വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ഒരു ശിശിരകാല യാത്രാക്കുറിപ്പ്..!!


2010 ജനുവരി 1 വെള്ളിയാഴ്ച..
ജപ്പാനിലെ നഗോയക്കടുത്തെ കൊസോജി എന്ന ഗ്രാമം..
നമ്മുടെ ഭാഷയില്‍ ചെറുപട്ടണം..
ഞങ്ങള്‍ക്ക്‌ സില്‍വര്‍ വീക്ക്‌ നടക്കുകയാണ്..
അതായത് പുതുവത്സരവും രാജാവിന്‍റെ പിറന്നാളും എല്ലാം പ്രമാണിച്ച് കുറെ അവധികള്‍ ഒരുമിച്ച് കിട്ടിയ അവസരം..
ഹക്കോ അപ്പാര്‍ട്ട്മെന്റില്‍ രണ്ടു നിലകളിലായി നാലു ജന്മങ്ങള്‍..
ഘോഷും നിഷാന്തും ഡയസും പിന്നെ ഞാനും..
പുതുവത്സരാഘോഷം കഴിഞ്ഞു വെളുപ്പിനാണ് ഞങ്ങള്‍ നാലുപേരും വീട്ടിലേക്ക്‌ വന്നത്..
ശിശിരം അതിന്‍റെ ഔന്നത്യത്തില്‍ നില്‍ക്കുന്നു..
വീടുകളെയും നിരനിരയായി കിടക്കുന്ന വാഹനങ്ങളെയും മഞ്ഞു വെണ്‍പട്ട പുതച്ചിരിക്കുന്നു..
ഞങ്ങളുടെ സൈക്കിള്‍ ഷെഡില്‍ പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ വീട്ടില്‍ കയറി..
ഉറക്കക്ഷീണവും അതി ശൈത്യത്തിന്‍റെ നീറ്റലും ഞങ്ങളുടെ മുഖത്ത് നിഴലിച്ചിരുന്നു..
“അളിയാ..!! ഇനിയും മൂന്ന് ദിവസങ്ങള്‍ ബാക്കി ഉണ്ട്.. നമുക്കെങ്ങോട്ടെങ്കിലും കറങ്ങാന്‍ പോയാലോ..?”
നിഷാന്ത്‌ ചോദിച്ചു..
“നിങ്ങള്‍ പോയി വരൂ..!! ഞാന്‍ ഇനി എങ്ങോട്ടുമില്ല..!!”
സ്ഥിരം ഒഴുക്കന്‍ മട്ടില്‍ ഡയസ് പറഞ്ഞൊഴിഞ്ഞു..
“എന്നാ വാ നമുക്കെങ്ങോട്ടെലും പോകാം..!!”
ഞാന്‍ നിഷാന്തിനെ പിന്താങ്ങി..
“എങ്ങോട്ട് പോകും..? അതും ഒരു പ്ലാനും ഇല്ലാതെ..?”
ഘോഷ്‌ ചോദിച്ചു..
“എന്നാ നമുക്ക്‌ ക്യോടോ പോയാലോ..
അല്ലേല്‍ ഒസാക്ക പോകാം..!!”
എനിക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്ന രണ്ടു സ്ഥലങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിച്ചു..
“ഒന്നു പോടോ..!! അതൊക്കെ എല്ലാരും പോകുന്ന സ്ഥലങ്ങളാ..
നമ്മള്‍ ഈ പുതുവര്‍ഷത്തില്‍ ഏതേലും പുതുമയുള്ള സ്ഥലത്ത് പോണ്ടേ..!!”
നിഷാന്ത്‌ എന്നെ കളിയാക്കി..
“എന്നാ ഇങ്ങേരു പറ..!! എവിടെപ്പോകും..?”
ഞാന്‍ ആകാംക്ഷയോടെ ഇരുവരെയും മുഖത്തേക്ക് നോക്കി..
“വാ..!! ഗൂഗിള്‍ തന്നെ ശരണം..!!”
ഘോഷിന്‍റെ കൂര്‍മബുദ്ധി പ്രവര്‍ത്തിച്ചു..
ഞങ്ങള്‍ അങ്ങനെ ഗൂഗിള്‍ എടുത്ത് കുറെ സ്ഥലങ്ങളെ പറ്റി പഠിച്ചു..
കൂട്ടത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് “ഇസു പെനിന്‍സുല” ആയിരുന്നു..
പക്ഷെ അതില്‍ ഉള്‍പെട്ട എല്ലാ സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാവുന്നതായിരുന്നു..
ബാക്കി രണ്ടു ദിവസം എന്തു ചെയ്യുമെന്നായി അടുത്ത ആലോചന..
നിഷാന്ത്‌ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു..
“ഇങ്ങേരുടെ ആഗ്രഹമല്ലേ ക്യോടോ പോകാന്‍..!!
ഇന്ന് ഇസുവിനു പോയി നാളേം മറ്റന്നാളും ക്യോടോയില്‍ പോയി അടിച്ചു പൊളിക്കാം... ഓകേ..?
ഓക്കേ..!!”
ഇരട്ടിമധുരം കഴിച്ച പോലെയാണെനിക്ക് തോന്നിയത്‌..
ഉടന്‍ തന്നെ ഹൈപെര്‍ഡിയ വെബ്സൈറ്റ് എടുത്ത് ഞങ്ങള്‍ പോകേണ്ട വഴിയും ട്രെയിനുകളും നിശ്ചയിച്ചു..
സമയം ഏതാണ്ട് എട്ടു മണിയോടടുത്തിരുന്നു..
“ശരി.. നമുക്ക്‌ ഇന്നലത്തെ പാര്‍ട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ വൈകിട്ട് എട്ടു മണി വരെ സമയമുണ്ട്.. ഒപെരെഷന്‍ ഇസുവിനു ഇനി കൃത്യം പന്ത്രണ്ടു മണിക്കൂര്‍..!!”
ഞങ്ങള്‍ പോയി കിടന്നുറങ്ങി..
വൈകിട്ട് എട്ടു മണിയോടടുത്തു ക്യാമറകളും കെട്ടി പെറുക്കി ഞങ്ങള്‍ സൈക്കിളില്‍ കൊസോജി സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി..
അടുത്തുള്ള തടാകത്തിന്റെ സൈഡില്‍ സൈക്കിളുകള്‍ പാര്‍ക്ക്‌ ചെയ്ത് ഞങ്ങള്‍ കൊസോജി സ്റ്റേഷനില്‍ നിന്നും ആദ്യ ട്രെയിന്‍ പിടിച്ച് ഏകദേശം ഒന്‍പതു മണിയോടടുപ്പിച്ച് നഗോയയില്‍ എത്തി..
വെബ്‌സൈറ്റില്‍ കണ്ട ട്രെയിനിനു ബുക്ക്‌ ചെയ്യാന്‍ ഞങ്ങള്‍ റിസര്‍വേഷന്‍ കൌണ്ടറില്‍ ചെന്നു..
ഞങ്ങളുടെ ജാപ്പനീസ് നിഖണ്ടുവായ ഘോഷിനെ ആ ദൌത്യം ഏല്‍പ്പിച്ചു ഞാനും നിഷാന്തും അതിലൂടെ പോയിരുന്ന ജാപ്പനീസ് സുന്ദരിമാരുടെ കണക്കെടുത്തു..!!
കുറച്ചു നേരം കഴിഞ്ഞു വിഷാദ മുഖവുമായി വന്ന ഘോഷിനോട് എന്തു പറ്റിയെന്നു ഞങ്ങള്‍ ആരാഞ്ഞു..
“അളിയാ..!! ആ ട്രെയിനിനു നഗോയയില്‍ സ്റ്റോപ്പ്‌ ഉണ്ടെന്നേ ഉള്ളൂ..
റിസര്‍വേഷന്‍ ചെയ്യാന്‍ പറ്റില്ലെന്ന്..
പക്ഷെ ഒന്നുണ്ട്.. ട്രെയിന്‍ കയറീട്ടാണെലും റിസര്‍വേഷന്‍ ചെയ്താ മതി..!!”
“അങ്ങനാണേല്‍ നമ്മള്‍ നേരെ അങ്ങ് നോര്‍മല്‍ ടിക്കറ്റ്‌ എടുത്തു കേറി വണ്ടീന്ന് റിസര്‍വേഷന്‍ ഒപ്പിച്ചാ പോരെടാ മണ്ടാ..!!”
ഒരുത്തനെ കളിയാക്കാന്‍ കിട്ടിയ അവസരം ഞാന്‍ കളഞ്ഞില്ല..
“പോടാ പൊട്ടാ..!! അതിനതില്‍ സീറ്റ്‌ ഒഴിവുണ്ടെങ്കിലല്ലേ നടക്കൂ..!!
അങ്ങേരു പറഞ്ഞത്‌ അതില്‍ സീറ്റ്‌ ഒഴിവുണ്ടാവാന്‍ ചാന്‍സ് ഇല്ലെന്നാ..!!
ഹമാമത്സുവില്‍ എത്തിയാല്‍ വേറെ ട്രെയിന്‍ കിട്ടുമെന്ന്..!!”
"തുടക്കത്തില്‍ തന്നെ ശകുനപ്പിഴയാണല്ലോ..!!"
ഞാന്‍ ഓര്‍ത്തു..

“ശരി..!! എന്നാ നമ്മള്‍ ഹമാമത്സു പോകുന്നു..
അവിടെ നിന്നും അടുത്ത ട്രെയിന്‍ പിടിച്ച് നുമാസുവിന്..!! ഓക്കേ..?”
നിഷാന്ത്‌ തീരുമാനത്തിലെത്തി.
അങ്ങനെ ഞങ്ങള്‍ ഏതാണ്ടൊരു പതിനൊന്നര മണിയോടടുപ്പിച്ച് ഹമാമാത്സുവിലെത്തി..

ടിക്കറ്റ്‌ എടുത്ത് ട്രെയിന്‍ ലിസ്റ്റ് നോക്കിയപ്പോള്‍ ഇതാ കിടക്കുന്നു ഞങ്ങള്‍ ബുക്ക്‌ ചെയ്യണമെന്നോര്‍ത്ത ട്രെയിന്‍..
ചുമ്മാ ഒരു പരീക്ഷണം പോലെ ആ ട്രെയിനില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
സ്റ്റേഷന്‍ മാസ്റ്ററുടെ മുന്‍വിധി തെറ്റായിരുന്നുവെന്ന് തെളിയിച്ചു കൊണ്ട് അതില്‍ ഒരുപാട് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു..
അങ്ങനെ സുഖകരമായ യാത്രക്ക് ശേഷം ഞങ്ങള്‍ പുലര്‍ച്ചെ ഏതാണ്ടൊരു നാലു മണിയോടടുത് നുമാസു സ്റ്റേഷനില്‍ ഇറങ്ങി..
അടാമി സ്റ്റേഷനിലേക്ക് ഇനി അഞ്ചു മണിക്കേ വണ്ടിയുള്ളൂ..
കിട്ടിയ ഒരു മണിക്കൂര്‍ വെറുതെ കളയണ്ടാ എന്നോര്‍ത്ത് ഞങ്ങള്‍ അടുത്ത് കണ്ട ലോസണ്‍ സ്റ്റോറില്‍ കയറി..
അവിടെ തുറന്നു കണ്ട ഏക കട..!!
ഷോപ്പിംഗ്‌ എന്ന വ്യാജേന അതിനകത്ത് കയറിപ്പറ്റിയ ഞങ്ങള്‍ പ്രഭാതകര്‍മങ്ങള്‍ എല്ലാം നിര്‍വഹിച്ചു..
അതിനു മറുസഹായമെന്ന നിലയില്‍ ഞങ്ങളെല്ലാം ഓരോ സാന്റ്വിച്ചും കോഫിയും വാങ്ങി..
അതും കഴിച്ച് ആ തണുപ്പത്ത്‌ ഞങ്ങള്‍ അഞ്ചു മണി വരെ കഴിച്ചുകൂട്ടി..

ഏതാണ്ടൊരു ഏഴു മണിയോടടുപ്പിച്ച് ഞങ്ങള്‍ അടാമി സ്റ്റേഷനില്‍ എത്തി..
നല്ല പ്രകൃതി രമണീയമായ സ്റ്റേഷന്‍.. തുടക്കം തകര്‍പ്പന്‍..

അവിടെ നിന്നും ഞങ്ങള്‍ ഓരോ ഡെയിലി പാസ്സുകള്‍ ഒപ്പിച്ചു..
ഇനി അതേ റൂട്ടില്‍ എത്ര ട്രെയിന്‍ വേണമെങ്കിലും
കയറാം..
ഞങ്ങളുടെ സ്വപ്നയാത്രക്ക് അവിടെ തുടക്കമായി..
അതിമനോഹരമായ ട്രെയിനുകളാണ് യാത്രക്കുള്ളത്..
ഇരുനില ട്രെയിനുകള്‍ ഉള്‍പ്പടെ..
ഞങ്ങള്‍ ഒരു ട്രെയിനില്‍ കയറി..
പുറം കാഴ്ചകള്‍ കാണാനായി സീറ്റുകള്‍ എല്ലാം ജനലിനു അഭിമുഖമായി സജ്ജീകരിച്ചിരിക്കുന്നു..
ഓരോ സ്റ്റേഷനുകളിലും ഇറങ്ങി അവിടത്തെ മനോഹര കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ട്രെയിനുകള്‍ മാറികയറികൊണ്ടിരുന്നു..
പസിഫിക് മഹാസമുദ്രം നിരനിരയായ മലകളെ പുണര്‍ന്നു നില്‍ക്കുന്നതും പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള തൂക്കു പാലവും ഒന്നിനൊന്നു മെച്ചമെന്ന് പറയാവുന്ന കാഴ്ചകള്‍ ആയിരുന്നു..
ഏറുമാടത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ തടിയില്‍ പണിത ഒരു റെയില്‍വേ സ്റ്റേഷനും കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങളും..
എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെയായിരുന്നു..


എന്തിനധികം പറയുന്നു.. 
ട്രെയിന്‍ യാത്ര പോലും വിസ്മയിപ്പിക്കുന്നതായിരുന്നു..!!
കിലോമീറ്ററുകള്‍ നീളുന്ന തുരങ്കങ്ങളും ഇരു വശങ്ങളിലും പാരക്കെട്ടുകളും ഇടയ്ക്കിടെ കായ്ച്ചു നില്ക്കുന ഓറഞ്ച് മരങ്ങളുമായി പാളങ്ങളങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു..!!
സമയം ഉച്ചയോടടുത്തു..
രാവിലെ നാലുമണിക്ക്‌ കഴിച്ച ഒരു സാന്റ്വിച്ച് ആണ് ആകെ അകത്തെത്തിയത്. 
വയറ്റില്‍ നിന്നും വിശപ്പിന്‍റെ വിളി വന്നു തുടങ്ങി..
“അളിയാ.. എന്തേലും കഴിക്കണ്ടേ..!!
എനിക്ക് നല്ല വിശപ്പ്‌ ഉണ്ട്..!!”
എന്‍റെ ദീനരോദനം കേട്ട് നിഷാന്ത്‌ പറഞ്ഞു..
“ഇങ്ങേര്‍ക്ക് ഫുള്‍ ടൈം തീറ്റയാണല്ലോ..!!
നമുക്ക്‌ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി വല്ലതും കഴിക്കാം..
പിന്നെ മിണ്ടാതിരുന്നോണം..!!”
ഇതു കേട്ട ഘോഷ് കിടുകിടാ ചിരി തുടങ്ങി..
അങ്ങനെ ഞങ്ങള്‍ അടുത്ത സ്റ്റേഷനില്‍ ചാടി ഇറങ്ങി..
അവിടെ എല്ലാം തിരക്കിയെങ്കിലും ഒരു പെട്ടിക്കട പോലും കാണാനൊത്തില്ല..
പിന്നീടുള്ള ഞങ്ങളുടെ യാത്രാ ലക്ഷ്യം പ്രകൃതി ആസ്വാദനം ആയിരുന്നില്ല..
ഒരു റെസ്റൊരെന്റ്റ്‌ കണ്ടെത്തുക എന്നതായിരുന്നു..
വായിച്ചു മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ട് ഹോട്ടലിന്റെ പടം വരുന്നതും നോക്കി ഇരുവശത്തേക്കും കണ്ണുകളെറിഞ്ഞു ഞങ്ങള്‍ ഇരുന്നു..
പിന്നെ വണ്ടി നിര്‍ത്തിയ എല്ലാ സ്റ്റേഷനുകളിലും ഇറങ്ങി ഞങ്ങള്‍ അരിച്ചു പെറുക്കി..
എവിടെയും ഒരു ഹോട്ടലിന്റെ ലക്ഷണം പോലുമില്ലായിരുന്നു..
എന്നെ പുച്ച്ചിച്ചു തള്ളിയിരുന്നവരുടെ മുഖഭാവവും മാറിത്തുടങ്ങി..
അങ്ങനെ ഞങ്ങള്‍ വൈകിട്ട് നാലുമണിയോടെ ആ റൂട്ടിലെ അവസാന സ്റ്റേഷന്‍ ആയ ഷിമോധ എത്തി..!!
ആ പാസ്സിന്റെ കാലാവധി അവിടെ തീര്‍ന്നു..
ഞങ്ങള്‍ ആകെ അവശരായിരുന്നു..
അങ്ങനെ സ്വയം ശപിച്ചുകൊണ്ട് സ്റ്റേഷനു പുറത്തേക്കു കടന്ന ഞങ്ങളുടെ മുന്നില്‍ അതാ ദൈവത്തിന്‍റെ സന്ദേശം പോലൊരു ബോര്‍ഡ്‌..
“മക്‌ഡോണാള്‍ട്സ്..!!”
അതുവരെ ഉണ്ടായിരുന്ന അവശത എല്ലാം മറന്ന നിമിഷമായിരുന്നു അത്..
അവിടെ ഓടി കേറി ഞങ്ങള്‍ എന്തൊക്കെയോ വാരി വലിച്ചു തിന്നു..
അങ്ങനെ വിശപ്പ്‌ മാറ്റി ധോഗാഷിമയിലെക്ക് വെച്ച്‌ പിടിച്ചു..
ഇത്തവണ ബസിലായിരുന്നു യാത്ര..!!
പസിഫിക് സമുദ്രത്തില്‍ മൂന്നു പാറക്കൂട്ടങ്ങളും അവിടെ നിന്നും പുറപ്പെടുന്ന ഒരു ബോട്ട് സര്‍വീസും ആയിരുന്നു അവിടത്തെ പ്രത്യേകത..
ആ ബോട്ടില്‍ നമുക്ക്‌ സിനിമയില്‍ ഒക്കെ കാണുന്ന പോലെ പാറക്കെട്ടുകള്‍ക്കടിയിലൂടെ യാത്ര ചെയ്യാം..
ക്യാമറകളില്‍ ഇനി പതിയാന്‍ പോകുന്നതാണ് നമ്മുടെ ട്രിപ്പിന്റെ മുഖമുദ്ര..!!
അവിടെ എടുക്കുന്ന പടം ഓര്‍ക്കുട്ടിനും ഫേസ്ബൂകിനും ആല്‍ബത്തിന് പ്രൊഫൈല്‍ ഫോട്ടോ ആക്കാന്‍ ഞാന്‍ ഉറപ്പിച്ചു..!!
ഞങ്ങള്‍ HX1ഉം D90യും ഒരുക്കി നിര്‍ത്തി..
ഒന്നര മണിക്കൂര്‍ ബസ്‌ യാത്രക്കു ശേഷം ഞങ്ങള്‍ അവിടെ എത്തി..
ഇന്‍റര്‍നെറ്റില്‍ കണ്ട അതേ മനോഹാരിത..!!
പക്ഷെ കടല്‍ ക്ഷോഭിച്ചു കൊണ്ടിരിക്കുന്നു..
തിരമാലകള്‍ നാലാള്‍ പൊക്കത്തില്‍ കരയിലേക്ക് അടിക്കുന്നു..
ഞങ്ങള്‍ ബോട്ടിന്റെ കാര്യം അന്വേഷിക്കാന്‍ ഘോഷിനെ ഏല്‍പ്പിച്ചു..
“അളിയാ ഡസ്പ്..!! വേലിയേറ്റം ആണത്രേ..
ഇന്നിനി ബോട്ട് സര്‍വീസ് ഇല്ലെന്ന്..!!”
ഞങ്ങളുടെ സന്തോഷമെല്ലാം ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലായി..
“അളിയാ.. പത്തു രണ്ടായിരം യെന്‍ ചെലവാക്കി വന്നതല്ലേ..
ഇനി നമുക്ക്‌ സൂര്യാസ്തമയം എങ്കിലും കണ്ടു തിരിച്ചു പോകാം..!!”
നിഷാന്തിന്റെ അടുത്ത ഐഡിയ..
അങ്ങനെ കടലില്‍ സൂര്യന്‍ അസ്തമിക്കുന്നതും കണ്ടു ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ ചെന്നു..
അടുത്ത ബസിനെ പറ്റി അന്വേഷിച്ചു വന്ന ഘോഷിന്‍റെ പരിഹാസച്ചിരി ഇന്നും എനിക്ക് നല്ല ഓര്‍മയുണ്ട്..
ഒരു മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ബസ്‌ ഉള്ളെന്നു കേട്ടതോടെ കൂനിന്മേല്‍ കുരു എന്ന അവസ്ഥയിലായി ഞങ്ങള്‍..!!
അങ്ങനെ എല്ലാ ദുരിതങ്ങളും കഴിഞ്ഞു ഞങ്ങള്‍ അടാമി സ്റ്റേഷനില്‍ തിരിച്ചെത്തിയപ്പോള്‍ സമയം ഒമ്പത്‌ കഴിഞ്ഞു..
അവിടെ നിന്നും അടുത്ത വണ്ടി പിടിച്ചു ഹമാമത്സുവിലെക്ക്..!!
ഹമാമത്സു എത്തിയപ്പോള്‍ പാതിരാത്രി കഴിഞ്ഞു..
പുറത്ത്‌ ഘോരമായ മഞ്ഞുവര്‍ഷം തുടങ്ങിയിരുന്നു..
ഡിസ്പ്ല ബോര്‍ഡില്‍ അടുത്ത ട്രെയിന്‍ സമയം നോക്കി..
ഞങ്ങള്‍ ഹമാമാത്സുവില്‍ നിന്നും തലേന്നാള്‍ അടാമിക്ക് പോയ അതേ ട്രെയിന്‍ തിരിച്ചു വരുന്നുണ്ട്..
ഒരു മണിക്ക് അതിവിടെ എത്തും..
അന്നത്തെ അവസാന ട്രെയിന്‍.. ഞങ്ങളുടെ കച്ചിത്തുരുമ്പ്..!!
ടിക്കറ്റ്‌ എടുത്ത് ട്രെയിനില്‍ കയറി റിസര്‍വേഷന്‍ ഒപ്പിക്കാമെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ടിക്കെട്ടിംഗ് മെഷീനിന്റെ അടുത്തെത്തി..
അതില്‍ കണ്ട ഡിസ്പ്ല ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു..
“ഇതു പ്രവര്‍ത്തന രഹിതം..!!”
ഞങ്ങള്‍ കാര്യമറിയാന്‍ സ്റ്റേഷന്‍ മാസ്റ്ററിന്റെ അടുത്തെത്തി..
“പന്ത്രണ്ടു മണിക്ക് ശേഷം ട്രെയിന്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല..!!
ആ ട്രെയിനിനു പോകണമെങ്കില്‍ നേരത്തേ ബുക്ക്‌ ചെയ്യണമായിരുന്നു..!!”
ഘോഷിന്‍റെ ആ വിവരണം കേട്ടപ്പോള്‍ ഞങ്ങളുടെ വിഷമം ട്രെയിന്‍ കിട്ടാത്തതിലല്ല, ജപ്പാനിലെ റെയില്‍വേ നിയമങ്ങള്‍ ഓര്‍ത്തായിരുന്നു..
ജപ്പാനില്‍ അവസാന ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ അടക്കും..
ആര്‍ക്കും അകത്ത് പ്രവേശനമില്ല.. പിന്നെ പുലര്‍ച്ചെ ആദ്യ ട്രെയിന്‍ വരേണ്ട സമയമടുക്കുമ്പോഴേ സ്റ്റേഷന്‍ തുറക്കൂ..

അങ്ങനെ ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് തല ചായ്ക്കനൊരിടം തേടി ഞങ്ങള്‍ ഇറങ്ങി..!!
മഞ്ഞു വീഴ്ച്ച കൂടിക്കൊണ്ടേയിരിക്കുന്നു..!!
ഞങ്ങളുടെ പല്ലുകള്‍ കൂട്ടിയടിച്ചു.. ദേഹ൦ കിടുകിടാ വിറച്ചു..!!
ലോഡ്ജിന്റെയോ ഹോട്ടലിന്റെയോ ഒരു ലക്ഷണവും അവിടെ കാണാന്‍ കഴിഞ്ഞില്ല..
അവസാനം ഒരു ഇന്റര്‍നെറ്റ്‌ കഫെ കണ്ടെത്തി..
“ഇനി അവിടെങ്ങാനും കേറി ഇരിക്കാം..
ഈ തണുപ്പത്ത്‌ വേറെ രക്ഷയില്ലളിയാ..!!”
നിഷാന്ത്‌ സ്വല്പം ആധിയോടെ തന്നെ പറഞ്ഞു..
ബ്രൌസിംഗ് എന്ന വ്യാജേന ഞങ്ങള്‍ അവിടെ കയറി ഇരുന്നു..
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ അവന്മാര്‍ ഇറക്കി വിട്ടു..
“അവര്‍ക്ക്‌ കഫെ അടക്കണമത്രേ.. ബ്ലഡി ഫൂള്‍സ്..!!”
ഇനി വേറെ മാര്‍ഗമില്ലെന്നു ഞങ്ങള്‍ക്ക് ബോധ്യമായി..!!
അങ്ങനെ റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു..
പൊതു വഴിയാണെങ്കിലും അവര്‍ ആ റോഡ്‌ വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു..
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞങ്ങള്‍ റോഡില്‍ കിടന്നുറങ്ങി..
ഉറങ്ങി എന്നു പറയുന്നതിലും ശരി ഉറങ്ങാന്‍ ശ്രമിച്ചു എന്നു പറയുന്നതാവും..
തണുപ്പ് അതി കഠിനമായിരുന്നു..!!
ഞങ്ങള്‍ക്ക്‌ കൂട്ടിനു കുറെ നാടോടികളും ഉണ്ടായിരുന്നു..
തണുപ്പ് കാലിലടിച്ചു രാവിലെ ആയപ്പോഴേക്കും എല്ലാവന്മാര്‍ക്കും പനി പിടിച്ചു.. ശബ്ദവും പോയി..!!
പിറ്റേന്നു രാവിലെ ആദ്യ ട്രെയിനിനു റൂമിലെത്തി..
ബാക്കി രണ്ടു ദിവസങ്ങള്‍ക്ക് പുതിയൊരു പ്ലാന്‍ അപ്പോഴേക്കും ശരിയായിരുന്നു..!!
“ഉള്ള മരുന്നും കഴിച്ചു വീട്ടില്‍ കിടക്കുക..!!”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ