വെള്ളിയാഴ്‌ച, സെപ്റ്റംബർ 16, 2011

ദൈവത്തിന്റെ കയ്യൊപ്പ്‌..


“ദേ..!! രാഘവന്‍ വരുന്നുണ്ട്..!!”
ചായ അടിച്ചു കൊണ്ടിരുന്ന കണാരേട്ടന്‍ തന്‍റെ ചായക്കടയില്‍ ഇരുന്നവരോടായി പറഞ്ഞു..
രാഘവന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ ആണ്..
ആ വാര്‍ഡിന്റെ യുവ ജനപ്രതിനിധി..
രാഘവന്‍ ഒരു കറകളഞ്ഞ മനുഷ്യന്‍ ആണ്..
ആര്‍ക്കെന്ത് സഹായത്തിനും മുന്നില്‍ തന്നെ ഉണ്ടാവും..
ആളൊരു സൂത്രശാലിയും തന്ത്രജ്ഞനും കൂടെയാണ്..
നാടിന്‍റെ നന്മക്ക് ഉതകുന്ന പല തീരുമാനങ്ങളും ഉരുത്തിരിഞ്ഞത് ആ കൊച്ചു തലയിലാണ്..
“കണാരേട്ടാ ഒരു സ്ട്രോങ്ങ്‌ ചായ മധുരം കുറച്ച്..!!
കക്ഷത്തെ ദിനപ്പത്രം എടുത്ത് ടേബിളില്‍ ഇട്ടിട്ടു രാഘവന്‍ ഇരുന്നു..
“ദിനെശേട്ടാ എന്തൊക്കെ ഉണ്ട് വിശേഷം..
ചേട്ടന്‍ പുതിയ നേന്ത്ര വാഴകള്‍ നട്ടിരിക്ക്യാല്ലേ..?
ഞാന്‍ വരുന്ന വഴി കണ്ടു..!!”
“എന്തു പറയാനാ രാഘവാ..
കടം കേറി മുടിഞ്ഞിരിക്കുവാ..
ആകെയുള്ള പ്രതീക്ഷ ഇത്തവണത്തെ നേന്ത്രകൃഷിയിലാ..
ഇത്തവണ എങ്കിലും കൃഷി പച്ചപിടിച്ചില്ലേല്‍ ഒരു മുഴം കയര്‍ മാത്രേ രക്ഷയുള്ളൂ..!!”
ദിനേശന്‍ ഒരു കഠിനാധ്വാനിയായ കൃഷിക്കാരനാണ്..
ഒരു തവണ കര്‍ഷകശ്രീ കിട്ടിയിട്ടുമുണ്ട്..
എന്നു പറഞ്ഞിട്ടെന്താ.. കഷ്ടകാലം വന്നാല്‍ അങ്ങനാ..
മൂന്നു കൊല്ലം മുന്‍പു വന്ന കൊടുങ്കാറ്റിലും പേമാരിയിലും ദിനേശന്റെ വിളകള്‍ എല്ലാം നശിച്ചു..
കടം വാങ്ങി വീണ്ടും വിളവിറക്കി..
പിന്നെ അങ്ങോട്ട്‌ നഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂ ദിനേശന്..
അങ്ങനെ ഒരേക്കറോളം ഉണ്ടായിരുന്ന കൃഷിഭൂമി ഇപ്പോള്‍ ഇരുപത്തഞ്ച് സെന്ടായി കുറഞ്ഞു...
മൂക്കോളം കടവും..
ഒരു ചായ രുചിച്ചു കൊണ്ട് രാഘവന്‍ അന്നത്തെ പത്രം വായിച്ചു തുടങ്ങി..
“കേട്ടോ കണാരേട്ടാ.. അമേരിക്ക പണ്ടെങ്ങോ വിട്ട ഒരു ഉപഗ്രഹം നേരെ ഭൂമിയിലോട്ടു തന്നെ തിരിച്ചു പോരുന്നെന്ന്.. അതിന്‍റെ നിയന്ത്രണം അവര്‍ക്ക്‌ നഷ്ടമായെന്ന്..!!”
“ഹ..ഹ..!! ഇവന്മാര്‍ക്ക്‌ പുച്ഛം അല്ലായിരുന്നോ..
ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ മാത്രം താഴോട്ടു വീഴുന്നത് കണ്ട്..
ദൈവം അപ്പോപ്പോ കൊടുക്കുന്നുണ്ട്..!!”
കണാരേട്ടനു സന്തോഷമായി..
കുറച്ച് കാലം മുന്‍പു വരെ അമേരിക്കയെ പുകഴ്ത്തിയിരുന്ന കണാരേട്ടന്‍ ഇപ്പോള്‍ ഒരു തികഞ്ഞ അമേരിക്ക വിരോധിയാണ്..
പുള്ളിയുടെ മകന് അമേരിക്കക്കാര്‍ വിസ കൊടുതില്ലെന്നത് തന്നെ കാരണം..
പഠിക്കാന്‍ മിടുക്കനായിരുന്ന മകനെ കണാരേട്ടന് കഷ്ടപ്പെട്ട് പഠിപ്പിച്ചു ഒരു എഞ്ചിനീയര്‍ ആക്കി..
അവന്‍റെ കമ്പനിയില്‍ നിന്നും ഒരു അമേരിക്കന്‍ യാത്രക്ക് വേണ്ടി വിസക്ക്‌ ചെന്ന അവനെ അവര്‍ മടക്കി അയച്ചു..
അകാരണമായി തന്‍റെ മകനെ തിരിച്ചയച്ച അവരോടു അന്നു തൊട്ടു കണാരേട്ടന് പുച്ഛമാണ്.. വെറുപ്പാണ്..

“കണാരേട്ടന് എന്തു കണ്ടാ ഈ പറയുന്നേ..!!
ഉപഗ്രഹം താഴോട്ടു പോരുന്നുണ്ടെങ്കിലും അത് എവിടെ വേണേലും പതിക്കാം.. ചിലപ്പോ അത് ഇന്ത്യയില്‍ ആകാം..
അത് നമ്മുടെ ആരുടെ എങ്കിലും തലേലും ആവാലോ..!!”
സ്വല്പം നര്‍മം കലര്‍ന്ന ഭാവത്തില്‍ രാഘവന്‍ പറഞ്ഞു..

“എന്‍റെ ഭഗവാനേ.. മുന്‍പ്‌ നേരെ നോക്കി നടന്നാ മതിയാരുന്നു..
ഇതിപ്പോ ആകാശം നോക്കി നടക്കണം എന്നാണോ ഈ പറയുന്നേ..!!”
കണാരേട്ടനും നര്‍മഭാവത്തില്‍ അതിനു ഉത്തരം നല്‍കി..

“ഈശ്വരാ അതെങ്ങാനും എന്‍റെ പറമ്പില്‍ വീണാല്‍ പിന്നെ എന്‍റെ കൃഷി..
എന്‍റെ കുടുംബം..!!”
ഇവരുടെ സംഭാഷണത്തിലെ നര്‍മം തിരിച്ചറിയാതെ ദിനേശന്‍ നെടുവീര്‍പ്പിട്ടു..
ഇതു കേട്ട് രാഘവനും കണാരേട്ടനും കൂടെ പൊട്ടിച്ചിരിച്ചു...

“ദിനേശേട്ടാ.. വിഷമിക്കണ്ടാ.. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഒരു പോംവഴി കണ്ടിട്ടുണ്ട്..”
രാഘവന്‍ പറഞ്ഞു..
“വീഴാന്‍ പോകുന്നതെന്താ.. ഒരു ഉപഗ്രഹം അല്ലെ..
അത് വന്നു വീണിടം പിന്നെ ചരിത്ര പ്രാധാന്യമുള്ളതാ..!!
നമുക്ക്‌ അത് വെച്ചൊരു കളി കളിക്കാമെന്നെ..!!”
രാഘവന്‍റെ ഉത്തരം കേട്ടപ്പോള്‍ ദിനേശനു ചിരി വന്നു..
ഹോട്ടലിന്റെ ഒരു മൂലയില്‍ ഇരുന്നു ചായ കുടിക്കുന്ന അപരിചിതനെ അപ്പോഴാണ്‌ രാഘവന്‍ ശ്രദ്ധിച്ചത്..
ആരാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം വന്നത് കണാരേട്ടന്‍റെ വായില്‍ നിന്നാണ്..
കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കാണുന്നുണ്ട്..
“പട്ടണത്തില്‍ നിന്നാണെന്നു തോന്നുന്നു..
ചോദിച്ചിട്ട് ഒന്നും മറുപടി പറയുന്നില്ല..!!”
“നിങ്ങള്‍ ആരാണ്..?”
രാഘവന്‍റെ ചോദ്യം കേട്ട് അജ്ഞാതന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങാന്‍ തുടങ്ങി..
പുറത്ത്‌ ഒരു ഘോരശബ്ദം കേട്ടു എല്ലാരും തിരിഞ്ഞു നോക്കി..
റോഡില്‍ ആള്‍ക്കാര്‍ തിങ്ങി നിറയുന്നു..
ഒരു അപകടം നടന്നതാണ്..
ഒരു ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നത് കാണുന്നുണ്ട്..
പക്ഷെ അതു റോഡില്‍ നിന്നും മാറി ഒരു വീടിന്‍റെ മുന്നിലേക്ക്‌ കയറിയിരിക്കുന്നു..
“അയ്യോ.. അതു അബ്ദുവിന്റെ വീടാണല്ലോ..
ഇന്നയാളുടെ മകള്‍ ആയിഷയുടെ നിക്കാഹല്ലേ..!!”
അങ്ങോട്ടോടി അടുക്കുന്നതിനിടെ രാഘവന്‍ ആരോടെന്നില്ലാതെ പറഞ്ഞു..
അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച..
ബസ്സിനു അടിയില്‍ വധുവിന്‍റെ കാര്‍ കിടക്കുന്നു..
നാട്ടുകാരെല്ലാം കൂടി ബസ്സ്‌ തകര്‍ത്തു..
ഒരു സംഘം കാര്‍ പൊളിച്ചു ഓരോരുത്തരെ ആയി പുറത്തെടുത്തു..
ആദ്യം കിട്ടിയത്‌ രണ്ടു ശവങ്ങള്‍ ആയിരുന്നു..
പിന്നെ ഒരു ആണ്‍കുട്ടി.. ഒരു പത്തു വയസ്സ് കാണും..
അവനു ജീവനുണ്ട്.. പക്ഷെ രണ്ടു കാലുകളും വേര്‍പ്പെട്ടിരിക്കുന്നു..
രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവന്‍ വിളിച്ചു പറയുന്നത് രാഘവന്‍ വ്യക്തമായി കേട്ടു..
“എന്‍റെ ഇത്തായെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ..!!”
ആ പയ്യനെ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു വണ്ടിയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയി..
മുറിഞ്ഞു പോയ രണ്ടു കാലുകളും അവര്‍ അതില്‍ എടുത്തിട്ടു..
വണ്ടിയില്‍ നിന്നും അവസാനമായി പുറത്തെടുത്തത്‌ അവന്‍റെ ചേച്ചിയെ ആയിരുന്നു..
കല്യാണപ്പെണ്ണ്‍..!!
ആടയാഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലേക്ക് ഇറങ്ങിയവല്‍..
ഇപ്പോള്‍ രക്തത്തില്‍ കുളിച്ചു തന്‍റെ മടിയില്‍..
രാഘവന്‍ ഓര്‍ത്തു..
അടുത്ത വണ്ടിക്ക് കൈ കാണിച്ചു നിര്‍ത്തിച്ചു അതില്‍ ആയിഷയെ പിടിച്ചു കിടത്തി..  
അവളുടെ കഴുത്തില്‍ കിടന്ന ആഭരണങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു..
ഇങ്ങനൊരു അവസരത്തില്‍ മോഷണം നടത്തിയവന്‍ ആരായാലും ദൈവം എന്നൊരാള്‍ ഉണ്ടെങ്കില്‍ അവന്‍ ഇതിനു അനുഭവിക്കും..
രാഘവന്‍റെ മനസ്സ് മന്ത്രിച്ചു..
ആയിഷയെ ഹോസ്പിറ്റലില്‍ ആക്കി രാഘവന്‍ തിരിച്ചു വീട്ടിലെത്തി..
തന്‍റെ അമ്മ തന്നെ നോക്കി അന്ധാളിച്ചു നില്‍ക്കുന്നത്‌ രാഘവന്‍ ശ്രദ്ധിച്ചു..
അപ്പോഴാണ്‌ തന്‍റെ ശുഭ്രവസ്ത്രം മുഴുവന്‍ രക്തപങ്കിലമായിരിക്കുന്ന വിവരം രാഘവന്‍ അറിയുന്നത്..
നടന്ന സംഭവം എല്ലാം രാഘവന്‍ തന്‍റെ അമ്മയോട് വിവരിച്ചു..
“ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ വീഴും..!!”
മോഷണകഥ കേട്ടപ്പോള്‍ അമ്മയുടെ പ്രതികരണം ഇതായിരുന്നു..
രാഘവനോട് അമ്മക്ക് അതിയായ വാത്സല്യമായിരുന്നു..
അവന്‍റെ പ്രവര്‍ത്തികളില്‍ അഭിമാനവും..
പിറ്റേന്നു അതിരാവിലെ കുളിച്ചു റെഡി ആയി രാഘവന്‍ സാമൂഹ്യ സേവനത്തിനിറങ്ങാനോരുങ്ങി..
അടുത്തുള്ള എജെന്റിന്റെ കയ്യില്‍ നിന്നും ചൂടോടെ ഒരു പത്രവും വാങ്ങി കവലയില്‍ ചെന്ന് കണാരേട്ടന്‍റെ കടയില്‍ നിന്നും ഒരു ചായയും കുടിച്ചാണ് രാഘവന്‍റെ ദിനചര്യ തുടങ്ങുന്നത്..
“ഇന്നാദ്യം ആശുപത്രിയില്‍ പോയി ആയിഷയുടെയും അവളുടെ അനിയന്റെയും സ്ഥിതി വിവരങ്ങള്‍ അറിയണം..
പിന്നെ ഇന്നലെ മരണമടഞ്ഞവരുടെ ഖബര്‍ അടക്കത്തിനു പോണം..”
ഈ വിചാരത്തില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതാ കുറെ ആളുകള്‍ ഓടി വരുന്നു..
“രാഘവേട്ടാ..!! നിങ്ങടെ കുന്നിന്‍റെ ഓരത്തുള്ള ഭൂമിയില്ലേ..!!
ആ കാടു പിടിച്ചു കിടക്കുന്ന സ്ഥലം..
അവിടെ എന്തൊക്കെയോ വലിയ സാധനങ്ങള്‍ കിടക്കുന്നു...
അവിടം ആകെ കുഴിഞ്ഞിട്ടുണ്ട്..
ഉള്‍ക്ക ആണെന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ട്..!! അതിന്‍റെ അടിയില്‍ ഒരാള്‍ മരിച്ചു കിടപ്പുണ്ട്..!!”
“ഈശ്വരാ..!! എന്താണാവോ അത്..?
കേട്ടത് വച്ചു കേട്ട് നോക്കുമ്പോള്‍ അതിന്നലെ പറഞ്ഞ ഉപഗ്രഹം ആയിരിക്കും.. വാക്കുകള്‍ അറം പറ്റിയോ..?”
ഓടിചെന്നപ്പോഴേക്കും പോലീസുകാര്‍ ഒക്കെ എത്തിയിരുന്നു..
മൃതദേഹം അതിനടിയില്‍ നിന്നും വലിച്ചെടുത്തു..
അവിടവിടായി കുറച്ചു ഭാഗങ്ങള്‍ ചിന്നി കിടക്കുന്നു..
ഒരു കയ്യ് മാറി കിടക്കുന്നു.. മുഷ്ടി കൂട്ടിപിടിച്ച അതിനകത്ത്‌ കുറെ സ്വര്‍ണമാലകള്‍..
ആളെ രാഘവന്‍ തിരിച്ചറിഞ്ഞു.. ഇന്നലെ കണ്ട അജ്ഞാതന്‍..!!
അപ്പോള്‍ അവന്‍റെ കയ്യിലുള്ളത് ആയിഷയുടെ ആഭരണങ്ങള്‍..?
മോഷ്ടിച്ച ശേഷം ഒളിച്ചിരുന്നതാകുമോ ഈ കുറ്റിക്കാട്ടില്‍..?
അതിനു ദൈവം കൊടുത്ത ശിക്ഷയാകുമോ ഇത്..?
ഇങ്ങനെ ഒരായിരം ചോദ്യങ്ങളുമായി രാഘവന്‍ സ്തബ്ധനായി നിന്നു..
ഇതിനെല്ലാം ഉത്തരം തരാന്‍ തന്നെ തുറിച്ചു നോക്കുന്ന മൃദദേഹത്തിന്റെ കണ്ണുകള്‍ക്ക്‌ കഴിയുമോ..?

8 അഭിപ്രായങ്ങൾ:

  1. enikk adhyathe bhaagangal orupaad ishtayi.
    naatinpurathe anjathayum nanmaniranja varthamanavumellam kalakki...avasana bhagam onnudi nannakkamarunu....congratsssss

    മറുപടിഇല്ലാതാക്കൂ
  2. ഇതിനു മുന്നേ വയിച്ചവയോട് താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും തന്നെ തൃപ്തികരമല്ലെന്നു പറയേണ്ടി വരും. കുറച്ചു കൂടെ മെച്ചപ്പെടുത്താമായിരുന്നു.....

    മറുപടിഇല്ലാതാക്കൂ