ബുധനാഴ്‌ച, ഓഗസ്റ്റ് 31, 2011

ഹാപ്പി റംസാന്‍..!!


ഇന്ന് ദിവസം ഓഗസ്റ്റ്‌ 29 തിങ്കളാഴ്ച..

ഓഫീസില്‍ ഫേസ്ബുക്കും നോക്കിയിരുന്ന എന്റടുത്ത്‌ വന്നു ശ്രീനാഥ് ചോദിച്ചു..
“എടാ ദിലീപേ നീ നാളെ വീട്ടില്‍ പോണുണ്ടോ..?”

“എന്താ അങ്ങനെ ചോദിക്കാന്‍.. എപ്പോ അവധി കിട്ടിയാലും ഞാന്‍ നാട്ടില്‍ തന്നെയല്ലേ.. :)

“അല്ല..!!  നിനക്കല്ലേ ലീവ് ഒന്നും ബാക്കിയില്ലെന്നു പറഞ്ഞത്‌.. റംസാന് പോവാണേല്‍ വെള്ളിയാഴ്ച ലീവ് എടുക്കണ്ടേ..?”

“എന്തേലും വഴി കാണും.. അല്ലേല്‍ അന്നെനിക്ക് പനി പിടിക്കും..!! ഹി ഹി..”

അതും പറഞ്ഞിരിക്കുമ്പോള്‍ അതാ ഓഫീസ് മെയിലില്‍ ആ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഇമെയില്‍ സന്ദേശം..
ഞാന്‍ ഹാപ്പി ആയി..

“അളിയാ.. നാളെ പോയാല്‍ പിന്നെ അഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു വന്നാ മതിയല്ലോ..
വീടു മാറുന്നതും ഞങ്ങള്‍ അതിനനുസരിച്ചാ പ്ലാന്‍ ചെയ്തെക്കണേ..
രണ്ടു ദിവസങ്ങതേക്ക് ഉപയോഗിക്കാന്‍ വേണ്ട സാധനങ്ങളും പിന്നെ കുറെ അലക്കാനുള്ള വസ്ത്രങ്ങളും ഒഴിച്ച് ഒരു വിധം സാധനങ്ങളെല്ലാം ഞങ്ങള്‍ പുതിയ വീട്ടിലേക്ക്‌ മാറ്റി..
എന്താ നിന്‍റെ വീകെന്റ്റ്‌ പ്ലാന്‍..?”
ഞാന്‍ ചോദിച്ചു..

“നിനക്കറിയാമല്ലോ.. !! ഒത്തിരി പരിപാടികള്‍ ചെയ്തു തീര്‍ക്കാനുണ്ട്..
കല്യാണ നിശ്ചയം ഇങ്ങടുത്തില്ലേ..!!
ഷോപ്പിംഗ്‌ കഴിയുമ്പോ തന്നെ എന്‍റെ പോക്കറ്റ്‌ കാലിയാവുന്ന ലക്ഷണമുണ്ട്..!!”
ശ്രീനാഥ് നെടുവീര്‍പ്പിട്ടു..

“കൊണ്ട് പോകാന്‍ എനിക്കൊത്തിരി ലഗ്ഗേജ് ഉണ്ട്..
അതും എടുത്തോണ്ട് ഓഫീസില്‍ വരാന്‍ വയ്യ..!!
അതുകൊണ്ട് നാളെ അതിരാവിലെ തന്നെ ഓഫീസില്‍ വന്നു ലോഗ് ഒപ്പിച്ചു നേരത്തെ ചാടണം..
വൈകിട്ട് 6 മണിക്ക് മുന്നേ വീടൊഴിഞ്ഞു കൊടുക്കണമത്രേ..!!
ഇന്‍ഫോസിസിലെ കുറെ മലയാളി പെണ്‍പിള്ളേര്‍ പുതിയ താമസക്കാരായി വരുന്നെന്ന്‍..”

“എത്ര പേരുണ്ട്‌..?” ശ്രീനാഥ് ചോദിച്ചു..

“എഴെട്ടെണ്ണം ഉണ്ടെന്നാ കേട്ടെ..!!”

“ഹ ഹ.. ആ കുടുസു വീട്ടില്‍ എട്ടു പേരോ..?
അവര്‍ കുറച്ചു കഷ്ടപ്പെടും..!!”
ഞാനും ശ്രീനാഥിന്‍റെ ചിരിയില്‍ പങ്കുചേര്‍ന്നു..

അങ്ങനെ ചൊവ്വാഴ്ച നേരം പുലരുന്നതിനു മുന്‍പേ ഞാന്‍ എണീറ്റ്‌ കുളിച്ചു റെഡി ആയി ഓഫീസില്‍ എത്തി..
യാത്രകള്‍ക്ക് ഉള്ള ടിക്കറ്റ്‌ എല്ലാം പ്രിന്‍റ് എടുത്തു..
വേറെ പണിയൊന്നും ചെയ്യാനില്ലാത്തതിനാല്‍ കുറെ നേരം ഫേസ്ബുക്കും തുറന്നങ്ങിനെ ഇരുന്നു..
ഇന്നാണേല്‍ ഒരുത്തനേം കാണുന്നുമില്ല ഓണ്‍ലൈനില്‍..!!
അങ്ങനെ ഒരു വിധം നാലു മണി ഒപ്പിച്ചു ചാടി ഇറങ്ങി..

റൂമില്‍ പോയി ലഗ്ഗേജ് എല്ലാം പായ്ക്ക് ചെയ്തു കുളിച്ചു റെഡി ആയി കീ ഓണര്‍നെ ഏല്‍പ്പിച്ച് ഞാന്‍ ഇറങ്ങി..
ആദര്‍ശ്‌ സാഗറില്‍ കേറി ഒരു മസാല ദോശയും തട്ടി ലഗ്ഗെജും എടുത്ത് ഇലക്ട്രോണിക് സിറ്റി ബസ്‌ സ്റ്റോപ്പില്‍ എത്തി..
അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു..

ബസ്‌സ്റ്റോപ്പില്‍ ഒരു ജനസാഗരം..!!
ഇത്രേം ആള്‍ക്കാര്‍ ഇലക്ട്രോണിക് സിറ്റിയില്‍ താമസിക്കുന്നുണ്ടോന്നു പോലും ഞാന്‍ അതിശയിച്ചു പോയി..
എല്ലാവരും തന്നെ ഹോസുരിലെക്കുള്ള ബസ്‌ കാത്തു നില്‍ക്കുന്നവര്‍..
വീട്ടില്‍ പോകാന്‍ ഒത്തിരി നേരത്തെ ഇറങ്ങിയതോര്‍ത്ത് അപ്പോള്‍ ഞാന്‍ സന്തോഷിച്ചു..
എന്തായാലും ഇത്രേം ലഗ്ഗെജും വച്ചു പോകുമ്പോള്‍ തിരക്കൊഴിഞ്ഞ ബസ്‌ കാത്തുനില്‍ക്കുന്നതാ ബുദ്ധി..!!
അതും വിചാരിച്ചു ആദ്യം വന്ന രണ്ടു മൂന്നു വണ്ടികളില്‍ ഞാന്‍ കയറിയില്ല..
തിരിഞ്ഞു നോക്കിയപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു..
ഇനി നോക്കി നിന്നിട്ട് കാര്യമില്ല.. വരുന്ന ബസ്സിനു കേറുക തന്നെ..
പിന്നീട് വന്ന ബസ്സുകള്‍ ഒന്നും നിര്‍ത്തുന്നില്ല..
ജനക്കൂട്ടം കണ്ടു ഡ്രൈവര്‍മാര്‍ ഭയന്ന് പോയെന്നാണ് എനിക്ക് തോന്നിയത്‌..
ഒരു ബസ്‌ പോലും ബ്രേക്ക്‌ ചവിട്ടാന്‍ തുനിഞ്ഞില്ല..

അങ്ങനെ ജനം ഇളകി..!! വരുന്ന ബസ്സുകളെ മുന്നില്‍ ആള്‍ക്കാര്‍ വട്ടം പിടിച്ചു നിര്‍ത്തിക്കാന്‍ തുടങ്ങി..
ഇലക്ട്രോണിക് സിറ്റി ബസ്‌ സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ജനക്കൂട്ടം ഇപ്പോള്‍ വ്യാപിച്ചു തൊട്ടു മുന്‍പത്തെ സ്റ്റോപ്പിനടുത്തെത്താറായി..
ഞാനും ഓരോ ബസ്സും കേറാന്‍ നോക്കി അങ്ങെത്തിയിരുന്നു..

അവസാനം ഒരു ബസ്സില്‍ കൈയ്യെത്തി..
പക്ഷെ കാലു കുത്താന്‍ പറ്റിയില്ല..
വണ്ടി എടുക്കുകയും ചെയ്തു..
വണ്ടിയില്‍ നിന്നു വീഴാന്‍ പോയ ഞാന്‍ ഒരു വിധത്തില്‍ വീണു വീണില്ല എന്ന രീതിയില്‍ റോഡില്‍ നിന്നു..
ഒരു കയ്യില്‍ വലിയൊരു ബാഗും തൂക്കി പുറം കാല്‍ ആകാശത്തിലേക്ക് ഉയര്‍ത്തി ഒരു കാലില്‍ ബാലന്‍സ് ചെയ്തായിരുന്നു ഞാന്‍ നിന്നത്..
മരുത്വാമലയും കയ്യിലെടുത്തു പറക്കുന്ന ഹനുമാനെപ്പോലെ ഉണ്ടായിരുന്നു എന്‍റെ ആ നില്‍പ്പ്..!!
എന്നെ ആശ്ചര്യത്തോടെ നോക്കുന്നവരെ കാണാത്ത രീതിയില്‍ ഞാന്‍ പുറം തിരിഞ്ഞു നിന്നു..
ബസ്സിന്റെ വാതിലില്‍ കുരുങ്ങി മുറിഞ്ഞ കയ്യില്‍ നിന്നും ചോരവന്നു തുടങ്ങിയിരുന്നു..

അടുത്ത ബസ്‌ വന്നപ്പോള്‍ ഞാന്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ ഇടിച്ചു കേറി..
ബസ്സില്‍ പിടി കിട്ടിയ പലരും എന്‍റെ ലഗ്ഗെജിന്റെ ഇടി കൊണ്ട് തെറിച്ചു പോയി..
പുറകില്‍ നിന്നും നല്ല അസ്സല്‍ തെറി കേള്‍ക്കുന്നുണ്ടായിരുന്നു..
അതെന്നെത്തന്നെ ഉദ്ദേശിച്ചാണ്‌ എന്നും എനിക്ക് മനസ്സിലായി..
അങ്ങനെ ഒരു വിധത്തില്‍ ചവിട്ടു പടിയില്‍ നിന്നുകൊണ്ട് ഹൊസൂര്‍ ബസ്‌ സ്റ്റാന്റ് വരെ എത്തിപ്പെട്ടു..

അവിടെ നിന്നും ഇറങ്ങി ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന് ചോദിച്ചു..
“റെയില്‍വേ സ്റ്റേഷന്‍ പോകാരതുക്ക് എവളോം ചാര്‍ജ്‌ അണ്ണാ..?”

50 രൂപ..!!”

“ഒരു കിലോമീറ്റര്‍ താനേ.. അതുക്ക്‌ 50 രൂപയോ..?
20 രൂപ തരാം...!!”

“സാര്‍.. നൈറ്റ്‌ ചാര്‍ജ് ഡബിള്‍ താന്‍..
റിട്ടേണ്‍ കിട്ടാത് സാര്‍..”

അങ്ങനെ ഇപ്പൊ അവനു 50 രൂപ കൊടുക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു..
ലഗ്ഗേജ് ഉള്ളതോണ്ട് മാത്രമായിരുന്നു ഓട്ടോ പിടിക്കാന്‍ തീരുമാനിച്ചത്‌..
ആ തീരുമാനം വേണ്ടെന്നു വച്ചു ഞാന്‍ സ്റ്റേഷന്‍ വരെ നടന്നു..
അങ്ങനെ ഏതാണ്ട് 9 മണിയോടടുപ്പിച്ച് ഹൊസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി..

9.20നാണ് എന്‍റെ ട്രെയിന്‍.. യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌..
എന്‍റെ ടിക്കറ്റ്‌ RAC ആയിരുന്നു..
കണ്‍ഫേം ആയോ എന്നറിയാന്‍ ഞാന്‍ എന്കോയറി മഷിനിനടുത് ചെന്നു..
അവിടെ ചെന്നപ്പോ അതും കേടു വന്നു കിടക്കുന്നു..

ഞാന്‍ എന്‍റെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞു..
“അളിയാ.. ഈ PNR ഒന്നു നോക്കിയേടാ..!!
കണ്‍ഫേം ആയോന്നറിയാനാ..!! ഇന്നത്തെ എന്‍റെ ദിവസം വച്ചു നോക്കുമ്പോ അതിനൊരു സാധ്യതേം ഇല്ലാ..!!”

“കണ്‍ഫേം ആയിട്ടുണ്ട്..
S1, 59 അപ്പെര്‍ ബെര്‍ത്ത്‌..” 

“താങ്ക്സ് അളിയാ..!!”
നശിച്ചെന്നു വിചാരിച്ച ദിവസം.. ഒടുക്കം അപ്രതീക്ഷിതമായി ടിക്കറ്റ്‌ കണ്‍ഫേം ആയിരിക്കുന്നു..
ദൈവമേ..!! നിനക്ക് നന്ദി..!!

അങ്ങനെ 9.20 p.m ആയപ്പോള്‍ ട്രെയിന്‍ വന്നു..
ഞാന്‍ ചാടിക്കേറി S1ല്‍ 59 ബെര്‍ത്ത്‌ കണ്ടെത്തി ലഗ്ഗേജ് എല്ലാം കൊണ്ടു വച്ചു.
ബാഗ്ഗില്‍ നിന്നും ഉദകപ്പോള എന്ന നോവേലെടുത് വായന തുടങ്ങി..
കുറച്ചു നേരം ക്ലാരയുടെയും ജയകൃഷ്ണന്റെയും തങ്ങളുടെയും ലോകത്ത്‌..

പെട്ടെന്നൊരു കോട്ടിട്ട മനുഷ്യന്‍ എന്‍റെ അടുത്തൂടെ മിന്നല്‍ പോലെ പാഞ്ഞു..
ഞാന്‍ ചാടി എണീറ്റ്‌ പുറകീന്നു വിളിച്ചു..
“സര്‍.. ടിക്കറ്റ്‌ കണ്‍ഫേം ചെയ്യണം..
ദിലീപ്‌ രാജ്.. S1, 59..!!” 

S1, 59ണോ.. അതു ദിലീപ്‌ അല്ലല്ലോ..ഒരു ഉദയന്‍റെ ആണ് ആ ബെര്‍ത്ത്‌..
അതു കണ്‍ഫേം ചെയ്തിട്ടുമുണ്ട്..”

“സര്‍.. പക്ഷെ കുറച്ചു മുന്‍പേ ചാര്‍ട്ടില്‍ നോക്കി എന്‍റെ സുഹൃത്ത്‌ പറഞ്ഞതാണല്ലോ..!!”

“ഇനി SE1 ആണോ..? എക്സ്ട്രാ കോച്ച്..?”
ടിടി ചോദിച്ചു..

“ചിലപ്പോള്‍ ആയിരിക്കും.. കേട്ടത് തെറ്റിയതാവാനും സാധ്യത ഉണ്ട്..
സാര്‍ അതിന്‍റെ ചാര്‍ട്ടില്‍ ഒന്ന് നോക്കാമോ..?”

“പേരെന്താണെന്നാണ് പറഞ്ഞത്‌..?
ദിലീപ്‌ രാജ് അല്ലെ..?”

“അതേ സാര്‍..!!”
“യെസ്.. SE1, 59 ദിലീപ്‌ രാജ് ആണ്..!!”

എന്‍റെ ശ്വാസം നേരെ വീണു..
“സാര്‍.. ഈ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാമോ..?”

SE1 പുറകിലാണ്.. അവിടെ വേറെ ടി ടി കേറിയിട്ടുണ്ട്..
അദ്ദേഹത്തെ കൊണ്ട് കണ്‍ഫേം ചെയ്യിക്കണം..!!”
ഇത്രേം പറഞ്ഞു അങ്ങേരു പോയി..

ഞാന്‍ അവിടെ നിന്നും എണീറ്റ്‌ SE1 തിരഞ്ഞു നടന്നു..
എല്ലാ സ്ലീപെര്‍ കോച്ചുകളും ഞാന്‍ ചെന്നു നോക്കി..
അവിടെങ്ങും SE1 കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല..!!

തിരിച്ച് S1ല്‍ തന്നെ എത്തിയപ്പോള്‍ ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു..
SE1 തിരഞ്ഞു നടക്കുവാല്ലേ..!! എന്‍റെ പേര് ശ്രീജേഷ്‌.. ഞാനും SE1ലേക്കാ..!!
അതങ്ങു ഏറ്റവും പുറകിലാ.. ജനറല്‍ കമ്പാര്‍ടുമെന്ടിന്റെം പുറകില്‍..
അടുത്ത സ്റ്റേഷനില്‍ നിന്നും ഇറങ്ങി കേറണം..!!”

“ഡെസ്പ്..!!”
അറിയാതെ ഞാന്‍ പറഞ്ഞു പോയി..
“അടുത്ത സ്റ്റേഷന്‍ ഏതാ..?”

“ധര്‍മപുരി..!!”

“ശ്രീജേഷ്‌ എങ്ങോട്ടാ..?”

“കണ്ണൂര്‍..!! പേരു പറഞ്ഞില്ല..!!”

“സോറി.. എന്‍റെ പേരു ദിലീപ്‌.. ഞാന്‍ കുറ്റിപ്പുറം വരെയേ ഉള്ളൂ..!!”

അങ്ങനെ അടുത്ത സ്റ്റേഷന്‍ എത്തുന്നതു വരെ അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു..
അവന്‍റെ കയ്യില്‍ ഒരു ട്രോള്ളി അടക്കം വല്ല്യ ലഗ്ഗേജ് ആണുണ്ടായിരുന്നത്..
നിന്നു മടുത്തപ്പോള്‍ അലക്കാന്‍ വച്ചിരുന്ന ബെഡ്ഷീറ്റും വിരിച്ചു ഞങ്ങള്‍ നിലത്തിരുന്നു..
അങ്ങനെ ഒരു 11.30 p.mനോടടുത്ത്‌ ട്രെയിന്‍ ധര്‍മപുരി എത്തി..

ഞങ്ങള്‍ അടഞ്ഞു കിടന്നിരുന്ന ഡോര്‍ തുറന്നു പിറകിലേക്ക്‌ കഴിയാവുന്നത്ര വേഗത്തില്‍ നടക്കാന്‍ തുടങ്ങി..
ആ ലഗ്ഗേജ് കൊണ്ട് ഓടാന്‍ പറ്റില്ലായിരുന്നു..
അങ്ങനെ പിറകിലെ എസി കമ്പാര്‍ട്മെന്റുകള്‍ കടന്നു ഞങ്ങള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിനു മുന്നിലൂടെ നടക്കുകയായിരുന്നു..

ട്രെയിന്‍ ചലിച്ചു തുടങ്ങി..
പിന്നെ നിവൃത്തിയില്ല..!! നേരെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കേറി..
അവിടെ ആണേല്‍ നില്‍ക്കാന്‍ തന്നെ കഷ്ടി സ്ഥലം..
അങ്ങനെ ഞങ്ങള്‍ സേലം വരെ ഒരു വിധത്തില്‍ നിന്നു പോന്നു..
സേലത്ത് എത്തിയപ്പോള്‍ ഇറങ്ങി ഞങ്ങള്‍ SE1ല്‍ കയറിപ്പറ്റി..!!
നേരെ ടിക്കറ്റും കൊണ്ട് ടിടിയെ കണ്ടു..

അങ്ങേരു ടിക്കറ്റ്‌ എടുത്തു നോക്കി..
“നിങ്ങള്‍ കയറേണ്ടിയിരുന്നത് ഹോസുരില്‍ നിന്നാണ്..
സേലത്ത് നിന്നല്ല..!!”
എന്നിട്ട് ചാര്‍ട്ടില്‍ നോക്കി പറഞ്ഞു..
“ഈ ബര്‍ത്തുകള്‍ സേലത്ത് ഇറങ്ങിയ ടിടി വേറെ ആളുകള്‍ക്ക് കൊടുത്തു..

“സാര്‍.. ഞങ്ങള്‍ ഹോസുരില്‍ നിന്ന് തന്നെയാ കയറിയത്..
ഈ ബോഗി ഐസോലേറ്റട് ആയതോണ്ട് പറ്റിയതാ...!!
ധര്‍മപുരിയില്‍ നിന്നും മാറിക്കേറാന്‍ നോക്കിയപ്പോഴേക്കും വീണ്ടും വണ്ടി എടുത്തു..!!
ഞങ്ങള്‍ എന്തു ചെയ്യും..!!”

ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ട ടിടി പറഞ്ഞു..
“ട്രെയിന്‍ ഫുള്‍ ആണ്..
നിങ്ങള്‍ക്ക്‌ ഒരു സൈഡ് ലോവേര്‍ തരാം..
രണ്ടു പേര്‍ക്കും ഇരുന്നു പോകാം..!!”

അത്രയെങ്കിലും ആവട്ടെ എന്ന് ഞങ്ങള്‍ വിചാരിച്ചു..
അങ്ങനെ മുഖാമുഖം നോക്കി ഒന്നും മിണ്ടാതെ ഞങ്ങള്‍ ഇരുന്നു..
ഈറോഡ് ജംഷന്‍ കഴിഞ്ഞു.. കോയമ്പത്തൂര്‍ കഴിഞ്ഞു..
ഞാന്‍ സ്റ്റേഷന്‍ എണ്ണിക്കോണ്ട് ഇരിക്കുവാരുന്നു..

അങ്ങനെ പാലക്കാട് എത്തിയപ്പോള്‍ അടുത്തുള്ള ബര്‍ത്തുകളില്‍ കിടന്നുറങ്ങിയിരുന്ന ഫാമിലി ഇറങ്ങി..
ശ്രീജേഷ്‌ അവിടെ പോയി കിടന്നു..
വീണ്ടും പുറത്തേക്കു നോക്കിയിരുന്നിരുന്ന എന്നെ നോക്കി അവന്‍ ചോദിച്ചു..
“എന്താ..!! ബെര്‍ത്ത്‌ കിട്ടിയില്ലേ.. കിടന്നുറങ്ങിക്കൂടെ..?”

“ഇനി എന്തിനാ ബെര്‍ത്ത്‌..?
ഇനിയുള്ള രണ്ടാമത്തെ സ്റ്റേഷനില്‍ എനിക്ക് ഇറങ്ങണം..
ഉറങ്ങാന്‍ കിടന്നാ ചിലപ്പോ ക്ഷീണം കൊണ്ട് കണ്ണൂര്‍ എത്തിയാലെ കണ്ണു തുറക്കൂ..!!
ഞാന്‍ ഇവിടെ ഇരുന്നോളാം..!!”

സ്ലീപെര്‍ ടിക്കറ്റും കയ്യില്‍ വച്ച് ബാംഗ്ലൂരില്‍ നിന്നും വീടു വരെ ഉറങ്ങാത്ത യാത്ര..!!
ഞാന്‍ ഓര്‍ത്തു..

“ഹാപ്പി റംസാന്‍..!!”

9 അഭിപ്രായങ്ങൾ:

 1. hahahah....kollam...
  maruthwa mala kailenthiya hanumaan...pavam...
  heheheheh...look pinne angane thanne ayathu kond sarikkum hanuman ayirunnalle?
  avatharanam adipoli ayittund..super..hahhaa...

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം... “ഹാപ്പി റംസാന്‍..” ക്ലൈമാക്സ് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ.... :)

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍9/05/2011 09:58:00 AM

  dileepetto oru doubt..orikkal enkilum sukhamai yatra cheythu koode.ella blogilum kashtappadukal anallo

  SANDEEP

  മറുപടിഇല്ലാതാക്കൂ