ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

സ്വപ്നയാത്ര.. ഒരു ഡയറിക്കുറിപ്പ്..


*******************************************************************************
12 ഓഗസ്റ്റ്‌ 2011

ഇന്നാണ് ഞങ്ങള്‍ കാത്തിരുന്ന ആ സുദിനം.. ഞങ്ങളുടെ കാശ്മീര്‍ യാത്ര..
ലെഹ് മുതല്‍ ശ്രീനഗര്‍ വരെയുള്ള ഒന്‍പതു ദിവസത്തെ യാത്ര.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് ലെഹ് സീസണ്‍..
മറ്റു മാസങ്ങളില്‍ മഞ്ഞിനടിയിലായിരിക്കും ഈ സ്ഥലം..
ഞങ്ങള്‍ ഒന്‍പതു പേര്‍.. ജോഷി, ഘോഷ്, അനൂപ്‌, ജിനോ, പ്രശാന്ത്‌, രെജീഷ്,നിഷാന്ത്‌, ജോബിന്‍ പിന്നെ ഞാനും.. ഈ ദിവസത്തിനായി ഞങ്ങള്‍ കഴിഞ്ഞ മൂന്നു മാസങ്ങളായി തയ്യാറെടുക്കുന്നു..
തിരുവനന്തപുരം നെസ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ ഒരു അനുസ്മരണത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ ഈ യാത്ര തീരുമാനിച്ചത്‌..
പൊതുവേ യാത്രാപ്രിയന്‍ ആയ ജോഷിയുടെ ആയിരുന്നു ആശയം..
തുടക്കത്തില്‍ ഒത്തിരി പേര്‍ ഇതില്‍ ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ അവര്‍ക്ക്‌ ഞങ്ങളുടെ യാത്രയില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല..
ആദ്യദിനങ്ങളില്‍ ഏറ്റവും ഉത്സാഹത്തോടെ കാര്യങ്ങള്‍ മുന്നോട്ടു നീക്കിയിരുന്ന അന്സലിനു വിനയായത്‌ റംസാന്‍ നോയമ്പ്..
ഞങ്ങളുടെ റൂംമേറ്റ്‌ തെക്കുവിനു സംഭവിച്ചത്‌ ഒരു ചെറിയ അക്സിടെന്റ്റ്‌..
നിഷാന്ത്‌ ഇഎസിന് പ്രൊജക്റ്റ്‌ റിലീസ്..
അങ്ങനെ അങ്ങനെ ഒത്തിരി പേര്‍ക്ക് ഈ അവസരം നഷ്ടമായി..
യാത്രക്കുള്ള അവസാന ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ ഇവരായിരുന്നു..
തിരുവനന്തപുരത്ത് നിന്നും അനൂപ്‌, ജിനോ, ജോബിന്‍, രെജീഷ്.. (ഇപ്പോഴും നെസ്റ്റില്‍ ഉള്ളവര്‍)
ബാംഗ്ലൂരില്‍ നിന്നും പ്രശാന്ത്‌, നിഷാന്ത്‌ പിന്നെ ഞാനും..
ഡല്‍ഹിയില്‍ നിന്നും ജോഷിയും ഘോഷും..
എല്ലാവരും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഒന്നിച്ചു ചേര്‍ന്ന് അവിടെ നിന്നും ലെഹ്യിലേക്ക്.. അതായിരുന്നു പ്ലാന്‍..

അനിയത്തിയെ കാണാന്‍ അമ്മയെയും കൊണ്ട് ദുബായ്ക്ക് പോവുകയാണ് എന്ന കള്ളം പറഞ്ഞാണ് ഞാന്‍ ഓഫീസില്‍ നിന്നും ഇത്രേം ദിവസത്തെ അവധി എടുത്തത്.. അതുകൊണ്ട് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതോടെ ഒരേ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ..
ഓഫീസിലെ പരിചയക്കാര്‍ ഈ പരിസരത്തൊന്നും ഉണ്ടാവല്ലേ എന്ന്..
ഞാനും നിഷാന്തും പ്രശാന്തും അങ്ങിനെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി..
വൈകിട്ട് 7.45 നായിരുന്നു ഞങ്ങളുടെ ഇന്‍ഡിഗോ ഫ്ലൈറ്റ്..
എയര്‍പോര്‍ട്ടില്‍ കാഫെറ്റേരിയയില്‍ നിന്നും ഓരോ ആലൂപൊറാട്ടയും കഴിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു..
കൃത്യം 10.30നു ഡല്‍ഹി ഡോമെസ്റിക് ടെര്‍മിനലില്‍ ഞങ്ങള്‍ എത്തി..
ഞങ്ങള്‍ എത്തുന്നതിനു തൊട്ടു മുന്‍പായി ഞങ്ങളുടെ തിരുവനന്തപുരത്ത് നിന്നുമുള്ള സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു..
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച..
എല്ലാരുടെയും സ്നേഹപ്രകടനങ്ങള്‍..
ബാഗ്ഗജ് എല്ലാം എടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി..
ടെര്‍മിനല്‍ T3യില്‍ നിന്നും അടുത്ത ദിവസം പുലര്‍ച്ചെ ആണ് ലെഹ്യിലെക്ക് ഫ്ലൈറ്റ്..
ഡോമെസ്റിക് ടെര്‍മിനലില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും എല്ലാവര്‍ക്കും കലശലായ വിശപ്പ്‌..
പിന്നെ എയര്‍പോര്‍ട്ടിന് പുറത്തു കണ്ട ഒരു ഹോട്ടലില്‍ കയറി..
നമ്മുടെ തട്ടുകട സെറ്റപ്പ്.. അവിടെ നിന്നും കുറച്ചു പേര്‍ ദാലും ചോറും കഴിച്ചു..
കുറച്ചു പേര്‍ മൂലിപൊറാട്ടയും സബ്ജിയും..
നിശാന്തിനു അവിടത്തെ വൃത്തിക്കുറവ് സഹിച്ചില്ല..
അതുകൊണ്ട് അവന്‍ പട്ടിണി കിടന്നു..
തിരിച്ചു എയര്‍പോര്‍ട്ടില്‍ എത്താറായപ്പോഴേക്കും അവനു വീണ്ടും വിശപ്പിന്‍റെ അസുഖം..
അവിടെ നിന്നും കുറെ ബിസ്കറ്റ്‌ വാങ്ങി തിന്നു തല്‍ക്കാലം അടങ്ങി..
T3യിലേക്ക്‌ പോകുവാനുള്ള കോണ്‍വോയ് ബസ്‌ കാത്തുനില്‍ക്കുകയാണ് ഞങ്ങള്‍..
അങ്ങനെ പുലര്‍ച്ചെ ഒരു മണിയോട് അടുത്ത് കോണ്‍വോയ് വന്നു..
ഒരാള്‍ക്ക്‌ 25 രൂപ വീതമാണ് ടിക്കറ്റ്‌ ചാര്‍ജ്..
15 മിനിറ്റ് യാത്രക്ക് ശേഷം ഞങ്ങള്‍ T3യില്‍ എത്തി..
ഞങ്ങളെ കാത്തു ജോഷിയും ഘോഷും അവിടെ നില്‍പ്പുണ്ടായിരുന്നു..
അങ്ങനെ ഫുള്‍ ടീം റെഡി..
മിഷന്‍ ലെഹ് ഇവിടെ തുടങ്ങുന്നു..

****************************************************************************
13 ഓഗസ്റ്റ്‌ 2011

രാവിലെ 5.05നാണ് ലെഹ്യിലെക്കുള്ള കിങ്ങ്ഫിഷര്‍ ഫ്ലൈറ്റ്..
അതുവരെ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഇരുന്നു വിശേഷങ്ങള്‍ പറഞ്ഞു..
AMS (Acute Mountain Sickness) തടയാന്‍ വേണ്ട ടാബ്ലെട്സ് ആവശ്യത്തിന് കരുതിയിട്ടുണ്ടായിരുന്നു ഞങ്ങള്‍..
ഉയരങ്ങളിലെ ഓക്സിജന്‍ കുറവ്‌ നമ്മുടെ ശരീരത്തില്‍ വരുത്തുന്ന അസുഖങ്ങളാണ് AMS. ഉയരങ്ങളിലേക്കുള്ള യാത്ര നമ്മുടെ ശരീരത്തിന് താങ്ങാവുന്നതിലും വേഗത്തില്‍ ആകുമ്പോള്‍ അത് പ്രതികരിക്കുന്നത് പല രീതിയിലാകാം..
തലവേദന, തലകറക്കം, ബോധക്ഷയം അങ്ങനെ പലതും..
വേണ്ട മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ യാത്ര ആദ്യദിനം തന്നെ അവസാനിപ്പിക്കേണ്ടി വരും..
അനൂപിന്‍റെ അനിയന്‍ ഒരു ഡോക്ടര്‍ ആണ്..
അത് കൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ഞങ്ങള്‍ക്ക്‌ സ്വീകരിക്കാന്‍ സാധിച്ചു..
Diamox ടാബ്ലെറ്റുകള്‍ മിക്കവാറും രണ്ടു ദിവസം മുന്‍പ് തന്നെ പലരും കഴിച്ചു തുടങ്ങി..
ഞാനും പ്രശാന്തും നിഷാന്തും അന്നാണ് കഴിച്ചു തുടങ്ങിയത്..
അങ്ങനെ രാവിലെ 5.05ന്‍റെ ലെഹ് ഫ്ലൈറ്റില്‍ ഞങ്ങള്‍ കയറി..
ലോകത്തിന്റെ നെറുകയിലെക്കുള്ള യാത്ര തുടങ്ങി...
ലെഹ്യിലെക്ക് അടുക്കുന്തോറും ആ സ്വര്‍ഗഭൂമിയുടെ ആകാശദ്രിശ്യം ഞങ്ങള്‍ക്ക്‌ കാണുവാന്‍ സാധിച്ചു..
വരാന്‍ പോകുന്ന പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് മാത്രമാണല്ലോ അത്  എന്നാലോചിച്ചപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ലഡു പൊട്ടി.. :)
കൃത്യം 6.25നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ ഇറങ്ങി..
മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ എയര്‍പോര്‍ട്ട്..
സജ്ജീകരണങ്ങള്‍ നോക്കുമ്പോള്‍ നമ്മുടെ ലോക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പോലെ..
പക്ഷെ ദൃശ്യഭംഗി.. അതിനെ വെല്ലാന്‍ വേറൊന്നിനെ കൊണ്ടും പറ്റില്ല..

ചെന്നിറങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാം ചെറിയ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടാന്‍ തുടങ്ങി..
ശ്വാസം കിട്ടാന്‍ അല്പം ആഞ്ഞുവലിക്കേണ്ടി വന്നു..
തണുപ്പ് അത്യാവശ്യം മാന്യമായി തന്നെ ഉണ്ട്..
എല്ലാവരും കയ്യില്‍ കരുതിയിരുന്ന ജാക്കറ്റുകള്‍ ധരിച്ചു..
പുറത്തിറങ്ങിയപ്പോള്‍ എല്ലാ എയര്‍പോര്‍ട്ടിലും കാണാവുന്ന ടാക്സിക്കാരുടെ ഒരു തള്ളിച്ച ഞങ്ങള്‍ പ്രതീക്ഷിച്ചു..
അവിടവിടെ കുറെ ടാക്സികള്‍ കിടപ്പുണ്ടെങ്കിലും നമ്മളെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ആരും മുന്നോട്ടു വന്നില്ല..
ആദ്യം കണ്ട പട്ടാളക്കാരനോട് ടാക്സികളെ പറ്റി അന്വേഷിച്ചു..
അപ്പോഴാണ്‌ മനസ്സിലായത്‌ പുള്ളിയും മലയാളി ആണെന്ന്..
പിന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് അദ്ധേഹത്തെ കൊണ്ട് ഞങ്ങളുടെ ഒരു ഫോട്ടോയും എടുപ്പിച്ചു..അങ്ങനെ ടാക്സി പിടിച്ചു ഞങ്ങള്‍ ഞങ്ങളുടെ മൂന്നു ദിവസത്തെ സങ്കേതമായ “അശോക ഗസ്റ്റ് ഹൌസില്‍” എത്തി..
ഒരു ഹോം സ്റ്റേ എന്ന് പറയാവുന്ന സെറ്റപ്പ്..
പെരുമാറ്റത്തില്‍ ഇത്രയും സൌമ്യരായവരെ നമുക്ക്‌ കേരളത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്..
മൂന്നു ഡബിള്‍ ബെഡ് റൂമുകള്‍ ആണ് ഞങ്ങള്‍ എടുത്തത്..
ഓരോ അഡിഷണല്‍ ബെഡുകളും..
എല്ലാ മുറികളും ഒന്നിനൊന്നു മെച്ചം..
വീടിനു മുന്നില്‍ വശ്യമായൊരു പൂന്തോട്ടം..


അവിടവിടെ കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍..


ഞങ്ങളുടെ Inner Lline Permit എല്ലാം അവര്‍ തന്നെ ശരിയാക്കിയിരുന്നു...
പാങ്ങാന്ഗ് ത്സോയും നുബ്രാ വാല്ലിയും സന്ദര്‍ശിക്കാന്‍ അത് നിര്‍ബന്ധമാണ്..
അതിനായി ലെഹ്യില്‍ ഓഫീസ് ഉണ്ട്.
സമയലാഭം കണക്കിലെടുത്ത്‌ ഞങ്ങളുടെ പാസ്പോര്‍ട്ട്‌ കോപ്പി അവര്‍ക്ക്‌ അയച്ചു കൊടുത്തിരുന്നു.
ഇത്രയും അറേഞ്ച് ചെയ്തു തന്ന ഇഫ്തികറിനു ഞങ്ങള്‍ മനസ്സാല്‍ നന്ദി പറഞ്ഞു..
അശോക ഗസ്റ്റ് ഹൗസ്


ഞങ്ങള്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ അറിവു വെച്ച് AMS പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യദിനം ശരീരം അനക്കാതിരിക്കേണ്ടത് അത്യാവശ്യമായിരുന്നു..
അതുകൊണ്ട് ആദ്യദിനം ഞങ്ങള്‍ ഹോട്ടലില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു..
പ്രാതലിനു ബ്രെഡും ജാമും ഓംലെറ്റ്‌ഉം കഴിച്ചു ഞങ്ങള്‍ വിശ്രമിച്ചു..
ഉറങ്ങുന്നതും AMS നു കാരണം ആകുമെന്ന് പറഞ്ഞെങ്കിലും പലരും സുഖനിദ്രയില്‍ ലയിച്ചു..
ഉച്ചഭക്ഷണ സമയത്താണ് പലരും തലപൊക്കിയത്..
വൈകിട്ടായപ്പോഴേക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നു കണ്ടപ്പോള്‍ ഞങ്ങള്‍ പതിയെ നിരത്തിലേക്ക്‌ ഇറങ്ങി..
ലെഹ് മാര്‍ക്കറ്റില്‍ നിന്നും ചെറിയ ഷോപ്പിംഗ്‌..
പലരും ഗ്ലൌസ് ധരിച്ചിട്ടിലായിരുന്നു..
പൂജ്യതോടടുക്കുന്ന താപനിലയോട് പൊരുതാന്‍ കൈകള്‍ക്ക്‌ കേല്‍പ്പില്ലായിരുന്നത് കൊണ്ട് ഞാനും വാങ്ങി ഒരു സെറ്റ്‌ ഗ്ലൌസ്..
അങ്ങനെ ഞങ്ങള്‍ പയ്യെ നടന്നു തുടങ്ങി..
ടൌണില്‍ തന്നെയുള്ള ലെഹ് പാലസ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം..
കുറച്ചു നടന്നപ്പോഴേക്കും AMSഇന് ആദ്യ ഇരയെ കിട്ടി..
രെജീഷ്..
അവനു കലശലായ തലവേദന തുടങ്ങി..
ലെഹ് പാലസിന്‍റെ താഴേതട്ട് വരെ എത്തിയിരുന്നു ഞങ്ങള്‍..
അവനെ ജിനോയുടെ കൂടെ ഗസ്റ്റ് ഹൌസിലേക്ക് മടക്കി അയച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു..
   
പുരാതനമായ ഒരു കൊട്ടാരത്തിന്‍റെ അവശേഷിപ്പ് മാത്രമായിരുന്നു അത്..
മരങ്ങളില്‍ തീര്‍ത്ത പ്രതലങ്ങളായിരുന്നു അവിടത്തെ മുഖ്യ ആകര്‍ഷണം..
കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഉറപ്പിനു കമ്പി ഇടുന്നത് പോലെ ഇവിടെ മരത്തടികള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്..
മുകളിലൂടെ നടക്കുമ്പോള്‍ താഴെക്കിടിഞ്ഞു വീഴുമോ എന്ന് നാം ഭയപ്പെട്ടു പോകും..
ആ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ നിന്നുള്ള ലെഹ് പട്ടണത്തിന്‍റെയും  ഹിമാലയസാനുക്കളുടെ ദൃശ്യം അതിമനോഹരമായിരുന്നു..
അവിടെ നിന്നും സൂര്യാസ്തമയവും കണ്ടു കഴിഞ്ഞേ ഞങ്ങള്‍ തിരിച്ചു വന്നുള്ളൂ..
ശാന്തി സ്തൂപം.. ലെഹ് പാലസില്‍ നിന്നുള്ള കാഴ്ച..
 

വൈകിട്ട് ഞങ്ങളുടെ വീട്ടുടമസ്ഥ വന്നു ചോദിച്ചു
നാളേക്ക് പ്രാതലിനു നിങ്ങള്‍ക്ക്‌ ഞങ്ങളുടെ പരമ്പരാഗതമായ ബ്രെഡ്‌ ഉണ്ടാക്കി തരട്ടെ എന്ന്..
ഞങ്ങളും ആ ചോദ്യത്തിനായ് കാത്തിരുന്ന പോലെയായിരുന്നു..
അങ്ങനെ പിറ്റെന്നാള്‍ അവരുടെ സ്പെഷ്യല്‍ ബ്രെഡ്‌ ആയിരുന്നു പ്രാതലിന്...
അവര്‍ അതിനു പറയുന്ന പേര് “കംബിഷ്‌”.
രുചികരമായ ഗോതമ്പ് ബ്രെഡ്‌ ആയിരുന്നു ഐറ്റം.. ഒരെണ്ണം കഴിച്ചാല്‍ തന്നെ വിശപ്പ്‌ മാറും..

*******************************************************************************
14 ഓഗസ്റ്റ്‌ 2011

ഞങ്ങളുടെ ഇന്നത്തെ യാത്ര ലെഹ്യിലെ വിവിധ ബുദ്ധമതക്കാരുടെ പ്രാര്തനാലയങ്ങളിലേക്ക് ആയിരുന്നു..
ഇഫ്തികര്‍ ഞങ്ങള്‍ക്ക്‌ വേണ്ട വാഹനം എല്ലാം ഒരുക്കിയിരുന്നു..
ഒരു 11 സീടെര്‍ മാക്സി കാബ് ആയിരുന്നു അത്..
ആദ്യം ഞങ്ങള്‍ പോയത്‌ അതിപുരാതനവും ഒരുകാലത്ത്‌ അതി ശക്തവുമായിരുന്ന ഹെമിസ് മൊണാസ്ട്രിയിലേക്ക്‌ ആയിരുന്നു..
യാത്രയുടെ ഓരോ നിമിഷവും ഞങ്ങള്‍ വിസ്മയത്തിലായിരുന്നു..
റോഡിനിരുവശവും കാണുന്നതെല്ലാം കൌതുക കാഴ്ചകള്‍..
അതിമനോഹരമായ മലനിരകള്‍..
പച്ചപ്പരവതാനി വിരിച്ചപോലെ പുല്ലുകള്‍..
കുതിച്ചൊഴുകുന്ന ഇന്റസ് നദി..
ഇടയ്ക്കിടെ മലയോരങ്ങളില്‍ മേഞ്ഞു നടക്കുന്ന കാട്ടുകുതിരകളും യാക്കുകളും കഴുതകളും..


അങ്ങനെ രണ്ടു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഞങ്ങള്‍ ഹെമിസ് മോനസ്ട്ര്യില്‍ എത്തി..


ചുറ്റും മലകളാല്‍ സംരക്ഷിക്കപ്പെട്ട ഒരു പ്രാര്‍ഥനാലയം.. ഒരു പാട് ബുദ്ധന്മാരും ബുദ്ധകളും ജീവിച്ചു മരിച്ചത്‌ ഇവിടെയാണ്‌..
ഒരു കാലത്ത്‌ ലോകത്തില്‍ ഏറ്റവും സമ്പന്നമായിരുന്ന ബുദ്ധമത മൊണാസ്ട്രികളില്‍ ഒന്ന്..
അകത്തു പ്രവേശിക്കാന്‍ ഒത്തിരി പടികള്‍ കയറണം..
കുറച്ചു പടികള്‍ കയറിക്കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ നിന്ന് കിതക്കാന്‍ തുടങ്ങി..
AMS ശരിക്കും ബാധിക്കുന്നുണ്ടായിരുന്നു എല്ലാവരെയും..
മുകളില്‍ എത്തിയപ്പോഴേക്കും എല്ലാരും ക്ഷീണിച്ചു..
കുറച്ചു നേരം ഇരുന്ന ശേഷം ടിക്കറ്റ്‌ എടുത്ത് അകത്തു പ്രവേശിച്ചു..
അതിമനോഹരമായിരുന്നു അതിന്‍റെ ഉള്‍ഭാഗം..
ഇടതുഭാഗത്ത് പ്രതാപകാലത്തെ അവശേഷിപ്പുകളുടെ ഒരു മ്യൂസിയം
വലതുഭാഗത്ത്‌ പ്രാര്‍ഥനാലയം..
മ്യൂസിയത്തിനകത്ത് ക്യാമറക്ക്‌ പ്രവേശനമില്ല..
ഇരുനിലകളിലായി അമൂല്യങ്ങളായ ഒരുപാട് ശേഷിപ്പുകള്‍ നിരത്തി വെച്ചിരിക്കുന്നു..
ചരിത്രപഠനത്തില്‍ താല്പര്യമില്ലാതവരായിട്ട് കൂടി ഞങ്ങള്‍ അവിടെ ഒരുപാട് നേരം ചെലവഴിച്ചു..
വേറൊരു മ്യൂസിയത്തിലും കാണാന്‍ പറ്റാത്ത ബുദ്ധമത ചരിത്രദര്‍ശനം അവിടെ നമുക്ക്‌ കാണാം..
മുകളിലത്തെ നിലയില്‍ കുറെ കരകൌശല വസ്തുക്കളും പുസ്തകങ്ങളും പോര്‍ട്രൈറ്റുകളും വില്‍പ്പനക്ക്‌ വച്ചിരിക്കുന്നു..
ഘോഷ് ബുദ്ധമതത്തിന്റെ ആത്മീയവശങ്ങള്‍ അടങ്ങിയ ഒരു പുസ്തകം വാങ്ങി.. നിഷാന്തും രെജീഷും ചില ചുവര്‍ചിത്രങ്ങളും ഭീമാകാരമായ വീശരികളും..
അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ വലതുഭാഗത്തെ പ്രാര്‍ഥനാലത്തില്‍ പോയി നിശബ്ദരായി പ്രാര്‍ഥിച്ചു.. (അങ്ങനെ ഷോ കാണിച്ചെന്നു പറയുന്നതാവും ഉചിതം.. :))
അവിടെ ബുദ്ധന്‍റെ ഒരുപാട് പ്രതിമകള്‍ ഉണ്ടായിരുന്നു..
അതില്‍ ഒരു പ്രതിമയുടെ കയ്യില്‍ ദലേ ലാമയുടെ ഒരു ഫോട്ടോയും..
കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി..

പുറത്തിറങ്ങി പിന്നെ ഫോട്ടോ സെഷന്‍ ആരംഭിച്ചു..


അവിടെ നിന്നുള്ള പുറംകാഴ്ചകളും അതിമനോഹരമായിരുന്നു..
പഞ്ഞിക്കെട്ടു പോലുള്ള മേഘപടലങ്ങളും പാല്പാട പോലെ മൃദുലമെന്നു തോന്നുന്ന അതിരു വിരിച്ച ഹിമാലയസാനുക്കളിലെ മഞ്ഞു പര്‍വതങ്ങളും അതിനു മുന്നില്‍ നിരനിരയായി കിടക്കുന്ന മലകളും ഒരു ചിത്രകാരന്‍റെ ഭാവനയില്‍ വിരിഞ്ഞ പോര്‍ട്രൈറ്റ് പോലെ തോന്നി.


അവിടെ നിന്നും പുറപ്പെടാന്‍ തുടങ്ങിയ ഞങ്ങള്‍ക്ക്‌ മുന്ഗാമികളായി ബൈക്ക് യാത്രികരായ വിദേശികള്‍ ഉണ്ടായിരുന്നു..
മണാലിയില്‍ നിന്നും ബൈക്ക് യാത്രികരായാണ് അവര്‍ എത്തിയതെന്ന് ഞങ്ങള്‍ ഊഹിച്ചു..

ഞങ്ങള്‍ തിക്സേയ്‌ മൊണാസ്ട്രി ലക്ഷ്യമാക്കി നീങ്ങി..
വഴിവക്കില്‍ ഒരു മനോഹരമായ സ്ഥലം കണ്ടപ്പോള്‍ ഞങ്ങള്‍ വണ്ടിനിര്‍ത്തി ഇറങ്ങി..
വീണ്ടും ഫോട്ടോ സെഷന്‍..


അങ്ങനെ ഞങ്ങള്‍ തിക്സേയ്‌ മോനസ്ട്രിയില്‍ എത്തി.

അതിപുരാതനമായ തിക്സേയ്‌ മോനസ്ട്രിയിലെ പ്രധാന ആകര്‍ഷണം 15 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയാണ്..
മൈത്രേയ ബുദ്ധ എന്ന പേരുള്ള ഇത് ലഡാക്കിലെ ഏറ്റവും ഉയരമുള്ള ബുദ്ധപ്രതിമയാണ്.


ഈ പ്രതിമയെ കൂടാതെ ഒട്ടനവധി പുരുഷ/സ്ത്രീ ബുദ്ധപ്രതിമകള്‍ അവിടെ ഉണ്ടായിരുന്നു..


ചുവരുകളില്‍ നിറയെ വിവിധ നിറക്കൂട്ടുകളുടെ വര്‍ണവിസ്മയമായിരുന്നു..
ബുദ്ധന്മാരും ലാമകളും അവയില്‍ നിറഞ്ഞു നിന്നു..
അതിനു മുന്നില്‍ നിന്നു ഫോട്ടോ എടുക്കാന്‍ ഞങ്ങള്‍ തമ്മില്‍ മത്സരമായിരുന്നു..


ഇപ്പോള്‍ സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞിരിക്കുന്നു. അവിടെ നിന്നും തിരിച്ചു ഞങ്ങള്‍ ഗസ്റ്റ് ഹൌസിലേക്ക് വച്ചുപിടിച്ചു..

***********************************************************************************************

15 ഓഗസ്റ്റ്‌ 2011

സ്വാതന്ത്ര്യദിനമായ ഇന്നാണ് ലെഹ് യാത്രയുടെ പ്രധാന ഹൈലിറ്റ്‌ ആയ പാങ്ങാന്ഗ് ത്സോ യാത്ര..
ഏതാണ്ട് 140 കിലോമീറ്റര്‍ ദൂരമേ ഉള്ളൂവെങ്കിലും അതിനു 6  മണിക്കൂറില്‍ കൂടുതല്‍ എടുക്കും.
രാവിലെ 11 മണിക്ക് മുന്‍പേ ചാന്ഗ് ലാ പാസ് കടക്കണം.. അതു കഴിഞ്ഞാല്‍ തിരിച്ചേ വാഹനങ്ങള്‍ കടത്തി വിടൂ..
അതുകൊണ്ട് ഞങ്ങള്‍ അതിരാവിലെ 6 മണിക്കേ യാത്ര തുടങ്ങി..
ഞങ്ങളെ അതിശയിപ്പിക്കാന്‍ വേണ്ടി പിന്നെയും ഒത്തിരി വഴിയോരകാഴ്ചകള്‍ ഉണ്ടെന്നു അപ്പോള്‍ മനസ്സിലായി..
ഞങ്ങളുടെ ക്യാമറകള്‍ക്ക് വിശ്രമം എന്നോന്നില്ലായിരുന്നു..
അത്ര മനോഹരമായ ദൃശ്യങ്ങള്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു..


മനോഹര ദൃശ്യങ്ങള്‍ മാത്രമല്ല.. പേടിപ്പെടുത്തുന്ന വഴികളും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു..
മലകളെ നെടുകെ മുറിച്ചും തുരന്നും വളഞ്ഞു പുളഞ്ഞു പോകുന്ന വഴികള്‍.. എപ്പോള്‍ വേണമെങ്കിലും ഉരുള്‍പൊട്ടല്‍ സംഭവിക്കാന്‍ സാധ്യതയുള്ള, ഡ്രൈവിങ്ങില്‍ ഒരു ചെറിയ പിഴവുണ്ടെങ്കില്‍ പതിനായിരക്കണക്കിനു അടികള്‍ താഴേക്ക്‌ പതിക്കാവുന്ന ദുര്‍ഘടപാതകള്‍..
ഇതെല്ലാം നിര്‍മിച്ചത്‌ ഇന്ത്യന്‍ ആര്‍മിയുടെ ദൃഡനിശ്ചയവും കഴിവുമാണല്ലോ എന്നോര്‍ക്കുമ്പോള്‍ അവരോടുള്ള ബഹുമാനം വാനോളം ഉയരുന്നു..
ആര്‍ക്കും എത്താന്‍ പറ്റാത്ത ഇടങ്ങളില്‍ അവര്‍ എത്തുന്നു..


അങ്ങനെ ഞങ്ങള്‍ ചാന്ഗ് ലാ പാസ്സില്‍ എത്തി..
ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ വാഹനഗതാകതമുള്ള വഴിയായിരുന്നു അത്. (17586 Ft)
ഫോട്ടോ എടുക്കാനായി ഞങ്ങള്‍ എല്ലാം ചാടി ഇറങ്ങി..
ഞങ്ങളുടെ പെര്‍മിറ്റുകള്‍ കൊണ്ട് ഡ്രൈവര്‍ പട്ടാള ക്യാമ്പിലേക്ക് പോയി..
രെജീഷ് വീണ്ടും AMSനു ഇരയായി..
അവനു തലവേദനയും മറ്റും വന്നു..
ഞങ്ങള്‍ക്കെല്ലാം ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു..
മഞ്ഞു വീഴ്ചയും കലശലായി ഉണ്ടായിരുന്നു..


ഫോട്ടോ സെഷന്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പാങ്ങാന്ഗ് ത്സോയിലെക്ക് യാത്രതുടര്‍ന്നു..
വീണ്ടും മനോഹര ദൃശ്യങ്ങള്‍ ഞങ്ങളെ വഴി നീളെ വരവേറ്റു..
ഇടയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ചാടിയിറങ്ങി...
സംഗതി എന്താണെന്ന് അന്വേഷിച്ചപ്പോള്‍ മുന്നില്‍ കിടന്ന വാഹനവും ചുറ്റും നില്‍ക്കുന്ന ആള്‍ക്കാരെയും കാണിച്ചു എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞു..
ഞാന്‍ പണ്ടേ ഹിന്ദിയില്‍ നിപുണനായതു കൊണ്ട് കാര്യം അന്വേഷിക്കാന്‍ ഘോഷിനോട് പറഞ്ഞു..
മുന്നില്‍ കാണുന്ന വാഹനം ഒരു ലാമയുടെതാണെന്നും എല്ലാരും വണ്ടി നിര്‍ത്തി അനുഗ്രഹം വാങ്ങിക്കുകയാനെന്നും അറിയാന്‍ സാധിച്ചു.
ഞങ്ങളും ചാടി ഇറങ്ങി.
അവിടെ ചെന്നപ്പോള്‍ ഒരു വൃദ്ധനും വൃദ്ധയും വരുന്നവര്‍ക്കെല്ലാം ചായ വേണോ എന്ന് ചോദിക്കുന്നു..
കലശലായ തണുപ്പ് കാരണം ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നു എനിക്കും തോന്നി..
ചായയുടെ കളര്‍ കണ്ടപ്പോള്‍ തന്നെ വിഷമസ്ഥിതിയിലായി..
കുടിച്ചു നോക്കാമെന്നു വെച്ചു വായില്‍ ഒഴിച്ചു..
തുപ്പാണോ വേണ്ടോ എന്നു ശങ്കിച്ചു പോയി..
ഒരു ഉപ്പു ചുവ.. പാലിന് എന്തൊക്കെയോ രുചിഭേദം..
തുപ്പിയാല്‍ മോശമല്ലേ എന്നു കരുതി അത് മുഴുവന്‍ കുടിച്ചു..
അപ്പോഴാണ്‌ അറിയുന്നത് അത് യാക്കിന്റെ പാല്‍ കറന്ന ചായ ആണെന്ന്..


വീണ്ടും വഴിയോരകാഴ്ചകളുടെ ദൃശ്യചാരുതകള്‍ തേടി ഞങ്ങള്‍ യാത്ര തുടര്‍ന്നു..
പ്രകൃതി ഞങ്ങളെ ഒട്ടും നിരാശിപ്പിച്ചില്ല..
ഓരോ നിമിഷവും പുതിയ കാഴ്ചകള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട് അതങ്ങനെ ഞങ്ങളെ പരിഹാസത്തോടെ നോക്കി..
ഞങ്ങളാണെങ്കില്‍ ക്യാമറ ചലിപ്പിച്ചുകൊണ്ടേ ഇരുന്നു..


അങ്ങനെ ഞങ്ങള്‍ പാങ്ങന്ഗ് ത്സോയില്‍ എത്താറായി.. ഒരു കൊടും വളവു മുന്നില്‍..
ഞങ്ങളുടെ ഡ്രൈവര്‍ വേഗതയില്‍ തന്നെ അതോടിക്കുകയായിരുന്നു..
പെട്ടെന്നാണ് എതിരെ ഒരു ലോറി വന്നത്..
രണ്ടു പേരും സഡന്‍ ബ്രേക്ക്‌ ഇട്ടു..
ലോറിയെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ബസ്‌ നിന്നു..
കാബിനില്‍ ഡ്രൈവര്‍ക്ക്‌ സമീപം ഇരുന്ന ജോഷി ഒരു നിമിഷം നിശബ്ദനായി..
ഞങ്ങള്‍ നോക്കി നില്‍ക്കെ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി റിവേര്‍സ് എടുത്തു അതും വളവു അതുപോലെ വളച്ച്..
പിന്നീട് ആ ലോറിക്ക് സൈഡ് കൊടുക്കാന്‍ നേരെ പുറകിലെക്കും..
ഞാനും പ്രശാന്തും ആയിരുന്നു പിന്‍സീറ്റില്‍..
തിരിഞ്ഞു നോക്കിയപ്പോള്‍ പുറകില്‍ റോഡ്‌ കാണുന്നില്ല..
ഞങ്ങള്‍ക്ക്‌ ഒരു കാര്യം വ്യക്തമായി..
ആ ഡ്രൈവര്‍ന്‍റെ സ്ഥാനത്ത്‌ ഞങ്ങളില്‍ ആരെങ്കിലുമായിരുന്നെങ്കില്‍ കൊക്കയില്‍ കിടന്നേനെ എല്ലാം കൂടെ..
എന്തായാലും രക്ഷപ്പെട്ടല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ മുന്നോട്ടു പോയി..
അങ്ങനെ പാങ്ങാന്ഗ് ത്സോ എത്തി..
അപ്പോള്‍ അവിടെ ഹിമാചല്‍ പ്രദേശില്‍ നിന്നുമുള്ള വനിതാ ഹോക്കി ടീം പരിശീലനം നടത്തുന്നു..
കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഉയരങ്ങളില്‍ വച്ചുള്ള പരിശീലനം നല്ലതാണെന്നു തോന്നുന്നു..
ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ അതാ വിശ്വവിഖ്യാതമായ പാങ്ങാന്ഗ് ത്സോ തടാകം
134 കിലോമീറ്റര്‍ നീളമുള്ള ഈ തടാകത്തിന്റെ മുക്കാല്‍ ഭാഗവും ടിബറ്റില്‍ ആണ്..
ഇന്ത്യാ-ചൈന നിയന്ത്രണ രേഖ ഇതിനെ മുറിച്ചുകൊണ്ടാണ് പോകുന്നത്..
കണ്ണുകള്‍ക്ക്‌ വിശ്വസിക്കാവുന്നതിനും അപ്പുറത്ത് അതിമനോഹരമാണ് ഈ തടാകം..
അവിടെ നിന്നും ക്യാമറ നിറയെ ഫോട്ടോകള്‍ പകര്‍ത്തി ഞങ്ങള്‍ മടങ്ങി..
തിരിച്ചുള്ള യാത്രയില്‍ ഞങ്ങള്‍ ഒരു പുല്‍മേട്ടില്‍ നിര്‍ത്തി..
കാട്ടുകുതിരകള്‍ മേയുന്ന ഒരു മനോഹരമായ സ്ഥലം..
ഞങ്ങള്‍ ചാടി ഇറങ്ങി കുറെ ഫോട്ടോസ് എടുത്തു..ഫോട്ടോ സെഷന്‍ കഴിഞ്ഞു തിരികെയുള്ള യാത്രക്കായ്‌ ഞങ്ങള്‍ പുറപ്പെട്ടു.
ചാന്ഗ് ലാ അടുക്കുമ്പോഴേക്കും സമയം 6 മണിയോടടുതിരുന്നു..
മഞ്ഞു വീഴ്ച കലശലായി ഉണ്ടായിരുന്നു..
ഡ്രൈവര്‍ അതിവിദഗ്ദ്ധനായിരുന്നത് കൊണ്ട് ഞങ്ങള്‍ ആ മഞ്ഞുവീഴ്ച ആസ്വദിച്ചു യാത്ര തുടര്‍ന്നു..
ചാന്ഗ് ലാ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു വന്നപ്പോഴേ റോഡില്‍ മഞ്ഞു നിറഞ്ഞു തുടങ്ങി..
മഞ്ഞുമഴ ശക്തി പ്രാപിക്കുവായിരുന്നു..
വാഹനങ്ങള്‍ എല്ലാം തെന്നി നീങ്ങാന്‍ തുടങ്ങി..
ഞങ്ങളുടെ ബസും തെന്നുന്നുണ്ടായിരുന്നു..
ഞാന്‍ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക്‌ സമീപം ഇരുന്നു മഞ്ഞു വീഴ്ച ക്യാമറയില്‍ പകര്‍ത്തുവാന്‍ ഒരുങ്ങി..
ക്യാമറ വാങ്ങി തിരിഞ്ഞതും ഒന്ന് ഞെട്ടി..
ഞങ്ങളുടെ വാഹനം തെന്നി നീങ്ങി മഞ്ഞു മലയില്‍ ഇടിച്ചു തിരിഞ്ഞു..
ഡ്രൈവര്‍ അടക്കം ഞങ്ങള്‍ എല്ലാം അന്ധാളിച്ചിരുന്നു..
ദൈവമേ... എന്ന് എല്ലാരുടെയും ഉള്ളില്‍ നിന്നൊരു വിളി ഉയര്‍ന്നു..
ആ തെന്നിയത് എതിരെ ഉള്ള ഭാഗത്തേക്കാണ് എങ്കില്‍ ഇന്നിതെഴുതുവാന്‍ ഞാന്‍ ഈ ഭൂലോകത്ത് ഉണ്ടാവുമായിരുന്നില്ല..
പതിനായിരക്കണക്കിനു അടികള്‍ താഴേക്കു ഞങ്ങള്‍ പതിക്കുമായിരുന്നു..
ഞങ്ങള്‍ ഓരോരുത്തരായി പതിയെ വണ്ടിയില്‍ നിന്നും താഴെ ഇറങ്ങി..
ലഗ്ഗേജ് എടുക്കാതെയാണ് എല്ലാവരും ഇറങ്ങിയത്‌
പുറകെ വന്ന വാഹനങ്ങളില്‍ ഉള്ളവരും ഞങ്ങളുടെ സഹായത്തിനു എത്തി..
ഇറങ്ങി ചെന്ന് നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്‌..
പുറകിലെ ടയര്‍ കൊക്കയില്‍ നിന്നും അധികം അകലെയല്ല..
ഇതെങ്ങിനെ തിരിക്കുമെന്നു ഞങ്ങള്‍ ടെന്‍ഷന്‍ അടിച്ചിരിക്കുകയായിരുന്നു..
ഡ്രൈവര്‍ നേരെ ഡിക്കി തുറന്നു ഒരു ചങ്ങല എടുത്ത് ഒരു ടയറിന് ചുറ്റും കെട്ടി..
വണ്ടിയില്‍ കയറി ചങ്ങലയുടെ ബലത്തില്‍ തിരിച്ചു..


മരണമുഖത്തു നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ടെന്‍ഷനിലാണോ എന്നറിയില്ല, വീട്ടില്‍ എത്തുന്ന വരെ ഒരാളും പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല..
അടുത്ത ദിവസത്തെ യാത്രക്ക് വിളിച്ചപ്പോള്‍ ആ ഡ്രൈവര്‍ റോഡില്‍ മഞ്ഞു വീഴാനുള്ള സാധ്യത ഉണ്ടെന്നു പറഞ്ഞു ഒഴിവായി..
എന്തായാലും പിറ്റേദിവസത്തെ യാത്രക്ക് ഇഫ്തികര്‍ പുതിയൊരു വാഹനം ഞങ്ങള്‍ക്ക്‌ ഏര്‍പ്പാടാക്കി.

*************************************************************************************************
16 ഓഗസ്റ്റ്‌ 2011

ഇന്നത്തെ ദിവസം ഞങ്ങള്‍ നുബ്രാ വാലിയിലേക്ക്‌ യാത്ര തുടങ്ങുകയാണ്..
ഇന്നു രാത്രി അവിടെ തങ്ങി നാളെ രാവിലെ തിരിച്ചു വരുവാനാണ് ഞങ്ങളുടെ പ്ലാന്‍..
എല്ലാവരുടെയും ലഗ്ഗേജ് ഞങ്ങള്‍ ഒരു റൂമിലേക്ക്‌ മാറ്റി മറ്റു രണ്ടു റൂമും തല്‍ക്കാലത്തേക്ക് ഞങ്ങള്‍ ഒഴിഞ്ഞു കൊടുത്തു.
പുതിയ വന്ന 9 സീടെര്‍ ടെമ്പോ ട്രവെല്ലെറില്‍ ഞങ്ങള്‍ യാത്ര തുടങ്ങി..
ഇതിന്‍റെ ഡ്രൈവര്‍ പറഞ്ഞത്‌ പഴയ ഡ്രൈവര്‍ക്ക് പേടിയായത് കൊണ്ടാണ് ഈ യാത്ര ഏറ്റെടുക്കാന്‍ തയ്യാറാവാഞ്ഞത് എന്നാണ്..
പാങ്ങാന്ഗ് ത്സോവിനെക്കാള്‍ ദുര്‍ഘടം പിടിച്ച വഴിയാണ് ഇന്നത്തെ യാത്രയുടെത്‌ എന്നറിഞ്ഞപ്പോള്‍ അറിയാതെ അടിവയറ്റില്‍ നിന്നും തീ ആളി..
എല്ലാവരും ചെറിയ ടെന്‍ഷനോടെ ആണെങ്കിലും പോകുവാന്‍ ഉറച്ചു..
രാവിലെ 9.30 ഓടെ ഞങ്ങള്‍ യാത്ര തുടങ്ങി..
പുതിയ ഡ്രൈവറുടെ ഡ്രൈവിംഗ് കണ്ടപ്പോഴേ ടെന്‍ഷന്‍ ഇരട്ടിച്ചു..
കൊടും വളവുകള്‍, അതും കൊക്കയുടെ വക്കിലൂടെ എല്ലാം അയാള്‍ വളക്കുന്നത് 80-100 km/hr ഇല്‍ ആയിരുന്നു..
കുറച്ചു നേരം എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു..
ഒരു ഭീതി എല്ലാവരുടെയും മുഖത്ത് പ്രതിഫലിച്ചിരുന്നു..
പക്ഷെ ഞങ്ങളുടെ ഭീതിയെ എല്ലാം അകറ്റാന്‍ പുറത്തേക്കുള്ള ഒരു നോട്ടം തന്നെ ധാരാളമായിരുന്നു..
ഭൂമിയെ തൊട്ടു തഴുകുന്ന മേഘങ്ങള്‍..
പച്ചപ്പട്ടുപോലെ താഴ്വാരങ്ങള്‍..
മൂടല്‍ മഞ്ഞാല്‍ മൂടപ്പെട്ട മഞ്ഞുമലനിരകള്‍..
അതിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍..
അതിമനോഹരം എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ലാത്ത കാഴ്ചകള്‍..


ഞങ്ങളുടെ ഡ്രൈവര്‍ അതിവിദഗ്ദ്ധനായിരുന്നു.. ഇത്രയും വേഗതയില്‍ പോയിട്ടും ഒരു അപകടകരമായ നിമിഷം പോലും ഈ യാത്രയില്‍ ഉണ്ടായില്ല..
അങ്ങനെ ഞങ്ങള്‍ ലോകത്തിന്റെ ഏറ്റവും ഉയര്‍ന്ന വാഹന ഗതാഗതമുള്ള പാതയായ ഖര്‍ദുന്ഗ് ലായില്‍ (18380 ft) എത്തി..
ഇതിലും ഉയരമുള്ളത് സിയാച്ചിന്‍ ആണ്..
അവിടേക്ക് ഇന്ത്യന്‍ പട്ടാളത്തിന് മാത്രമേ പ്രവേശനമുള്ളൂ..
അതിമനോഹരമായിരുന്നു ഈ സ്ഥലവും..


അവിടെ 30 മിനുട്ടില്‍ കൂടുതല്‍ നില്‍ക്കാന്‍ അനുവാദം ഇല്ലായിരുന്നു..
ഇപ്പോള്‍ രെജീഷിനു മാത്രമല്ല, ഒരു വിധം എല്ലാവര്ക്കും ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങി..
ഡ്രൈവര്‍ പെര്‍മിറ്റുകള്‍ പട്ടാളത്തിന്‍റെ അനുമതിക്കായി കൊണ്ടുപോയി..
അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും നുബ്രാ വാലിയിലേക്ക്‌ യാത്ര തുടര്‍ന്നു..
സൗത്ത്‌ പുല്ലു മുതല്‍ നോര്‍ത്ത്‌ പുല്ലു വരെ ഉള്ള വഴി അതി കഠിനമായിരുന്നു..
അവിടവിടെയായി BRO ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡുകള്‍ നേരെയാക്കുന്നുണ്ടായിരുന്നു..
അങ്ങിങ്ങായി അപകടത്തില്‍ പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നു..മുന്നോട്ടുള്ള യാത്ര ദുരിതപൂര്‍ണമായിരുന്നു.. പക്ഷേ മനോഹര ദൃശ്യങ്ങള്‍ ഞങ്ങളെ വരവേറ്റു..
ഒരു മലയില്‍ നിന്നും ഇറങ്ങി നേരെ ഡ്രൈവ് ചെയ്തു അടുത്ത മലകയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു..
മലകളും പര്‍വതങ്ങളും ജലാശയങ്ങളും പീഠഭൂമികളും താണ്ടി ഞങ്ങള്‍ മുന്നോട്ടു യാത്ര തുടര്‍ന്നു..
ജീവിതത്തില്‍ ഇത്രയേറെ മനോഹര ദൃശ്യങ്ങള്‍ ഒരുമിച്ച് കാണുവാന്‍ ഈ യാത്രയില്‍ മാത്രമേ കഴിയൂ എന്നെനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും..

അങ്ങനെ ഞങ്ങള്‍ നുബ്രാ വാലിയോടടുത്തു.. പോകുന്ന വഴിയില്‍ അതിപുരാതനമായ ഡിസ്കിറ്റ് മോനസ്ട്രിയില്‍ കൂടി കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു.


ഇവിടത്തെ മൈത്രേയ ബുദ്ധന്‍റെ പ്രതിമയും വിസ്മയകരമായ ഒന്നാണ്..

അവിടെ നിന്നും യാത്ര തുടര്‍ന്നു വൈകിട്ട് 5 മണിയോടെ ഞങ്ങള്‍ നുബ്രാ വാലിയില്‍ എത്തി..
ഹോ..!! മാസ്മരികമായ കാഴ്ചയായിരുന്നു അത്..!!
ഇത്ര അധികം വ്യത്യസ്ഥത ഒരുമിച്ചു കാണാന്‍ മറ്റെവിടെയെങ്കിലും കഴിയുമോ എന്നതു സംശയമുള്ള കാര്യമാണ്..
ഒരു ജലാശയം.. അതിനോട് ചേര്‍ന്നൊരു പുല്‍ത്തകിടി..
അതിനു വശത്തായി കൊച്ചു കൊച്ചു മരങ്ങള്‍..
പുല്‍ത്തകിടിക്ക് പുറകിലായി മരുഭൂമി..
അതിനു അതിര്‍ത്തി തീര്‍ത്തുകൊണ്ട് മലനിരകള്‍..
അവക്കും അപ്പുറത്ത് ഹിമാലയ സാനുക്കള്‍..

ഇവിടത്തെ മരുഭൂമിയില്‍ കൂടെയുള്ള ഒട്ടകസവാരിയാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത..
ലോകത്തില്‍ അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഇരട്ടകൂനുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ ആണ് ഇവിടെയുള്ളത്‌..
ഇന്ത്യയില്‍ ഇവിടെ മാത്രമേ നമുക്ക്‌ ഇവയെ കാണാന്‍ ഒക്കൂ..
അന്നു രാത്രി ഞങ്ങള്‍ അവിടെ തങ്ങി..
രാത്രിയിലെ മദ്യപാന കളരിയില്‍ ഞങ്ങള്‍ ഡ്രൈവര്‍ ചേട്ടനെ കൂടി ഉള്‍പ്പെടുത്തി.
എവിടന്നോ ഒപ്പിച്ചെടുത്ത ഗോട്ഫാതെര്‍ ബീര്‍ ആരുന്നു അവര്‍ മദ്യപാനത്തിനു തെരഞ്ഞെടുത്തത്‌..
ഡ്രൈവര്‍ ചേട്ടന്‍ മൂന്നോ നാലോ കുപ്പി കഴിച്ചപ്പോഴേക്കും പഴയകഥകള്‍ പറഞ്ഞു തുടങ്ങി..
മദ്യപിച്ച കൂട്ടുകാരില്‍ ഒരുത്തന്‍ അപ്പോഴേക്കും നിലത്തു മലര്‍ന്നുകിടന്നു ചിരി തുടങ്ങിയിരുന്നു..
ഒരാളാണെങ്കില്‍ വാള്‍ പയറ്റു പഠിക്കുവാരുന്നു..
ബാക്കി എല്ലാം കൂടെ ഡ്രൈവര്‍ ചേട്ടന്‍റെ പഴമ്പുരാണം കേള്‍ക്കുവാരുന്നു..
ഹിന്ദി മനസ്സിലായില്ലെങ്കിലും ഞാനും കൂടെ ഇരുന്നു തലയാട്ടി..
ഇന്ത്യന്‍ പട്ടാളത്തില്‍ നിന്നും കാര്‍ഗില്‍ യുദ്ധ കാലത്ത്‌ സാധാരണക്കാര്‍ക്ക്‌ നേരിടേണ്ടി വന്ന അവഗണനയും മറ്റുമായിരുന്നു അവിടെ ചര്‍ച്ചയ്ക്ക് വന്നത്..
ആ സമയത്ത് ആ ചേട്ടന്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണം കൊണ്ടുപോകുന്ന ജോലി ചെയ്യുകയായിരുന്നു..
പല സമയത്തും കൂലിയില്ലാതെ പണിയെടുത്ത കാര്യവും ആ ചേട്ടന്‍ പറയുന്നുണ്ടായിരുന്നു..
ഇതെല്ലാം കേട്ടുകൊണ്ടിരിക്കെ മറ്റൊരു പാമ്പ്‌ ഇരുന്ന ഇരിപ്പില്‍ നിന്ന് നേരെ പുറകിലേക്ക് മറിഞ്ഞുവീണ് ഉറങ്ങി..
അങ്ങനെ എല്ലാ പാമ്പുകളെയും ഒതുക്കി കിടത്തി വാളുകള്‍ കഴുകി വൃത്തിയാക്കി ഞങ്ങളും ഉറങ്ങി..

************************************************************************************************
17 ഓഗസ്റ്റ്‌ 2011

രാവിലെ എഴുന്നേറ്റു ഞങ്ങള്‍ ഭക്ഷണം ഒക്കെ കഴിച്ചു തിരിച്ചുള്ള യാത്ര തുടങ്ങി..
വീണ്ടും ഖര്‍ദുന്ഗ് ലായില്‍ എത്തി..

അവിടത്തെ കഫെടെറിയയില്‍ നിന്നും ചായ കുടിച്ചു ഞാനും ഘോഷും കൂടി സംസാരിച്ചു കൊണ്ട് നില്‍ക്കുവാരുന്നു..
അപ്പോഴതാ ഒരാള്‍ ഞങ്ങളുടെ നേരെ നടന്നു വരുന്നു..
“മലയാളിയാണല്ലേ..!!”
ഞങ്ങള്‍ ഒരു നിമിഷം സ്തബ്ധരായി നിന്നു..
ലോകത്തിന്‍റെ ഏതു മൂലയിലും ഒരു മലയാളിയെ കാണാന്‍ കിട്ടുമെന്നു പറയുന്നത് വെറുതെ അല്ല..
ലോകത്തിന്‍റെ നെറുകയില്‍ നിന്നപ്പോള്‍ അവിടെയും അതാ അപരിചിതനായ മറ്റൊരു മലയാളി..!!
പരിചയപ്പെട്ടപ്പോള്‍ അദ്ധേഹവും നെസ്റ്റില്‍ വര്‍ക്ക്‌ ചെയ്തിരുന്ന ആള്‍ തന്നെ..
പേര് അമല്‍.. പുള്ളിക്കാരനും ഇത് പോലൊരു യാത്രയുടെ ഭാഗമായി വന്നതാണ്..
അങ്ങനെ അമലിനു കൈ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു..
വൈകിട്ടൊരു 4 മണിയോടെ ഞങ്ങള്‍ ലെഹ്യില്‍ തിരിച്ചെത്തി..
പിറ്റേദിവസം രാവിലെ ലെഹ് എന്ന സുന്ദരിയോടു വിടപറയും..
വീണ്ടും 3 റൂം എടുത്ത് ഞങ്ങള്‍ അന്നു രാത്രി അവിടെ തങ്ങി..

*******************************************************************************
18 ഓഗസ്റ്റ്‌ 2011

അതിരാവിലെ തന്നെ ഞങ്ങള്‍ ശ്രീനഗര്‍ യാത്ര തുടങ്ങി..
കാര്‍ഗില്‍-ദ്രാസ്സ് വഴിയാണ് ഞങ്ങളുടെ യാത്ര..
ശ്രീനഗറില്‍ നിന്നും ലെഹ്യില്‍ വന്നു മടങ്ങുന്ന രണ്ടു ടാക്സികള്‍ ആണ് ഇഫ്തികര്‍ ഞങ്ങള്‍ക്കായി കണ്ടെത്തിയത്‌..
അവരുടെ പെരുമാറ്റത്തില്‍ തന്നെ ഞങ്ങള്‍ക്ക്‌ സ്വഭാവ വ്യത്യാസം മനസ്സിലായി..
ലെഹ്യില്‍ ഉള്ളവര്‍ നിഷ്കളങ്കര്‍ ആണെങ്കില്‍ ഇവരുടേത് കുറുക്കന്‍റെ മനസ്സാണെന്ന് പരിചയപ്പെട്ട ആദ്യ അരമണിക്കൂറില്‍ തന്നെ ഞങ്ങള്‍ മനസ്സിലാക്കി..
NH1ലൂടെയുള്ള യാത്രയും വ്യത്യസ്തത നിറഞ്ഞതായിരുന്നു..
അതിമനോഹരമായ കാഴ്ചകള്‍ റോഡിനു ഇരുവശവും കാണാമായിരുന്നു..
വരിവരിയായി ആപ്പിളും ആപ്രികോട്ടും വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍..
ചുവപ്പും ഓറന്ജും നിറങ്ങളില്‍..

അങ്ങനെ വൈകിട്ടോടെ ഞങ്ങള്‍ കാര്‍ഗില്‍ എത്തി.. ദ്രാസ്സ് ലക്ഷ്യമാക്കി ഇന്ത്യ-പാക്‌ അതിര്‍ത്തിയിലൂടെ, തര്‍ക്കഭൂമിയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു..
റോഡിനു ഇരുവശവും പട്ടാളക്കാര്‍ നിലയുറപ്പിച്ചിരുന്നു..
അങ്ങനെ വൈകിട്ട് 6 മണിയോടെ ദ്രാസ്സിലെ Kargil War Memorialലില്‍ എത്തി..
കാര്‍ഗില്‍ യുദ്ധത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന ടൈഗര്‍ ഹില്ലിന്റെ താഴ്വാരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്..
അവിടെ ചെലവഴിച്ച കുറച്ചു നിമിഷങ്ങള്‍ മാത്രം മതി നമ്മുടെ ഇന്ത്യന്‍ ആര്‍മിയുടെ ഔന്നത്യം മനസ്സിലാക്കാന്‍..!!
കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആ മഹാന്മാരെ സ്മരിച്ചു ഞങ്ങള്‍ അവിടെ നിശബ്ദരായി നിന്നു..
ഉള്തുടികളില്‍ ജയ് ഹിന്ദ്‌ വിളി മുഴങ്ങുന്നുണ്ടായിരുന്നു..
ആ മഹാന്മാര്‍ക്ക് കണ്ണീരില്‍ ചാലിച്ച ഒരു സല്യൂട്ട് നല്‍കി ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി..
ദ്രാസ്സിലാണ് അന്നത്തെ സ്റ്റേ അറേഞ്ച് ചെയ്തിരിക്കുന്നത്..
തണുപ്പുകാലത്ത് -60 ഡിഗ്രീ വരെ താഴുന്ന സ്ഥലമാണ് ദ്രാസ്സ്..
പക്ഷെ ഞങ്ങള്‍ എത്തിയ സമയം 5-8 ഡിഗ്രീ എങ്കിലും കാണുമെന്ന് തോന്നുന്നു..

******************************************************************************
19 ഓഗസ്റ്റ്‌ 2011

അതിരാവിലെ എഴുന്നേറ്റ്‌ ഞങ്ങള്‍ ശ്രീനഗറിന് പുറപ്പെട്ടു..
വഴിയോരം വീണ്ടും വിസ്മയകരമായ കാഴ്ചകള്‍ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചു..
പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും ചെമ്മരിയാടിന്‍ പറ്റങ്ങളും പട്ടാള ക്യാമ്പുകളും ഞങ്ങളുടെ വഴികാട്ടികളായി..പോകെ പോകെ പട്ടാള ക്യാമ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..
വഴിനീളെ ആയുധ ധാരികളായ പട്ടാളക്കാര്‍ നിരീക്ഷകരായി നില്‍ക്കാനും തുടങ്ങി..
ഓരോ 100 മീറ്ററിലും ഓരോ പട്ടാളക്കാര്‍..
ഇടയ്ക്കിടെ  കാണാവുന്ന ബോംബ്‌ സ്കോട്..
അങ്ങനെ ഞങ്ങളുടെ വാഹനങ്ങള്‍ ഒരു സ്ഥലത്ത് നിര്‍ത്തി..
ഡ്രൈവര്‍നോട് കാര്യം തിരക്കിയപ്പോള്‍ അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പ്‌ കാണിച്ചു തന്നു..
വരിവരിയായി നില്‍ക്കുന്ന പൈന്‍ മരങ്ങളുടെയും ദേവദാരുവിന്റെയും ഒരു താഴ്വര.. അതിമനോഹരം..
അവിടെ നിന്നും യാത്ര തുടര്‍ന്ന് ഞങ്ങള്‍ സോനമാര്‍ഗ് എത്തി..
കുറച്ചു നേരം അവിടെ ചെലവഴിച്ചു..
ഫോട്ടോ എടുപ്പ് ഒട്ടും കുറച്ചില്ല..അവിടെ നിന്നും യാത്ര തുടര്‍ന്ന ഞങ്ങള്‍ വൈകിട്ടോടെ ശ്രീനഗറില്‍ എത്തി..
ഞങ്ങള്‍ക്ക്‌ അവിടെ കൊട്രൂ പാലസ് എന്നൊരു ഗസ്റ്റ്‌ ഹൗസില്‍ ഇഫ്തികര്‍ താമസ സൗകര്യം ചെയ്തിരുന്നു..
ഞങ്ങള്‍ ലഗ്ഗേജ് എല്ലാം കൊണ്ടുവച്ചു നടക്കാന്‍ ഇറങ്ങി..
ലക്‌ഷ്യം ശികാര ബോട്ടില്‍ ഒരു യാത്രയായിരുന്നു..
കുറെ കശ്മീരി ആപ്പിളും വാങ്ങി കഴിച്ചുകൊണ്ട് ഞങ്ങള്‍ ശ്രീനഗര്‍ ടൌണില്‍ നടയാത്ര ആരംഭിച്ചു..
നടന്നു ദാല്‍ തടാകത്തില്‍ ചെന്നു..
രണ്ടു ഷികാര ബോടുകളില്‍ ഞങ്ങള്‍ ദാല്‍ തടാകത്തിലൂടെ സവാരി തുടങ്ങി..
ചുറ്റിനും ഹൗസ് ബോട്ടുകള്‍.. എല്ലാം നിര്‍ത്തിയിട്ടിരിക്കുന്നത്..
ഇവിടെ ഹൗസ് ബോട്ടുകള്‍ ചലിക്കുകയില്ല.. ഞങ്ങളുടെ ആദ്യ ഷെഡ്യൂളില്‍ ഹൗസ് ബോട്ട് ഉണ്ടായിരുന്നു..
അതൊഴിവാക്കാന്‍ തോന്നിയ നിമിഷത്തെ പറ്റി ഓര്‍ത്തു ഞങ്ങള്‍ക്ക്‌ ആശ്വാസം തോന്നി..
ഷികാരയില്‍ ഞങ്ങള്‍ ദാല്‍ തടാകത്തിലൂടെ നീങ്ങി നെഹ്‌റു പാര്‍കില്‍ ചെന്നു.. 
കഫെടെറിയയില്‍ നിന്നും ഓരോ കോഫി കുടിച്ചു ദാല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങള്‍ ഇരുന്നു..  

അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ ഷികാരയില്‍ യാത്ര തുടര്‍ന്നു..
ഫ്ലോടിംഗ് മാര്‍ക്കറ്റ്‌ തൊട്ടു ഫ്ലോടിംഗ് പോസ്റ്റ്‌ ഓഫീസ് വരെ അവിടെ ഉണ്ട്..
ഞങ്ങളെ വള്ളക്കാരന്‍ ഒരു ഫ്ലോടിംഗ് മാര്‍ക്കറ്റില്‍ കൊണ്ടുപോയി..
അവിടെ നിന്നും പഷ്മീന ഷാള്‍ വാങ്ങുമെന്നൊക്കെ പലരും വീമ്പിളക്കുന്നുണ്ടായിരുന്നു..
ചൂടുകാലത്ത്‌ തണുപ്പും തണുപ്പുകാലത്ത് ചൂടും നല്‍കുന്ന ഒരു പുതപ്പാണ് പഷ്മീന..
പഷ്മീന എന്ന ഒരുതരം ആടിന്‍റെ താടിയില്‍ നിന്നും എടുക്കുന്ന രോമങ്ങള്‍ ഉപയോഗിച്ചാണത്രേ ഇതുണ്ടാക്കുന്നത്..
ഒരു മോതിരതിനുള്ളിലൂടെ നമുക്ക്‌ എളുപ്പത്തില്‍ കടന്നു പോകുമത്രേ ഈ ഐറ്റം..
അങ്ങനാണേല്‍ ഒന്നു വാങ്ങീട്ടെ ഉള്ളെന്നു ഞാനും തീരുമാനിച്ചു..
നേരെ ചെന്നു പഷ്മീന ചോദിച്ചു..
പുള്ളി ഓരോന്നെടുത്ത് കാണിച്ചു..
വില ചോദിച്ചു.. കേട്ടപാടെ ഊതിവീര്‍പ്പിച്ച ബലൂണില്‍ സൂജി കുത്തിയപോലെ ആയി മുഖം..
8000 ആണത്രേ തുടക്കം..
പിന്നെ അവിടന്ന് ഞങ്ങള്‍ കുറച്ചു ഷാളുകളും കശ്മീരി സില്‍ക്ക്‌ സാരികളും വാങ്ങി ഇറങ്ങി..

************************************************************************************************
20 ഓഗസ്റ്റ്‌ 2011

ഞങ്ങളില്‍ തിരുവനന്തപുരത്ത് നിന്നു വന്നവര്‍ ഇന്ന് തിരിച്ചു പോകും..
ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്നവര്‍ ഗുല്‍മാര്‍ഗിനു പോകാന്‍ ആണ് പ്ലാന്‍..
അങ്ങനെ രാവിലെ കാബ് ബുക്ക്‌ ചെയ്തു ഞങ്ങള്‍ ഗുല്‍മാര്‍ഗിനു വച്ച് പിടിച്ചു.. മഞ്ഞുമലയിലൂടെയുള്ള കേബിള്‍ കാര്‍ ആണ് അവിടത്തെ ആകര്‍ഷണീയത..
ഡിസംബര്‍-ജനുവരി കാലഘട്ടമാണ് ഗുല്‍മാര്‍ഗ് യാത്രക്ക് പറ്റിയ സമയം..
ഞങ്ങള്‍ പോയത്‌ ഓഗസ്റ്റില്‍ ആയതുകൊണ്ട് അവിടെ മഞ്ഞില്ലായിരുന്നു..
പിന്നെ കേബിള്‍ കാര്‍ യാത്ര വെറുമൊരു പ്രഹസനമായിരുന്നു..
എന്തായാലും ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചു..
ആദ്യ സ്റ്റേജിനു 300 രൂപയാണ് ഫീസ്‌..
രണ്ടാമത്തേതിന് 500ഉം..
അവിടെ ചെന്നപ്പോഴാണ് രണ്ടാമത്തെ സ്റ്റേജില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം അങ്ങോട്ടുള്ള കേബിള്‍ കാര്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നതായി അറിഞ്ഞത്..
അതുകൊണ്ട് ആദ്യ സ്റ്റേജില്‍ പോയി ഞങ്ങള്‍ തിരിച്ചുവന്നു..


അങ്ങനെ ഗുല്‍മാര്‍ഗും കണ്ടു ഞങ്ങള് സ്വര്‍ഗയാത്ര അവസാനിപ്പിച്ചു..

*************************************************************************************************
21 ഓഗസ്റ്റ്‌  2011

ഇന്നു രാവിലെ ഞങ്ങള്‍ ഈ സ്വപ്നഭൂമിയോടു വിടപറയുന്നു..
ഭൂമീദേവി അവളുടെ സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്നത് എവിടെയാണെന്നു ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു..
യുദ്ധവും തീവ്രവാദവുമില്ലെങ്കില്‍ ലോകത്തില്‍ വച്ചേറ്റവും മികച്ചൊരു വിനോദസഞ്ചാരകേന്ദ്രം എന്നു മാത്രം അറിയപ്പെടെണ്ട കാശ്മീരില്‍ നിന്നും ഒരു പിടി നല്ല ഓര്‍മ്മകള്‍ പേറി ഞങ്ങള്‍ തിരിച്ചു വരുന്നു..
ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉച്ചകഴിഞ്ഞാണ് ഡല്‍ഹി ഫ്ലൈറ്റ്..
സുരക്ഷാകാരണങ്ങളാല്‍ 3.5 മണിക്കൂര്‍ മുന്‍പേ എത്താനായി രാവിലെ തന്നെ ഞങ്ങള്‍ ഇറങ്ങി..
എയര്‍പോര്‍ട്ടിനും ഒരു കിലോമീറ്റര്‍ അകലെയാണ് പ്രധാനകവാടം..
അവിടെ എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പാസ്പോര്‍ട്ട്‌ വാങ്ങി..
എവിടെ നിന്നും വരുന്നുവെന്ന് ഇംഗ്ലീഷില്‍ ചോദിച്ചു..
കേരള എന്നു മറുപടിയോട് അദ്ദേഹം പ്രതികരിച്ചത്‌ ഇങ്ങനെ ആയിരുന്നു..
“മലയാളികള്‍ ആണല്ലേ.. എവിടെയാ നാട്??”
അത് കഴിഞ്ഞു ഞാനും പ്രശാന്തും കൂടി ഞങ്ങളുടെ ബാഗ്ഗെജ് മെയിന്‍ ഗേറ്റിലെ ചെക്കിങ്ങിനു കയറ്റി വിടുകയായിരുന്നു..
ഞങ്ങളുടെ സംസാരം കേട്ടിട്ടാണെന്നു തോന്നുന്നു പുറകില്‍ നിന്നിരുന്ന CISF വനിത പറഞ്ഞു അതങ്ങോട്ട് കയറ്റി വച്ചാമതി, വേറൊന്നും ചെയ്യണ്ട എന്ന്..
നല്ല പച്ചമലയാളത്തില്‍.. അതുകേട്ട് കൂടെ നിന്ന മറ്റൊരു വനിതാ ജവാനും ചിരിക്കുന്നുണ്ടായിരുന്നു.. അറിയാതെ ഞങ്ങളും ആ ചിരിയില്‍ പങ്കാളികള്‍ ആയി..