വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഹൃദയ നൊമ്പരം..!!


ട്രെയിന്‍ കയറി നാട്ടിലേക്ക്‌ തിരിക്കുമ്പോള്‍ മനസ്സില്‍ നിറയെ അവളുടെ മുഖമായിരുന്നു..

അഞ്ജലി.. ആദ്യത്തെ പെണ്ണുകാണല്‍ ആണെങ്കിലും എത്രയോ ജന്മത്തെ മുന്‍പരിചയം തോന്നി അവളോട്‌..
വേറൊരു ഒരു പെണ്ണുകാണല്‍.. അതു തന്റെ ജീവിതത്തില്‍ ഇനി ഉണ്ടാവില്ല.. ഇവള്‍ തന്നെ തന്‍റെ ജീവിത പങ്കാളി..
അന്നു രാത്രി മുഴുവന്‍ ജിതിന് ഉറക്കമില്ലായിരുന്നു..
കണ്ണടച്ചു കിടന്നു ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി..
പെണ്ണുകാണല്‍.. കല്യാണം.. കുട്ടികള്‍.. അങ്ങനെ അങ്ങനെ..
ഇടയ്ക്കിടെ എഴുന്നേറ്റ് മാട്രിമോണിയലില്‍ നിന്നും എടുത്തു വച്ച അവളുടെ ചിത്രം മൊബൈലില്‍ എടുത്തു നോക്കും..
കുറെ നേരം അതിനോട് സംസാരിക്കും..
ഇവന്‍റെ സംസാരം കേട്ട് അടുത്തുള്ളവര്‍ എഴുന്നേറ്റ് നോക്കുന്നുണ്ടായിരുന്നു..
ഒരു പരിഹാസ്യ ചിരി അവരുടെ മുഖത്ത് തെളിയുന്നത് ജിതിന്‍ അറിയുന്നില്ലായിരുന്നു..
അവന്‍ ഒരു സങ്കല്‍പ ലോകത്തായിരുന്നു..


***************************************************************************

“എങ്ങനുണ്ട് തുടക്കം..? നന്നായോ..?”
തിരക്കഥാകൃത്ത് രവി കൃഷ്ണപ്പുര സംവിധായകന്‍ ബിജി രവീന്ദ്രനോട് ചോദിച്ചു..

“കൊള്ളാം.. നന്നായിട്ടുണ്ട്..!!
പക്ഷേ.. ബാക്കി എവിടെ..?”

“ബാക്കിയോ..!! അതിനി എഴുതീട്ട് വേണം..
മുഴുവന്‍ എഴുതീട്ടാണോ നമ്മള്‍ ഇത്രേം കാലം കുറെ സീരിയലുകളും മൂന്നു നാലു സിനിമേം പിടിച്ചത്‌..
ഇത്രേം ഒപ്പിക്കാന്‍ തന്നെ ഞാന്‍ പെട്ട പാട്.. ഹോ..!!
ബാക്കി ഭാഗങ്ങളെ കുറിച്ച് ഓര്‍ത്തു വെറുതെ വ്യാകുലപ്പെടണ്ട..
നമ്മള്‍ സിനിമ അല്ലല്ലോ പിടിക്കണേ.. സീരിയല്‍ അല്ലെ..
ഓരോ എപിസോടിനും വേണ്ടത്‌ ഞാന്‍ അന്നന്ന് എഴുതി തരും..
അങ്ങ് ചെയ്തോണ്ടാ മതി..
താന്‍ ഈ രവി കൃഷ്ണപ്പുരയെ ശരിക്ക് മനസ്സിലാക്കിയിട്ടില്ല..
ഇന്നു മുതല്‍ ഞാന്‍ പത്രം വായന വീണ്ടും തുടങ്ങുവാ..”

“അതെന്താ.. ഇന്നു മുതല്‍ മാത്രം പത്രം വായന..?
താന്‍ ഇടയ്ക്കിടെ മാത്രം ഇങ്ങനെ പറയുന്നുണ്ടല്ലോ..
എന്താ സംഭവം..?”

“എടോ.. എന്നും പത്രം വായിക്കാനോക്കെ നമുക്കെവിടാ സമയം..
പക്ഷേ ഇനി ഈ സീരിയലിന്‍റെ കാലാവധി കഴിയുന്ന വരെ എന്നും വായിച്ചേ പറ്റൂ.. കഥ വെറുതെ വരില്ലല്ലോ..
അന്നന്നത്തെ വാര്‍ത്തകള്‍ നമ്മള്‍ ഓരോ എപിസോഡ് ആക്കും..
നമ്മുടെ കഥകള്‍ക്ക്‌ സ്ത്രീ പ്രേക്ഷകര്‍ ഉള്ളതിന്റെ കാരണം എന്താണെന്നറിയുമോ..?
ന്യൂസ്‌ ചാനെല്‍ കാണാത്ത അവര്‍ക്ക്‌ പുതിയ വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നത് നമ്മളാ..!!”

“ഹോ.. തന്‍റെ ഒരു ബുദ്ധി.. വെറുതെ അല്ല കഴിഞ്ഞ മൂന്നു കൊല്ലവും മികച്ച കഥാ തിരക്കഥാ അവാര്‍ഡുകള്‍ തനിക്ക്‌ തന്നെ കിട്ടിയേ..!!”

“അത് ഒപ്പിചെടുക്കാന്‍ ഞാന്‍ പെട്ട പാടെനിക്കറിയാം..
ഇരുപത്തയ്യായിരം രൂപ സമ്മാനം കിട്ടാന്‍ ഞാന്‍ ചെലവാക്കിയത്‌ ലക്ഷങ്ങളാ.. അതിന്‍റെ വേദന നിങ്ങള്‍ക്കറിയില്ല..
പിന്നെന്താ.. പുറതീന്നു നോക്കുന്നവന് ഞാന്‍ ഭയങ്കര എഴുത്തുകാരന്‍..
ഹീ ഹീ..!!”

“വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്നതിനു പുറമേ എപിസോടിന്റെ എണ്ണം കൂട്ടാനും പത്രപാരായണം വളരെ നല്ലതാ..!!”

“എങ്ങനെ..?”

“ഞാന്‍ ഒരു ഉദാഹരണം പറയാം..!!

ഈ ഇടെ ഉണ്ടായ ഏതെങ്കിലും പെണ്‍വാണിഭം നമുക്ക്‌ നമ്മുടെ പുതിയ സീരിയലില്‍ ഉള്‍പ്പെടുത്താം..
അതിനെ നമ്മുടെ ഈ കഥയുമായി ബന്ധപ്പെടുത്താന്‍ എളുപ്പമാ...
നമുടെ നായകന്റെയോ നായികയുടെയോ ഏതേലും അകന്ന ബന്ധുവിനെ ഒരു സീനില്‍ ഉള്‍പ്പെടുത്താം..
അവനോടു സംസാരിക്കുന്നതോ മറ്റോ ആയി..
പിന്നെ പെണ്‍വാണിഭത്തില്‍ അവനേം ഉള്‍പ്പെടുത്താം..
അപ്പോള്‍ നമുക്ക്‌ കുറെ എപിസോടുകള്‍ ആ പേരില്‍ എടുത്തു തീര്‍ക്കാം..”

“തന്നെ വെറുതെ അല്ല ഫീല്‍ഡില്‍ എല്ലാരും എലാസ്റ്റിക് എന്നു വിളിക്കണേ..!! 
ഓരോ സംഭവവും എലാസ്റ്റിക് പോലെ വലിച്ചു നീട്ടാന്‍ തന്‍റെ അത്രേം കഴിവ് വേറെ ആര്‍ക്കും ഇല്ല..!!”

“വെറുതെ ആണോ മോനെ എന്‍റെ തിരക്കഥകള്‍ക്ക് സീരിയല്‍ ലോകത്ത്‌ ഇത്ര ഡിമാന്റ്..!!”

“അല്ല ബിജി, എത്ര എപിസോഡ് ആണ് ഉദ്ദേശിക്കണെ..?”

“സുമാര്‍ ഒരു നൂറു നൂറ്റമ്പത്‌..!!”

“ഇത്രേ ഉള്ളോ.. എന്നാല്‍ പെണ്ണുകാണല്‍ വരെ മതിയാകും..!!”

“അതെങ്ങനെ..? അവന്‍ പിറ്റേ ദിവസം അല്ലെ പെണ്ണ് കാണാന്‍ പോകുന്നത്..?”

“അതിനു പിറ്റേ ദിവസം വരെ കഥ പുരോഗമിക്കുമ്പോഴേക്കും നൂറു എപിസോഡ് കഴിയുമല്ലോ..!!
ചെറുക്കന്‍ പെണ്ണിനെ പറ്റി പല കിനാവുകളും കാണും..
വേണേല്‍ പെണ്ണിനേം കിനാവ്‌ കാണിക്കാം..
ഒരു ഐഡിയ കൂടി..
പെണ്ണ് കിനാവ്‌ കാണുന്ന ചെറുക്കന്‍ വേറെ.. അവള്‍ക്കൊരു പ്രണയം കൂടി..”

“എന്തോന്നെടെ ഇത്..? ഒരു ലോജികും ഇല്ലാതെ..?”

“ലോജിക്കോ..? സീരിയലിനു അങ്ങനൊരു സാധനത്തിന്റെ ആവശ്യമേ ഇല്ല..!!
ആകെ വേണ്ടത്‌ കുറച്ച് അധികം സെന്റിമെന്റ്സ് ആണ്..
അതു ആവശ്യത്തില്‍ അധികം ഞാന്‍ ചേര്‍ത്തോളാ൦..
ചെറുക്കന്റെ അച്ഛന്‍ ഒരു അപകടത്തില്‍ മരിച്ചതാ...
അതു നമുക്ക്‌ ഒരു ഓര്‍മ്മ പോലെ ചേര്‍ക്കാം..
ആ അപകടത്തില്‍ തന്നെ അന്ധയായ്‌ തീര്‍ന്ന ഒരു സഹോദരിയും ഇരിക്കട്ടെ..
കുടുംബ സദസ്സുകള്‍ ഇളകി മറിയും..!!”

“മറിഞ്ഞോണ൦.. ഇല്ലേല്‍ നിര്‍മാതാവ് നമ്മളെ എടുത്തിട്ട് മറിക്കും..
തനിക്ക്‌ കാര്യമായി എഴുത്ത് ഒക്കെ അറിയാമെന്നാ അങ്ങേരൊക്കെ തെറ്റിദ്ദരിചിരിക്കണേ..!!”

“ചുമ്മാതാണോ.. കാശ് കൊടുത്തിട്ടാണെലും കുറച്ചു അവാര്‍ഡുകള്‍ മേടിച്ചു വച്ചിരിക്കണേ.. ഇങ്ങനെ ഒക്കെയേ ഇവന്മാരെ പറ്റിക്കാന്‍ ഒക്കൂ..!!”

“അല്ല.. ഈ കഥ എങ്ങനാ അവസാനിപ്പിക്കാന്‍ ഉദേശിക്കുന്നത്..?”

“ഇത് അവസാനിപ്പിക്കണോ..? ഒരു നൂറു എപിസോടിനു അകത്താണ് എങ്കില്‍ നമുക്ക് നായികയെ ആത്മഹത്യ ചെയ്യിക്കാം..
എന്തായാലും നായികക്ക് നമ്മള്‍ വേറൊരു ബന്ധം ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ..
നൂറു എപിസോഡ് വരെ ഒക്കെ ഇതെല്ലാം കൂട്ടി കുഴച്ചു ഓടിക്കാം..
നായികയെ കല്യാണം കഴിപ്പിക്കാതെ വലിച്ചു നീട്ടാം..
നായികയുടെ മരണത്തില്‍ മനം നൊന്തു നായകനും ആത്മഹത്യ ചെയ്യട്ടെ..!!”

“എന്തോന്ന്..!!??”

“നൂറു എപിസോഡ് ഒക്കെ കഴിഞ്ഞിട്ടാണേല്‍ നമ്മള്‍ നായകനേം നായികെനേം കല്യാണം കഴിപ്പിക്കണം..
ഇല്ലേല്‍ നാട്ടുകാര്‍ വല്ലോം പറഞ്ഞു തുടങ്ങും..
പിന്നെ നായകനു നമുക്ക്‌ വേറൊരു കാമുകിയെ കൂടി ഒപ്പിച്ചു കൊടുക്കാം..
പ്രേക്ഷകര്‍ക്ക്‌ ഭ്രാന്ത് പിടിച്ചു തുടങ്ങുമ്പോ ഒന്നേല്‍ നായിക, അല്ലേല്‍ പുതിയ കാമുകി – അവരില്‍ ആരെയെങ്കിലും ഒരാളെ നമുക്ക്‌ മരണത്തിന് വിട്ടുകൊടുക്കാം..
അതുമല്ലെങ്കില്‍ നായകന്‍ സന്യാസി ആകട്ടെ..!!
ഇങ്ങനെ വല്ലോം നമുക്കിത് അവസാനിപ്പിക്കാം...”

“എന്ത് കോപ്പെങ്കിലും ആകട്ടെ..!!
ഇതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഇപ്പൊ തനിക്കാ..
എന്തെങ്കിലും ഒക്കെ എഴുതി താ...!!”

“അല്ല..!! സീരിയലിനു പെരിട്ടോ..?”

“ഇല്ല.. കഥയെഴുതാതെ എന്തു പേര് രവി..?
നിങ്ങള്‍ എന്താ എഴുതുന്നതെന്ന് അറിഞ്ഞിട്ടല്ലേ എനിക്ക് പേരിടാന്‍ ഒക്കൂ..!!”

“അങ്ങനോന്നുമില്ല..!! ഒരു പുതിയ പേര് വേണം..!! കുടുംബിനികളെ വലയിലാക്കാന്‍ പറ്റിയത്..!!
കഥ എന്താണെന്ന് എനിക്ക് തന്നെ ഇപ്പൊ പറയാന്‍ പറ്റില്ല..!! പിന്നല്ലേ..!!
നമുക്ക്‌ വല്ല “നൊമ്പരത്തി പൂവ്‌” എന്നെങ്ങാനും ഇട്ടാലോ..?”

“ചെമ്പരത്തി പൂവ്‌ എന്നു കേട്ടിട്ടുണ്ട്..!!
എന്താ ഈ നൊമ്പരത്തി പൂവ്‌..?
താന്‍ എവിടത്തെ കഥാകൃത്താടോ..?”

“എന്നാ വേണ്ടല്ലേ..? പക്ഷേ നൊമ്പരം വേണം..
അതായിരിക്കണം ഹൈലൈറ്റ്‌..!!”
“ബിജി... കിട്ടിപ്പോയ്.. ഈ പേര് തകര്‍ക്കും..!!”

“ഈശ്വരാ.. തകരരുതേ..!! ആ.. പേര് പറ..!!”

“ഹൃദയ നൊമ്പരം..!!”
“കാപ്ഷന്‍ കൂടെ റെഡി..!!”
“ഇതില്‍ ഒരുപാട് ഹൃദയങ്ങളുടെ നൊമ്പരങ്ങള്‍ ഉണ്ട... അല്ല ഉണ്ട്..!!
ഹൃദയ ഭേദകമായ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെയുള്ള ജിതിന്റെയും അഞ്ജലിയുടെയും ജീവിത യാത്ര..!!”
“എങ്ങനുണ്ട്..?”

“കൊള്ളാം.. ഇത് തകര്‍ക്കും..!!”

4 അഭിപ്രായങ്ങൾ:

 1. kollam kollam..samakalikam....
  dialogs ezhuthn apara kazhiv thanne...
  climaxi alpam koodi sari aakamayirunu.
  avide ezhuthukaran alpam confuse ayathu pole thonni..


  (alla ithra budhi undenkil..oru serial engane kondu pokam ennu ithrak bhavana undekil..dialogs ezhuthan ariyamenkil..IC kalude padam vara thanne veno joli ayitt?hihihihii?

  മറുപടിഇല്ലാതാക്കൂ
 2. @Ammu : Veruthe enthinaa orupaadu jeevithangalude shaapangal koode njaan ettu vangunnath..
  thanks 4d comment

  മറുപടിഇല്ലാതാക്കൂ