ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

കടിഞ്ഞാണ്‍ പൊട്ടിയ സ്വപ്‌നങ്ങള്‍..


“അയ്യോ ചേച്ചീ.. ഇത്രയും വേണ്ടാ..!!
കുറച്ചു മതി..!!”
“നീ കഴിക്കെടാ സുരേഷേ..!!
നിങ്ങള്‍ക്ക്‌ ഇപ്പോഴേ ഇതു പോലെ പരിഗണന കിട്ടൂ..!!”
ചേച്ചിയുടെ വാല്‍സല്യത്തോടെയുള്ള ശകാരം കേട്ട് ഗായത്രി സുരേഷിനെ നോക്കി മന്ദഹസിച്ചു..
അവരുടെ കല്യാണം കഴിഞ്ഞു മൂന്നാം നാളായിരുന്നു അന്ന്..
അളിയന്‍റെ നിര്‍ബന്ധമായിരുന്നു അന്നത്തെ അത്താഴ വിരുന്ന്..
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇതു തന്നെയാണ് തങ്ങളുടെ പ്രധാന പരിപാടിയെന്നവന്‍ ഓര്‍ത്തു..
"ഇതു  മൂന്നു ദിവസത്തിനുള്ളില്‍ നാലാമത്തെ വിരുന്നാണ്.."
അവന്‍റെ മറുപടി ഒരു പുഞ്ചിരിയോടെ ചേച്ചിയും അളിയനും കേട്ടുനിന്നു..
“അളിയാ..!! ചേച്ചീ..!! ഞങ്ങള്‍ ഇറങ്ങുവാണെ..
ഇപ്പോള്‍ തന്നെ ഒരു പാട് വൈകി..!!
ഗായത്രീ കേറിക്കോ..!!”
സുരേഷ് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു..
ഗായത്രി പുറകില്‍ കേറി..
“വേഗം ചെല്ല്.. ധൃതി കാണും..!!”
അളിയന്‍ ഒരു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു..
അതെല്ലാരും ഒരു നിറഞ്ഞ ചിരിയോടെ വരവേറ്റു..
അങ്ങനെ അവര്‍ ഇടറോഡ്‌ പിന്നിട്ടു ഹൈവേയിലേക്ക്‌ കേറി..
നല്ല നിലാവുള്ള രാത്രിയായിരുന്നു അന്ന്..
പൂര്‍ണചന്ദ്രന്‍ ഒരു വെള്ളിക്കിണ്ണം പോലെ തിളങ്ങി നിന്നു..
അവന്‍ ചന്ദ്രനെ നോക്കി ഒരു മൂളിപ്പാട്ട് പാടി..
ഗായത്രി അതിലെ ദ്വയാര്‍ത്ഥം മനസ്സിലാക്കി ഒരു നുള്ളു കൊടുത്തു..
“നേരെ നോക്കി വണ്ടിയോടിക്ക്..!!”
അവള്‍ ഒരു കൊഞ്ചലിന്‍റെ ചുവയോടെ അവനെ ശാസിച്ചു..
അങ്ങനെ അവര്‍ ചിരിച്ചുല്ലസിച്ച് മുന്നോട്ടു പോയി..
വീടെത്താന്‍ രണ്ടു കിലോമീറ്റര്‍ കൂടെ..
പെട്ടെന്ന് ഉച്ചത്തിലുള്ള നിലവിളി രണ്ടു പേരുടെയും കണ്ഠത്തില്‍ നിന്നും ഉയര്‍ന്നു..
എന്താണ് സംഭവിച്ചതെന്ന് സുരേഷ് മനസ്സിലാക്കുമ്പോള്‍ അടുത്തുള്ള വയലില്‍ കിടക്കുകയായിരുന്നു അവനും ബൈക്കും..
“എന്‍റെ ഗായത്രി..!!”
“ആ ലോറിയുടെ അടിയിലെങ്ങാനും..
ഈശ്വരാ.. ഒന്നും സംഭവിക്കല്ലേ..”
അവന്‍ എഴുന്നേറ്റു ഓടിചെല്ലാന്‍ ശ്രമിച്ചു..
ഒരു കാല്‍ വഴങ്ങുന്നില്ല..
അവന്‍ വേച്ചു വേച്ചു റോഡിലെത്തി..
റോഡിന്‍റെ എതിര്‍ ദിശയില്‍ ഗായത്രി കിടക്കുന്നത് അവന്‍ കണ്ടു..
“ആരെങ്കിലും ഒന്ന് ഓടി വരണേ..!!”
അവന്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് അങ്ങോട്ടടുത്തു..
എതിര്‍ ദിശയില്‍ നിന്നും മെലിഞ്ഞു നീണ്ട ഒരാള്‍ ഓടി വരുന്നതയാള്‍ കണ്ടു..


“ജോണിച്ചായാ കാര്‍ഷിക ലോണ്‍ ശരിയാവുമോ..?
ഇന്ന് ബാങ്കില്‍ പോയിട്ടെന്തായി..?”
ജെസ്സി സ്വല്പം വേവലാതിയോടെ തിരക്കി..
ആറു മാസം ഗര്‍ഭിണിയാണവള്‍..
“നമ്മുടെ പ്രശ്നങ്ങളെല്ലാം ശരിയാകും..
നാളെ ചില ഫോര്‍മുകള്‍ ശരിയാക്കി ചെല്ലാന്‍ പറഞ്ഞിരിക്ക്യാ മാനേജര്‍..
കഴിയുന്നതും വേഗം ലോണ്‍ ശരിയാക്കാം എന്ന് ഏറ്റിട്ടുണ്ട്..
എനിക്ക് വിശക്കുന്നു.. നീ ചോര്‍ എടുത്തു വെക്ക്..!!”
അവര്‍ ഉമ്മറപടി കടന്നു അകത്തേക്ക് പോയി..
പെട്ടെന്നാണ് ഉച്ചത്തില്‍ ഒരു ശബ്ദം അവര്‍ കേട്ടത്..
“ജെസ്സി.. നീ ചോറ് വിളമ്പി വയ്ക്ക്..
ഞാന്‍ ഇതാ വരുന്നു..
അവിടെ എന്തോ അപകടം നടന്നിട്ടുണ്ട്..”
ജോണി ഇറങ്ങി ഓടി..
റോഡിലേക്ക്‌ അടുക്കുമ്പോള്‍ വെളുത്തു കുറിയ ഒരാള്‍ അലറിക്കൊണ്ട് വേച്ചു വേച്ചു റോഡ്‌ മുറിഞ്ഞു കടക്കുന്നത് കണ്ടു..
അവര്‍ ഇരുവരും ഗായത്രിയുടെ അടുത്തെത്തി..
അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍..
കൈകളില്‍ നിന്നും രക്തം ധാര ധാരയായി വര്‍ഷിക്കുന്നുണ്ടായിരുന്നു..
“ഗായത്രി.. നിനക്കെന്തെങ്കിലും പറ്റിയോ..?”
“ഒന്നുമില്ല സുരേഷേട്ടാ.. കൈ അനക്കാന്‍ പറ്റുന്നില്ല..”
“എന്താ സംഭവിച്ചത്‌..?”
ജിജ്ഞാസാ ഭാവത്തില്‍ ജോണി അവരെ മാറി മാറി നോക്കി..
“ഞങ്ങള്‍ ബൈക്കില്‍ വീട്ടിലേക്ക്‌ പോകുകയായിരുന്നു..
പുറകില്‍ നിന്നും ഒരു ലോറി വന്നിടിച്ചു..
ഞാന്‍ തെറിച്ചു ആ വയലില്‍ വീണു..
ഇവള്‍ വണ്ടിക്കടിയില്‍ പെടാതെ രക്ഷപ്പെട്ടു..
അവര്‍ നിര്‍ത്താതെ പോയി..!!”
“ദൈവം സഹായിച്ചു..!! ഇത്രയല്ലേ പറ്റിയുള്ളൂ..
കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തു കൊണ്ടെന്നു കൂട്ടിയാമതി..!!”
ജോണി ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു..
അയാള്‍ ഇരുവരേയും റോഡിന്‍റെ വശത്തുള്ള പുല്ലിലെക്ക് പിടിച്ചിരുത്തി..
“എന്തായാലും ആശുപത്രീല്‍ പോകാം..
നമ്മള്‍ വെറുതെ റിസ്ക്‌ എടുക്കണ്ടല്ലോ..!!”
ജോണി അതു വഴി പോകുന്ന എല്ലാ വണ്ടികള്‍ക്കും കൈ കാണിച്ചു കൊണ്ടിരുന്നു..
ആരും നിര്‍ത്തിയില്ല..
“സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഈ ഗതി വരുമ്പോഴോക്കെയെ ഇവനൊക്കെ പഠിക്കൂ..!!”
ജോണി രോഷം കൊണ്ടു..!!


“മമ്മദേ ബിരിയാണി കലക്കീണ്ട്ട്ടാ..!!
ഞങ്ങള്‍ പോയി അതി രാവിലെ എത്താം..
അണക്കറിയാലോ ഞങ്ങള് വാക്ക് പറഞ്ഞാ വാക്കാ..!!”
മമ്മദിന്റെ കല്യാണത്തലേന്നു വീട് സന്ദര്‍ശനത്തിനു പോയതായിരുന്നു അഹമ്മദും ഖാദറും..
“ബീരാനിക്കാ..!! നിങ്ങള് വണ്ടിയെടുക്കിന്‍..!!
നല്ല ക്ഷീണം.. പോയ്യിട്ടു ബെക്കം കെടന്ന് ഉറങ്ങണം..”
“നല്ല ക്ഷീണം കാണും ശൈതാന്മാരെ..
എന്ത് വെട്ടാണ്ടാ നീയൊക്കെ വെട്ടിയത്..?
ആ ബിരിയാണി ചെമ്പില് ഒരു കോഴിക്കാല് പോലും ബാക്കി വച്ചില്ലല്ലാ..
എല്ലാം ഇങ്ങടെ ബയറ്റിലാണല്ലാ..!!”
ബീരാന്റെ കളിയാക്കല്‍ കേട്ട് അഹമ്മദും ഖാദറും കുലുങ്ങിച്ചിരിച്ചു..
“ബീരാനിക്കാ.. ആരോ അവിടെ കൈ കാണിക്കുന്നുണ്ടല്ലോ..
നിങ്ങള് വണ്ടി ഒതുക്കിന്‍..”
ഖാദര്‍ ഒരു സംശയ ദൃഷ്ടിയോടെ പുറത്തേക്കിറങ്ങി..
ജോണി ഓടി വന്നു അയാളെ കാര്യം പറഞ്ഞു ധരിപ്പിച്ചു..
“ബീരാനിക്കാ.. നിങ്ങളിവരെ ആശുപത്രീ കൊണ്ടുപോ..
ഞങ്ങള്‍ക്ക്‌ ആ വളവു തിരഞ്ഞാ പോരെ..
ഞങ്ങള് നടന്നു പൊക്കോളാം.. ബെക്കം ആകട്ടെ..!!”
ഖാദറിന്റെ ആ അലര്‍ച്ച കേട്ട് മുഹമ്മദും ബീരാനും ചാടിയിറങ്ങി..
ജോണിയും ബീരാനും നവദമ്പതികളെ സഹായിക്കാന്‍ ഓടി..
ജോണി ഗായത്രിയെ താങ്ങിപ്പിടിച്ചു ഓട്ടോയില്‍ കൊണ്ടിരുത്തി..
ബീരാന്‍ സുരേഷിനെയും താങ്ങിപ്പിടിച്ച് ഓട്ടോയെ ലക്ഷ്യമാക്കി നടക്കുകയായിരുന്നു..
ഒരു നിമിഷം കൊണ്ടെല്ലാം തീര്‍ന്നു..
ആര്‍ക്കും ഒന്നിനും അവസരം നല്‍കാതെ ഒരു ട്രൈലെര്‍ ലോറി നിയന്ത്രണം വിട്ടു നിര്‍ത്തിയിട്ടിരുന്ന ബീരാന്റെ ഓട്ടോയില്‍ പാഞ്ഞു കയറി..
ബീരാനും സുരേഷിനും നിശബ്ദം അതു കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു..
കറുത്തനിറം നിറഞ്ഞു നിന്നിരുന്ന റോഡ്‌ ഒരു നിമിഷം കൊണ്ടു സന്ധ്യാസൂര്യ നിറമാര്‍ന്നു..
അവിടെയെങ്ങും രക്തം തളംകെട്ടി..
അതൊരു ശവപ്പറമ്പായി..!!
ബീരാന്റെയും സുരേഷിന്റെയും ദേഹത്തേക്ക് മനുഷ്യമാംസം തെറിച്ചു വീണു..!!
അതു തന്‍റെ പ്രിയതമയുടെതാണോ, അതോ സഹായ ഹസ്തവുമായി വന്ന സഹൃദയരുടെതാനോ എന്നൊന്നും തിരിച്ചറിയാന്‍ സുരേഷിനു കഴിയുമായിരുന്നില്ല..
അവന്‍റെ പ്രജ്ഞ എപ്പോഴേ നശിച്ചിരുന്നു..
ജീവനറ്റ കുറെ മാംസപിണ്ടങ്ങള്‍ നോക്കി അവന്‍ ഒരു ജീവച്ഛവമായി നിന്നു..
അടുത്തു നിന്ന ബീരാന്‍ ഭീകരമായ ഒരു അലര്‍ച്ചയോടെ തളര്‍ന്നു വീണു..
ഈ ദയനീയ കാഴ്ച കണ്ടു സഹിക്കാതെ മേഘപടലങ്ങള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു..
അവിടെ പെയ്ത മഴക്കപ്പോള്‍ രക്തവര്‍ണമായിരുന്നു..!! 

8 അഭിപ്രായങ്ങൾ:

 1. Inspired from a real incident happened @ Kunnamkulam..

  മറുപടിഇല്ലാതാക്കൂ
 2. ഒത്തിരി നന്നായിട്ടുണ്ട്..വളരെ നന്നായി എഴുതി..3 ഘട്ടമായി എഴുതി യോജിപ്പിച്ചിരിക്കുന്നിടത്‌ നല്ല
  ചേര്ച്ചയുണ്ടായിരുന്നുട്ടോ..എന്നാലും റിയല്‍ സംഭവമാണെന്ന് ഓര്‍ക്കുമ്പോള്‍..രക്തം തണുത്ത് പോകുന്നു..

  മറുപടിഇല്ലാതാക്കൂ
 3. @Ammutty: Yes.. I was also shocked by the news when read in newspaper..!!

  മറുപടിഇല്ലാതാക്കൂ