ഇതെവിടെയാ നിര്‍ത്തുന്നത്‌..?”

എന്‍റെ ദയനീയ ഭാവത്തിലുള്ള ചോദ്യം കേട്ട് ആ ചേട്ടന്‍ ഉള്ളില്‍ ചിരിച്ചു കാണണം.. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ പറഞ്ഞു

“നാഗര്‍കോവില്‍..!!”

“ഈശ്വരാ...!! നാഗര്‍കോവിലോ..!!”
അറിയാതെ ഞാന്‍ ഈശ്വരനെ വിളിച്ചു പോയി..

ഇനി എന്തു ചെയ്യും എന്നു വിചാരിച്ചു നോക്കുമ്പോഴാണ് അപായ ചങ്ങല കണ്ണില്‍ പെട്ടത്..
പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ അതങ്ങു വലിച്ചു..!!
ട്രെയിന്‍ നിരങ്ങി നീങ്ങി ഒരു 100 മീറ്റര്‍ മാറി നിന്നു..
ഞാന്‍ പാളത്തിലേക്ക് ചാടി ഇറങ്ങി..
തിരിഞ്ഞു നടക്കുമ്പോള്‍ ആയിരക്കണക്കിനു കണ്ണുകള്‍ സംശയ ഭാവത്തില്‍ എന്നെ വീക്ഷിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..
ഒന്നും കാണാത്ത ഭാവത്തില്‍ ഞാന്‍ നടന്നു..
തല ഉയര്‍ത്തി ഞാന്‍ നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു അടുത്ത കുരിശ്..!!
ട്രെയിനിന്‍റെ ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിക്കാന്‍ ടി ടി ചാടി ഇറങ്ങിയതാണ്..

“സാര്‍.. ട്രെയിന്‍ മാറിപ്പോയി..
ഞാന്‍ ഇറങ്ങാന്‍ പോയപ്പോഴേക്കും വണ്ടി എടുത്തു..
നിവൃത്തികേടു കൊണ്ട് ചങ്ങല വലിച്ചതാ..!!”

അങ്ങനെ അവിടെയും 100 രൂപ ദക്ഷിണ കൊടുത്ത് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു..
എന്‍റെ ട്രെയിന്‍ പോയിക്കാണും എന്ന വിഷമത്തില്‍ തിരിച്ചു റൂമില്‍ പോകാം എന്നും വിചാരിച്ചു ഞാന്‍ നടന്നു..
സ്റ്റേഷന്‍ അടുക്കാറായപ്പോള്‍ ഒരു വിളംബരം കേട്ടു..

“തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ പോകുന്ന 6347ആം നമ്പര്‍ എക്സ്പ്രസ്സ്‌ 20 മിനിറ്റ് വൈകി ഓടുന്നു.. യാത്രക്കാര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു..!!”