ശനിയാഴ്‌ച, ജൂലൈ 30, 2011

ആദ്യ വിദേശ യാത്ര.. ഒരു ഓര്‍മ്മക്കുറിപ്പ്..

ഓര്‍മ്മകള്‍ കുറച്ചു കാലം പുറകോട്ടു സഞ്ചരിക്കുന്നു..

ഇന്ന് ദിവസം 2009 ജൂലൈ 3 വെള്ളിയാഴ്ച..

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ ചിന്തയില്‍ ഇന്നത്തെ സൂര്യോദയം മാത്രമാണ്..
എന്തിനാണീ  വെപ്രാളം എന്നല്ലേ..
പറയാം.. ഇന്നേ ദിവസമാണ് ഞങ്ങള്‍ :- ഞാനും ഘോഷും, ആദ്യ വിദേശ യാത്ര പോകുന്നത്..
വിമാനമെന്നാല്‍ ആകാശത്ത് പറക്കുന്ന യന്ത്ര പക്ഷിയെന്ന സങ്കല്‍പ്പം മാറ്റി അതിലെ  ആദ്യ യാത്ര.. അതും ജപ്പാനിലേക്ക്‌‌.. !!
ഹോ..!! ഇതിനിടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടു കഴിഞ്ഞെന്നോ..!!
അക്കരെ  അക്കരെയിലെ ദാസനും വിജയനും അമേരിക്കയില്‍ കുറ്റാന്വേഷണത്തിന് പോയ പോലെ  ജപ്പാനില്‍ ക്ലയന്റ് ലൊക്കേഷനില്‍ ഒരു പുതിയ പ്രൊജക്റ്റ്‌ ചെയ്യാന്‍ പോകുവാണ് ഞങ്ങള്‍..
അവിടെ  ഞങ്ങള്‍ക്ക്‌ കൂട്ടിനു നിഷാന്തും ഉണ്ട്..
അവന്‍ അവിടെ അടിമപ്പണി തുടങ്ങീട്ട് മൂന്നു മാസമായി..
അങ്ങോട്ട്‌ ചെല്ലുമ്പോള്‍ കൊണ്ട് ചെല്ലണ്ട സാധനങ്ങളുടെ ഒരു പട്ടിക നേരത്തേ തന്നെ  അവന്‍ അയച്ചു തന്നിരുന്നു..

ഇന്നലെ വൈകിട്ട് തന്നെ ബിഗ്‌ ബസാറില്‍ കയറി അതെല്ലാം വാങ്ങി..
കുറെ മസാലകള്‍, രണ്ടു പാക്കറ്റ് ചിപ്സ്, ഒരു ക്ലോസ് അപ്പ്‌ പേസ്റ്റ്, കുറച്ചു തെങ്ങാപ്പൊടി , പിന്നെ രണ്ടു രാധാസും..
ഞങ്ങള്‍  പുതിയ കുറച്ച്‌ വസ്ത്രങ്ങളും പിന്നെ വേണ്ട അവശ്യ സാധനങ്ങളും വാങ്ങിക്കൂട്ടി..

പുതിയൊരു റായ്ബാന്‍ കൂടെ ഘോഷിന്‍റെ ശേഖരത്തില്‍ എത്തി..  
ഞാന്‍ ഒരു ട്രോള്ളി വാങ്ങി..
ഘോഷ് വാങ്ങിയില്ല.. അവന്‍റെ വീട്ടിലുള്ള പെട്ടിയും കൊണ്ട് അച്ഛനും അമ്മയും മകനെ യാത്രയാക്കാനായി പാലക്കാട് നിന്നും ട്രെയിന്‍ കയറിയിട്ടുണ്ടായിരുന്നു..

അങ്ങനെ പ്രഭാതം പൊട്ടി വിടര്‍ന്നു..
ചിത്തിര  ഉണര്‍ന്നു.. ചിത്തിര ഞങ്ങളുടെ വീടാണെ..!!
ഘോഷ് രാവിലെ തന്നെ അച്ഛനെയും അമ്മയെയും സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി..
ഞാന്‍ കൊണ്ടു പോകാനുള്ള സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങി..
കുറച്ച്‌  കഴിഞ്ഞു കയ്യിലൊരു പെട്ടിയുമായി ഘോഷ് മടങ്ങിയെത്തി..
ആ  പെട്ടി കണ്ടത് മുതല്‍ ഞാന്‍ വാതോരാതെ ചിരി തുടങ്ങി..
അവനും കൂടെ കൂടി.. അതിന്‍റെ വലിപ്പത്തിന് നമുക്കതിനെ ഹാന്‍ഡ്‌ ബാഗ്‌ എന്നേ വിളിക്കാനാവൂ..
പിന്നെ ഞങ്ങള്‍ രണ്ടു പേരും കൂടെ എല്ലാ സാധനങ്ങളും ആ രണ്ടു പെട്ടികളിലായി ഒരു വിധം കുത്തി നിറച്ചു..

അപ്പോഴാണ്‌ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്..
ഈ  സാധനങ്ങളെല്ലാം വാങ്ങിയെങ്കിലും പെട്ടിക്ക് പൂട്ട്‌ വാങ്ങിയില്ല..
പിന്നെ ശ്രീകാര്യം ടൌണില്‍ പോയി..
അവിടെ ചൈനീസ് സാധനങ്ങള്‍ കിട്ടുന്ന ഒരു കടയുണ്ട്..
അവിടെ ചെന്ന് ഞാന്‍ ചോദിച്ചു "ചേട്ടാ ചെറിയ പൂട്ടുണ്ടോ..?"
"ഏറ്റവും വില കുറഞ്ഞത് മതി..!!"
ചേട്ടന്‍ പൂട്ടും കൊണ്ടു വന്നു..
"എത്രയാ ചേട്ടാ വില..?"
"25 രൂപ.."
"ചേട്ടാ ഇത്രേം വിലയുള്ളത് വേണ്ട..
ഒരു 5 രൂപയുടെ ഐറ്റം വല്ലോം ഉണ്ടോ..?"
ചേട്ടന്‍ രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി.. അകത്തു പോയി ചൂടി കയര്‍ കൊണ്ട് വന്നു കെട്ടിക്കോ എന്ന് പറയും എന്ന് ഞാന്‍ വിചാരിച്ചു..
അവസാനം കിട്ടിയ പൂട്ടും കൊണ്ട് വീട്ടില്‍ വന്നു..
പെട്ടികള്‍ എല്ലാം പൂട്ടി ഭദ്രമാക്കി..
അങ്ങനെ ഞങ്ങള്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ അത്യാവശ്യം വേണ്ട ഐറ്റം മാത്രം ഇല്ലായിരുന്നു..
എന്താണെന്നല്ലേ..!! ഞങ്ങളുടെ വിസ..!!
അതിതു വരെ പാസ്സ്പോ൪ട്ടില്‍ അടിച്ചു വന്നിട്ടില്ലായിരുന്നു..
പിന്നെ ടിക്കറ്റ്‌ എടുത്തിട്ടുമില്ലായിരുന്നു..
"വിശ്വാസം..!! അതല്ലേ എല്ലാം..!!"
വിസ വരാതിരിക്കില്ല എന്ന ശുഭ പ്രതീക്ഷയോടെ ഞങ്ങള്‍ ഓഫീസില്‍ നിന്നുള്ള വിളി കാത്തിരുന്നു..
അങ്ങനെ  കാത്തു കാത്തു ഉച്ച ആയപ്പോള്‍ വിളി വന്നു..
ഉച്ചഭക്ഷണം പോലും മറന്നു ഞങ്ങള്‍ ഘോഷിന്‍റെ എഫ്‌ സിയില്‍ യാത്ര തിരിച്ചു..
അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ വല്യ മുതലാളി പ്രകാശ് ആശാന്‍:
"നിങ്ങളുടെ ടിക്കറ്റ്‌ ശരിയായിട്ടുണ്ട്.. അത് പ്രിന്‍റ് ചെയ്തെടുത്തേക്ക്.."
"അപ്പൊ വിസ..?"
ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു..
"വരും.. വരാതിരിക്കില്ല.."
അതൊരു ഇടിത്തീ ആയാണെന്റെ മനസ്സില്‍ പതിച്ചത്..
വിസ വരുന്നതും കാത്തു ഞങ്ങള്‍ സീറ്റില്‍ പോയി ഇരുന്നു..
അപ്പോള്‍ ഞങ്ങളുടെ കൊച്ചു മുതലാളി.. അജിത്ത്.. വന്നു..
"നീ വരുമ്പോ എനിക്കൊരു "ടക്കീല" കൊണ്ടു വരണം..!!"
"ഷക്കീല" എന്നു കേട്ടിട്ടുണ്ട്.. എന്താണീശ്വരാ ഈ "ടക്കീല"..!!?
ഞാന്‍  മനസ്സില്‍ ഓര്‍ത്തത്‌ എന്‍റെ മുഖത്ത് വായിച്ച പോലെ അവന്‍ പറഞ്ഞു "അതവിടെ ചെലവ് കുറഞ്ഞു കിട്ടുന്ന ഒരു മെക്സിക്കന്‍ മദ്യമാണ്..!!"
"ടക്കീലയോ മറ്റെന്ത് കുന്തമോ കൊണ്ടു വരാം.. ആദ്യം വിസ വരട്ടെ..!!"
അങ്ങനെ ഉദ്ദേശം നാലു മണിയോടടുപ്പിച്ച് ഞങ്ങളുടെ വിസ വന്നു..
ഏഴു മണി കഴിയുമ്പോഴാണ് ഫ്ലൈറ്റ്..
രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണ൦..
അപ്പൊ ഇനി ആകെ ഉള്ളത് ഒരു മണിക്കൂര്‍..
"വാടാ ഘോഷേ..!! പെട്ടെന്ന്‍ ഇറങ്ങാം.. വീട്ടില്‍ കാബ് വരും.. ഒരു പത്തു മിനുട്ടോണ്ട് വീടെത്തണ൦.."
ഇറങ്ങാന്‍ ഒരുങ്ങിയ ഞങ്ങള്‍ക്ക്‌ മുന്നില്‍ ഒരാള്‍ ചാടി വീണു..
ഞങ്ങളുടെ കളിക്കളം ആഘോഷ ക്ലബിന്‍റെ ഭാരവാഹി..
മാസ പിരിവായിരുന്നു കാര്യം..
"നമ്മള്‍ ഇനി ഒരു നാലു മാസത്തേക്ക്‌ പിരിവൊന്നും നടത്തില്ല.. അതോണ്ട് ഒരു 200 രൂപ തരണം..!!"
ഈ പിരിവ്‌ നാളെ നടന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോയി..
പോക്കറ്റില്‍ നിന്നും 200 രൂപ എടുത്ത് കൊടുത്തു..
ഉടനെ  അടുത്ത് നിന്ന നമ്മുടെ കൊച്ചു മുതലാളി അജിത്ത്..
"നിങ്ങള്‍ക്ക്‌ ഇനി ഇന്ത്യന്‍ രൂപയോന്നും തല്‍ക്കാലം ആവശ്യമില്ലല്ലോ.."
എന്‍റെ കാശും കൂടെ കൊടുത്തേക്ക്.."
എന്‍റെ പഴവങ്ങാടി ഗണപതീ.. ഇങ്ങേരുടെ എച്ചിത്തരം മാറ്റിയാല്‍ ഞാന്‍ നിനക്കൊരു തേങ്ങ ഉടച്ചേക്കാമേ..!! ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..
അങ്ങനെ കയ്യിലുണ്ടായിരുന്ന അവസാന ഇന്ത്യന്‍ രൂപയും അവിടെ സംഭാവന അര്‍പ്പിച് ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി..
നൂറേ നൂറ്റിപ്പത്ത് വേഗത്തില്‍ ആണ് ഞങ്ങള്‍ പോയത്‌.. അല്ല പറന്നത്..
അങ്ങനെ ഞങ്ങള്‍ 10 മിനിറ്റ് കൊണ്ട് ലക്ഷ്യ സ്ഥാനത്തിന് അടുത്തെത്തി..
ഞങ്ങളുടെ കാഴ്ചാവലയത്തില്‍ ചിത്തിരയും അതിനു മുന്നിലായി ഞങ്ങള്‍ക്ക്‌ പോകേണ്ട കാബും കണ്ടു..
ഡ്രൈവര്‍ ചേട്ടന്‍ ഞങ്ങളെ കണ്ടപ്പോ കൈ ഉയര്‍ത്തി കാണിച്ചു..!!
ഞാനും ഒരു ഹായ് പറഞ്ഞു കൈ ഉയര്‍ത്തി..
പിന്നെ സംഭവിച്ചത്‌ ഒരു നിമിഷം കഴിഞ്ഞേ എനിക്ക് മനസ്സിലായുള്ളൂ..
അപ്പോള്‍ ഘോഷും ബൈക്കും താഴെ കിടപ്പുണ്ട്..
ഞങ്ങളുടെ ഇടതു വശത്ത് ഒരു ക്വാളിസും..
അതില്‍  നിന്നും ഒരപ്പൂപ്പന്‍ എന്തു ചെയ്യണമെന്നറിയാതെ നോക്കുന്നു..
ഹോണ്‍ അടിക്കാതെയാണോ ഇടറോഡില്‍ നിന്നും വരുന്നതെന്നും ചോദിച്ചു അടിയുണ്ടാക്കണമെന്നുണ്ടായിരുന്നു..
പക്ഷെ സമയക്കുറവും അദ്ദേഹത്തിന്റെ പ്രായവും മാനിച്ച് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല..
അവനെ ഞാനും ഡ്രൈവര്‍ ചേട്ടനും കൂടെ എഴുന്നേല്‍പ്പിച്ചു..
ഞാന്‍  ചോദിച്ചു..
"എന്തേലും പറ്റിയോടാ..?"
"വണ്ടീടെ ഗ്ലാസ്‌ പൊട്ടീന്നു തോന്നുന്നു.."
"അതല്ല.. നിനക്കെന്തെങ്കിലും പറ്റിയോ..?"
"എനിക്കൊന്നും പറ്റിയില്ല.."
അതു പറഞ്ഞോണ്ട് നില്‍ക്കുമ്പോഴാണ് എന്‍റെ കാലിന്‍റെ വേദന ഞാന്‍ അറിയുന്നത്..
നോക്കുമ്പോള്‍ മുട്ടിനു താഴെ വലിയൊരു മുറിവ്..
രക്തം നിര്‍ത്താതെ വന്നോണ്ടിരിക്കുന്നു..
ഈശ്വരാ.. പുതിയ പാന്‍റ്.. അതു മുകളില്‍ നിന്നും താഴെ വരെ മുഴുവന്‍ കീറിയിരിക്കുന്നു...
ഭാഗ്യം.. എല്ല് പൊട്ടിയിട്ടില്ല..
ഞങ്ങള്‍ ഡ്രൈവര്‍ ചേട്ടനോട് കുശലം പറഞ്ഞോണ്ട് വണ്ടീം തള്ളി വീട്ടിലേക്ക്‌ നടന്നു..

"ചേട്ടന്‍ കൈവീശി കാണിച്ചത്‌ ഞാന്‍ കണ്ടിരുന്നു..!!"


"ഏയ്.. ഞാന്‍ കൈവീശി ഹായ് പറഞ്ഞതല്ല.. ഇടറോഡീന്നു വണ്ടി വരുന്നത് കണ്ടു നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതാ..!!"

ഭാഗ്യം..!! ഞാന്‍ ചമ്മിപ്പോയത് വേറാരും അറിഞ്ഞില്ല..!!

അങ്ങനെ എല്ലാം കെട്ടി പെറുക്കി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി..
ഘോഷിന്‍റെ  അച്ഛനെയും അമ്മയേയും കുറച്ചു മുന്‍പ് നടന്ന അപകടം അറിയിക്കാതെ ഒരു വിധം എയര്‍പോര്‍ട്ടില്‍ കയറിക്കൂടി..
അങ്ങനെ  സുരക്ഷാ പരിശോധന കഴിഞ്ഞു ഞങ്ങള്‍ ഇമ്മിഗ്രേഷന്‍ ക്ലിയര്‍ ചെയ്യാന്‍ ചെന്നു..
ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ഞങ്ങളുടെ ബിസിനസ്‌ വിസ കണ്ടപ്പോള്‍ ഒരു ചോദ്യം..
"കൊച്ചു പയ്യന്മാരായ നിങ്ങള്‍ അവിടെ എന്ത് ഡിസ്കഷന്‍ ആണ്ചെയ്യാന്‍ പോകുന്നത്..?"
"സാര്‍.. അത് പിന്നെ.. വര്‍ക്ക്‌..!! അല്ല ഡിസ്കഷന്‍..!!
അതിനു തന്നെയാ പോകണേ..!!
ഇത് കണ്ടോ ഇന്‍വിറ്റേഷന്‍ ലെറ്റര്‍ ഒക്കെ ഉണ്ട്.."
എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ തടി തപ്പി..!!
അങ്ങനെ ആദ്യ വിമാനയാത്ര ആസ്വദിച്ച് പിറ്റേന്ന് രാത്രി ഞങ്ങള്‍ ജപ്പാനില്‍ നഗോയ എയര്‍പോര്‍ട്ടില്‍ ഇറങ്ങി..
കൂട്ടത്തില്‍ അല്പമെങ്കിലും ജപ്പാനീസ് അറിയാവുന്നത് ഘോഷിനാണ്..
ചെന്നിറങ്ങിയപ്പോള്‍ വിദേശികളുടെ ക്ലിയറന്‍സിനായി ഞങ്ങള്‍ ക്യൂവില്‍ നിന്നു..
ഘോഷ് മുന്നിലും ഞാന്‍ പിന്നിലും..
അങ്ങനെ ഞങ്ങളുടെ അവസരം വന്നു..
അവനെ ആദ്യം വിളിച്ചു..
അവന്‍ അങ്ങ് ദൂരെ ചെന്ന് അവരോടെന്തൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു..
ഇടക്ക് എനിക്ക് നേരെ കൈ ചൂണ്ടുന്നതും കണ്ടു..
ഈശ്വരാ ഇനി ഇവനെങ്ങാനും അവിടെ ചെന്ന് ജാപ്പനീസ് വല്ലതും  പറഞ്ഞോ..??
ആകെ ടെന്‍ഷന്‍..!! അപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു അവനെ കൊണ്ടു പോകുന്നത് കണ്ടു..
ഉറപ്പായി.. അവന്‍ ജാപ്പനീസ്‌ പറഞ്ഞു കാണും..!!
പിന്നാലെ എന്നേം വിളിച്ചോണ്ടു പോയി..
ഞങ്ങളെ  ഒരു റൂമില്‍ കൊണ്ട് ചെന്നിരുത്തി..
ഒരാള്‍ വന്നു ജാപ്പനീസില്‍ എന്തൊക്കെയോ പറഞ്ഞു..
പിന്നെ ഞങ്ങളുടെ ഇന്‍വിറ്റേഷന്‍ ലെറ്റ൪ വാങ്ങിക്കൊണ്ട് പോയി..
ഈശ്വരാ..!! ഭാഷയറിയാത്ത നാട്ടില്‍ വന്നു ജയിലില്‍ കിടക്കേണ്ടി വരുമോ..?

കുറച്ചു കഴിഞ്ഞു അയാള്‍ തിരിച്ചെത്തി..
"നിങ്ങള്‍ക്ക്‌ പോകാം" (ജാപ്പനീസില്‍ ആണേ പറഞ്ഞത്‌.. ആവശ്യം വരുമ്പോ അറിയാത്ത ഭാഷയൊക്കെ മനുഷ്യന് താനേ മനസ്സിലാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌..)
ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ പുറത്ത്‌ കാത്തു നിന്ന കൂട്ടുകാരന്‍റെ അടുത്തേക്ക്‌ നീങ്ങി..

നിഷാന്തിനെ കണ്ടപ്പോള്‍ പോലീസുകാര്‍ യോഷിദാമ്മാവനെ (ഞങ്ങടെ അന്ന ദാദാവ്) വിളിച്ചു വിവരങ്ങള്‍ തിരക്കിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍  പുറത്തിറങ്ങാന്‍ പറ്റിയതെന്നും മനസ്സിലായി..

എന്തായാലും സംഭവ ബഹുലമായ ആ യാത്ര എന്‍റെ ജീവിതാന്ത്യത്തോളം ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കും..!!



വ്യാഴാഴ്‌ച, ജൂലൈ 28, 2011

റിയാലിറ്റി ഷോ എന്ന റിയല്‍ "ഷോ"..!!

മനുഷ്യന്റെ സഹജമായ അഭിനിവേശമാണ് കാലാനുസൃതമായ മാറ്റം..
നമ്മളോട് സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും അത് കാണുവാന്‍ സാധിക്കും...
ഒരേ കാര്യം ഒരു പരിധിയില്‍ കൂടുതല്‍ ഒരേ രീതിയില്‍ ആസ്വദിക്കാന്‍ നമുക്ക് ബുദ്ധിമുട്ടാണ്..
അതിനോടുള്ള താല്പര്യം താനേ കുറയുന്നത് സ്വാഭാവികം..
ഉദാഹരണത്തിന് ക്രിക്കറ്റ്‌ എന്ന കളിയുടെ കാര്യം തന്നെ എടുക്കാം..
ടെസ്റ്റ്‌ കളിയോടുണ്ടായിരുന്ന താല്പര്യം പ്രേക്ഷകര്‍ക്ക് ട്വന്റി ട്വന്റിയോടും ഏകദിനങ്ങളോടുമേ ഇന്നുള്ളൂ..
അത് പോലെ തന്നെ ടിവി പരിപാടികളും വ്യത്യസ്തമായാലേ കാഴ്ചക്കാരെ കിട്ടൂ..
അങ്ങനെയാണല്ലോ റിയാലിറ്റി ഷോ എന്നൊരു സംഭവത്തിന്‌ ഇത്രയധികം ജനപ്രീതി കിട്ടിയത്..
പാട്ടും നൃത്തവും ഹാസ്യവും ഒക്കെയായിട്ടായിരുന്നു റിയാലിറ്റി ഷോകളുടെ തുടക്കം..
പിന്നീടത്‌ പാചകത്തിനും അഭിനയത്തിനും വഴി മാറി..
ഇപ്പോള്‍ ഇതൊന്നും പോരാഞ്ഞു പുതിയൊരു രൂപം വന്നിരിക്കുന്നു..
കല്യാണം..!! കല്യാണം എന്ന് പറഞ്ഞാല്‍ പോര.. സ്വയംവരം എന്ന് തന്നെ പറയണം..
അത് തന്നെ..!! പണ്ട് പുരാണങ്ങളില്‍ ഒക്കെ കേട്ടിട്ടുള്ള അതേ സാധനം..
പണ്ട് പുരുഷന്മാര്‍ക്ക് വേണ്ട ഗുണങ്ങള്‍ വില്ലെടുത്തു കുലക്കലും ഗദയെടുത്ത് പോരാടലും ആയിരുന്നു..
ഇന്ന് വേണ്ട ഗുണങ്ങള്‍ മാറിയെന്നു മാത്രം..
തുണി അലക്കാനും ഭക്ഷണം പാചകം ചെയ്യാനും നിലം തുടക്കാനും ഉള്ള കഴിവുകള്‍ ആണ് ഇന്ന് പരീക്ഷിക്കപ്പെടുന്നത്..
ഇതില്‍ എത്രമാത്രം നിപുണന്‍ ആണെന്നതിനനുസരിചിരിക്കും വിജയം..
അതായത് വിജയിയായി വേണ്ടത് ഒരു വീട്ടു വേലക്കാരനെ എന്ന് ചുരുക്കം..
ഇതിനായി ഒരു കൂതറയെ ഒരുക്കി കെട്ടി നിര്‍ത്തിയിട്ടുണ്ടാവും..
കുറെ ആണുങ്ങള്‍ (അവന്മാരെ അങ്ങനെ വിളിക്കാമോ ആവോ.. ) ഇവള്‍ക്ക് വേണ്ടി മത്സരിക്കും..
ഇവന്‍റെ ഒക്കെ ആക്രാന്തം കണ്ടാ തോന്നും ഇവനൊന്നും വേറെ പെണ്ണിനെ കണ്ടിട്ടില്ലെന്ന്..
ഇതില്‍ വിജയിക്കുന്നവനെ ലവള്‍ മാലയിട്ടു സ്വീകരിക്കുമത്രേ..
നല്ല veriety  അല്ലേ.. ??
ഒരു ഹിന്ദി ചാനലില്‍ റിയാലിറ്റി ഷോയുടെ ഭാഗമായി കടി.. ഛെ.. നടി രാഖീ സാവന്ത് ഒരുത്തനെ കല്യാണം കഴിച്ചിരുന്നു..
കല്യാണം കഴിഞ്ഞു രണ്ടാം നാള്‍..  അവന്‍റെ പണി മടുത്തിട്ടാണോ എന്നറിയില്ലാ പണിക്കാരനെ ഡിസ്മിസ് ചെയ്തു..
അതോ ഇനി ഇവള്‍ടെ ശല്യം സഹിക്കാന്‍ വയ്യാതെ അവന്‍ ഇറങ്ങിപ്പോയതാണോ ആവോ..
എന്തായാലും അതവിടെ തീര്‍ന്നു..
പിന്നാലെ പുള്ളിക്കാരിക്ക് പുതിയ ആഗ്രഹം..
രാഹുല്‍ ഗാന്ധിയെ കല്യാണം കഴിക്കണം..
കുറെ കാലം പൂവാലയായി പുറകെ നടന്നു..
ശല്യം സഹിക്കാതെ നമ്മുടെ രാഹുല്‍ജി സോണിയാജിയോടു കാര്യം പറഞ്ഞു..
കേട്ട പാതി കേള്‍ക്കാത്ത പാതി അവര്‍ അടുക്കളയില്‍ നിന്നും വെട്ടുകത്തിയെടുത്ത് ഇറങ്ങി..
അതോടെ രാഹുല്‍ ഗാന്ധിയോടും നമ്മുടെ നായികക്ക് വെറുപ്പായി..
ഇപ്പൊ പുതിയ നായകന്‍റെ പുറകെയാണ് രാഖി..
ആരാണെന്നല്ലേ..!! സത്യാഗ്രഹം കൊണ്ട് ഒരു ഭരണകൂടത്തെ മുഴുവന്‍ വിറപ്പിച്ച കോടീശ്വരനായ ബാബാ രാംദേവ്..
അങ്ങേരെ സ്വന്തമാക്കാന്‍ വേണ്ടി അവര്‍ രണ്ടു പേര്‍ മാത്രം പങ്കെടുക്കുന്ന ഒരു റിയാലിറ്റി ഷോ നടത്താന്‍ പുള്ളിക്കാരി ചാനെലിനോടു ആവശ്യപ്പെടുകയും ചെയ്തു..
ജീവിതം മുഴുവന്‍ ഒരു റിയാലിറ്റി "ഷോ" ആയ ഈ പെണ്ണിനൊക്കെ ഇത് "റിയല്‍ ഷോ" യും പബ്ലിസിറ്റിയും..
നാണം കെടുന്നത് ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്ന പാവങ്ങള്‍ മാത്രം...

ഈശ്വരാ .. ഈ പെണ്ണൊരുമ്പെട്ടാല്‍ എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് ഇവളെ ഒക്കെ ഉദ്ദേശിച്ചായിരിക്കും..!! അല്ലേ ..?

ബുധനാഴ്‌ച, ജൂലൈ 27, 2011

നീല ഷര്‍ട്ട് ഇടുന്നത് തെറ്റാണോ..?

നീല ഷര്‍ട്ട് ഇടുന്നത് ഒരു തെറ്റാണോ..?
ആണെന്നാണ്‌ ഇന്നലെ ആലപ്പുഴയില്‍ നടന്ന ഒരു സംഭവം വ്യക്തമാക്കുന്നത്..
നമ്മുടെ സമയം നല്ലതല്ലെങ്കില്‍ നീല എന്നല്ല ഷര്‍ട്ട്‌ ഇടുന്നത് തന്നെ തെറ്റാണ്..

സിനിമാ കഥയെ വെല്ലുന്ന സംഭവം ഞാന്‍ വിവരിക്കാം..

കടുവയെ പിടിച്ച കിടുവ എന്ന് പറയാവുന്ന ഒരു മോഷ്ടാവ് സംഘം ..
എന്താണെന്നല്ലേ.. അവരുടെ മോഷണത്തിന് ഇരയായത് ഒരു വനിതാ പോലീസാണ്..

ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചു വന്ന മോഷ്ടാവ് സംഘം, വനിതാ പോലീസിന്റെ (അവര്‍ ഡ്യൂട്ടിയില്‍ ആയിരുന്നോ എന്ന് വ്യക്തമല്ല) കഴുത്തില്‍ കിടന്ന സ്വര്‍ണ മാലയും പോട്ടിചോണ്ട് കടന്നു കളഞ്ഞു..
നമ്മുടെ ബുദ്ധിമതിയായ പോലീസുകാരി വണ്ടി നമ്പര്‍ ശ്രദ്ധിക്കാതെ പുറകിലിരുന്നവന്റെ ഷര്‍ട്ട്‌ന്റെ കളര്‍ ആണ് നോക്കീത്..
ഒരു നീല ഷര്‍ട്ട്‌ ഇട്ടവന്‍ എന്റെ മാലയും പൊട്ടിച്ച് നിങ്ങളുടെ വഴിയെ വരുന്നുണ്ടെന്ന്‍ അവര്‍ സഹപ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞു..
കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാരും കൂടി പോലീസിന്റെ അഭിമാനം കാക്കാന്‍ ചാടി പുറപ്പെട്ടു..
ഇതൊന്നും അറിയാതെ നമ്മുടെ പാവം യുവാവ്‌ ഹെല്‍മെറ്റ് ധരിച്ച് ഒരു നീല ഷര്‍ട്ടും ഇട്ടു കൊണ്ട് അതു വഴി ബൈക്കില്‍ വന്നു ..
അദ്ദേഹത്തിന്റെ ചേട്ടന് വേണ്ടി പെണ്ണ് കാണാന്‍ പോയതാണ് പാവം..
മുന്നില്‍ ഒരു കാറിലായി ബാക്കി കുടുംബാംഗങ്ങളും ഉണ്ടായിരുന്നു..
നീല ഷര്‍ട്ടും ഹെല്‍മറ്റും കണ്ട പോലീസുകാര്‍ ആളെ കസ്റെഡിയില്‍ എടുത്തു കണക്കിന് പെരുമാറി എന്നാണു അറിയുന്നത്..
മോഷ്ടാവ് ഒരു പോറലും ഏല്‍ക്കാതെ രക്ഷപെടുകയും ചെയ്തു..

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ..
http://malayalam.webdunia.com/newsworld/news/keralanews/1107/26/1110726011_1.htm

ശനിയാഴ്‌ച, ജൂലൈ 23, 2011

മരണത്തിന്‍റെ വില..

കായല്‍ സൂര്യനെ വിഴുങ്ങുന്നതും നോക്കി വിഷാദ മുഖവും കലുഷിതമായ മനവുമായി അശ്വതി  ഇരുന്നു..
അവളുടെ മനസ്സില്‍ സാഗര തിരകള്‍ അലയടിക്കുകയായിരുന്നു..
ഓര്‍മകളുടെ  കാഠിന്യം അവളെ വല്ലാതെ അസ്വസ്ഥയാക്കി..
അരികില്‍ ഇതൊന്നുമറിയാതെ അര്‍ജുന്‍ കടലാസ് തോണി ഉണ്ടാക്കി കളിച്ചു രസിക്കുകയായിരുന്നു..
അവന്‍റെ ഭാവിയെ ഓര്‍ത്ത്‌ അവളുടെ നെഞ്ച് പിടയുകയായിരുന്നു..
ഈശ്വരാ.. എന്തിനു നീ ഞങ്ങളോടിത്ര ക്രൂരനാകുന്നു..?

അജയന്‍.. അവന്‍ ഓര്‍മയായിട്ട് ഇന്നേക്ക് മുപ്പതു നാള്‍ തികയുന്നു.. അവളുടെ മനസ്സില്‍ എല്ലാം ഒരു ചലച്ചിത്രം പോലെ തെളിഞ്ഞു വരുന്നു..

അവനെ  ആദ്യമായി കണ്ട ദിവസം..
കോളേജില്‍ പോകുകയായിരുന്ന തന്‍റെ നേരെ വഴിയരികിലെ കലുങ്കില്‍ നിന്നും വന്ന ഒരു ഏറു കണ്ണ്..
അതൊരു സൗഹൃദത്തിലേക്ക് വച്ച കാലടിയായി..
പിന്നീടാ സൗഹൃദം പ്രണയത്തിനു വഴി മാറിയതും വീട്ടുകാരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു കൊണ്ട് ഒരു പുതിയ ജീവിതം തുടങ്ങിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ..

നഗരത്തിലെ പ്രസിദ്ധമായ ഒരു കമ്പനിയില്‍ മെഡിക്കല്‍ റപ്രേസെന്റെറ്റിവ് ആയിരുന്നു അജയന്‍..
പേര് സൂചിപ്പിക്കും പോലെ ഒരു അതികായന്‍..
കാഴ്ചയില്‍ സുമുഖനും പെരുമാറ്റത്തില്‍ വിനയാന്വിതനും..
അതൊക്കെയാകാം തന്നെ അവനിലേക്ക്‌ അടുപ്പിച്ചത്.. അവള്‍ ഓര്‍ത്തു..
ചെറുപ്പത്തില്‍ തന്നെ ഒരു അപകടത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട അവനു മുത്തശ്ശിയായിരുന്നു ബന്ധുവെന്നു പറയാന്‍ ആകെ ഉണ്ടായിരുന്നത്..

ബന്ധുരാഹിത്യമായിരുന്നു അവനില്‍ തന്‍റെ മാതാപിതാക്കള്‍ കണ്ട ദോഷം..
അവരുടെ ഇഷ്ടത്തിനെതിരായി അജയന്റെ കൂടെ ഇറങ്ങി വന്നതും മുത്തശ്ശി ഒരു നിറഞ്ഞ പുഞ്ചിരിയോടെ തന്നെ സ്വീകരിച്ചതുമെല്ലാം അവള്‍ കണ്ണിനു മുന്നില്‍ കാണുകയായിരുന്നു..
സ്നേഹത്തിന്‍റെ ഒരു നിറകുടമായിരുന്നു ആ മുത്തശ്ശി‍.. 
തങ്ങള്‍ക്കു  പിറന്ന ഉണ്ണിയെ അവര്‍ നിലത്തു വച്ചിട്ടില്ല..
അന്ത്യ നിമിഷങ്ങളില്‍ പോലും അവരുടെ കണ്ണുകള്‍ തിളങ്ങുകയായിരുന്നു..
എന്‍റെ മോളെ നീ ഒരിക്കലും കരയിക്കരുതേ എന്നവര്‍ അജയനോട് പറയുകയായിരുന്നില്ല.. ആജ്ഞാപിക്കുകയായിരുന്നു..
ആ ആജ്ഞ അവന്‍ ജീവിച്ചിരുന്നത്രയും കാലം പാലിക്കുകയും ചെയ്തു..
അവന്‍റെ കൂടെയുള്ള ഒരു നിമിഷം പോലും അവള്‍ക്ക് സങ്കടമെന്തെന്നറിയേണ്ടി വന്നില്ല..

അജയന്‍റെ ബുദ്ധിമുട്ടുകള്‍ എല്ലാം അറിഞ്ഞു പെരുമാറുന്നവളായിരുന്നു അശ്വതി..
സാമ്പത്തികമായി ഉന്നതിയിലല്ലെങ്കിലും തങ്ങളുടെ ഓരോ ചെറിയ നിമിഷങ്ങളും നിമിഷവും അവര്‍ ആഘോഷിക്കുകയായിരുന്നു..

അന്നായിരുന്നു  തങ്ങളുടെ ജീവിതത്തിന്‍റെ താളം തകര്‍ത്തു കളഞ്ഞ ആ സംഭവം നടന്നത്..
അര്‍ജുന്റെ മൂന്നാം പിറന്നാളായിരുന്നു അന്ന്..
ഞങ്ങള്‍ക്ക്‌ ദൈവം തന്ന ആ നിധിയുടെ , ആ ദൈവ ദൂതന്‍റെ എല്ലാ പിറന്നാളുകളും ഞങ്ങള്‍ ആഘോഷിക്കാറുണ്ട്..
ഇത്തവണ അവധി ദിനമായത് കൊണ്ട് അജയനാണ് കേക്കും മറ്റും വാങ്ങാന്‍ പോയത്..

തന്നെ കാത്തിരുന്ന വാര്‍ത്ത‍ കേട്ട് അശ്വതി മോഹാലസ്യപ്പെട്ടു വീണു..
തന്‍റെ പ്രിയതമന്‍ ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു..
തന്‍റെ ബൈക്കിന്റെ കുറുകെ അശ്രദ്ധ൦ ഓടിയ ഒരു പിഞ്ചു പൈതലിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണം വിട്ടു അടുത്ത് നിര്‍ത്തിയിട്ടിരുന്ന  കാറില്‍ ഇടിക്കുകയായിരുന്നു..

അവന്‍റെ മൃതശരീര൦ നോക്കി പ്രജ്ഞയറ്റ്‌ അശ്വതി ഇരുന്നു..
അവള്‍  പാതി മരിച്ചു കഴിഞ്ഞിരുന്നു..
ഭൗതിക ശരീരം മാത്രമേ അവിടെ ജീവനോടെ ഉണ്ടായിരുന്നുള്ളൂ..

അയല്‍വാസികള്‍ ആരൊക്കെയോ അവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു..
പക്ഷേ അവള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല..
മരണം കഴിഞ്ഞു മൂന്നാം നാളാണ് അവള്‍ ജലപാനം ചെയ്തത്..
ജീവിതത്തോടുള്ള അവളുടെ ആശ തന്നെ നഷ്ടപ്പെട്ടിരുന്നു..
മകനെ ഓര്‍ത്തു മാത്രമാണ് അവള്‍ ജീവിക്കാന്‍ ഉറച്ചത്..
പക്ഷേ മുന്നില്‍ ശൂന്യത മാത്രം..
തന്‍റെ പഠനം വഴിക്ക് വച്ച് മുടങ്ങിയതില്‍ അവള്‍ക്ക് ആദ്യമായി വ്യസനം തോന്നി..

"ഇതാണോ അജയന്റെ വീട്..?"
ചോദ്യം കേട്ട് അവള്‍ ഞെട്ടി എണീറ്റു..
ധാര ധാരയായി ഒഴുകിയിരുന്ന കണ്ണുനീര്‍ തുടച്ചുകൊണ്ടവള്‍ പറഞ്ഞു..
"അതെ..!! ആരാണെന്ന് മനസ്സിലായില്ല.."
"ഞാന്‍ LICയില്‍ നിന്നും വരുകയാണ്..
അജയന്‍ ഒരു പോളിസി എടുത്തിട്ടുണ്ടായിരുന്നു..
നിങ്ങളായിരുന്നു നോമിനി..
അതിന്‍റെ ചെക്ക് ശരിയായിട്ടുണ്ട്..
അത് തരാന്‍ വന്നതാ..!!"
 അയാള്‍ ഒരു ചെക്ക് എടുത്ത് അവള്‍ക്കു നേരെ നീട്ടി..
വിറയാര്‍ന്ന കൈകളാല്‍ അവള്‍ ആ ചെക്ക്കൈപ്പറ്റി..
അയാള്‍  നടന്ന് അകലുമ്പോള്‍ അവള്‍ ആ ചെക്കിലേക്ക് കണ്ണെടുക്കാതെ നോക്കുകയായിരുന്നു..
അപ്പോഴും  അവളുടെ കൈകളുടെ വിറയല്‍ നിന്നിട്ടില്ലായിരുന്നു..
അവളുടെ കണ്ണില്‍ നിന്നും ഒരു നദി ഉധ്ഭവിക്കുകയായിരുന്നു..

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

സമ്മാനം..

ഇന്നെനിക്ക് എന്‍റെ സുഹൃത്തും സഹപാഠിയുമായ അനൂപ്‌ ഒരു സമ്മാനം തന്നു..
അധികം  ആര്‍ക്കും കിട്ടാനിടയില്ലാത്ത ഒരു സമ്മാനം..
എന്‍റെ ഒരു കാര്‍ട്ടൂണ്‍..
ഞങ്ങളുടെ സ്കൂള്‍ കാലഘട്ടത്തെ ആസ്പദമാക്കി അവന്‍ വരച്ചത്..
അതി മനോഹരമായ ഒരെണ്ണം..
എന്നെ  സംബന്ധിച്ചിടത്തോളം അമൂല്യമായ ഒന്ന്..

എന്‍റെ ബ്ലോഗ്‌ വായിക്കുന്ന എല്ലാര്‍ക്കും വേണ്ടി അത് ഞാന്‍ ഇവിടെ ചേര്‍ക്കുന്നു..
ഇതൊരു നിധി പോലെ ഞാന്‍ സൂക്ഷിക്കും..


കോടി നന്ദി അനൂപ്‌..

ചൊവ്വാഴ്ച, ജൂലൈ 19, 2011

പ്രവാചകന്മാരെ ഇതിലേ ഇതിലേ ..!!

എന്നും എവിടേയും പ്രവാചകര്‍ക്ക് നാം സമൂഹത്തില്‍ ഉന്നത സ്ഥാനമാണ് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്..
ചരിത്ര താളുകളില്‍ ഇടം നേടാന്‍ മാത്രം പ്രസിദ്ധി ആര്‍ജിച്ച എത്ര പ്രവാചകരെ പറ്റി നാം കേട്ടിരിക്കുന്നു..
കാല യവനികക്കുള്ളില്‍ മറഞ്ഞ അവരില്‍ പലരും അതിവിസ്മയകരമായ ഒരു പാട് പ്രവചനങ്ങള്‍ നടത്തിയിട്ടുമുണ്ട്..
ഇന്നും അതിന്റെ ചൂട് പറ്റി ഒരു പാട് പേര്‍ ഈ രംഗത്ത് തിളങ്ങി നില്‍ക്കുന്നു..
കപട പ്രവാചകന്മാരും ഒട്ടും കുറവല്ല..
ഈ പ്രവചനങ്ങള്‍ക്കെല്ലാം വ്യക്തമായ അടിസ്ഥാനം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതില്‍ പലര്‍ക്കും മറുപടി ഇല്ല എന്നതാണ് വാസ്തവം..
നമ്മുടെ ജ്യോതിഷ ശാസ്ത്രം വ്യക്തമായ അടിത്തറ ഉണ്ടെന്നവകാശപ്പെടുന്നു..
പക്ഷെ ഇതൊരു മിഥ്യാധാരണ സൃഷ്ടിക്കുവാനുള്ള ശ്രമമാണോ എന്ന് ഞാന്‍ സംശയിക്കുന്നു..
അതിനെ പറ്റി വ്യക്തമായ ധാരണ ഇല്ലാത്തതാവാം കാരണം..
പക്ഷെ ഒന്ന് മാത്രം നമുക്ക് വ്യക്തമാണ്...
ഇവരെല്ലാം ചൂഷണം ചെയ്തത് മനുഷ്യന് അവന്‍റെ ഭാവിയെ പറ്റിയുള്ള അകാരണമായ ഉത്‌ക്കണ്‍ട അല്ലെങ്കില്‍ അടങ്ങാത്ത തൃഷ്ണ- ഇവയില്‍ ഏതെങ്കിലും ഒന്നിനെ ആയിരുന്നു..
ഇക്കാലമത്രയും നമ്മള്‍ കണ്ടിരുന്നത്‌ പ്രവാചകരുടെ മനുഷ്യ അവതാരങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ കാലം അതിനെയും ഒരു പരിണാമത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു..
ഇപ്പോള്‍ മനുഷ്യേതര ജീവികള്‍ പ്രവചിക്കുന്നതിനോടാണ് ഏവര്‍ക്കും താല്പര്യം..
ഇതില്‍ ലോക ശ്രദ്ധ ആദ്യം പിടിച്ചു പറ്റിയത് പോള്‍ എന്ന് പേരുള്ള ഒരു നീരാളിയായിരുന്നു..
ഇതിനെ വളര്‍ത്തിയിരുന്ന ജര്‍മ്മനിയിലെ ഒരു അക്വേറിയം ഉടമസ്ഥര്‍ പറയുന്നത് അതിനു പ്രവചന സിദ്ധി ജനിച്ചപ്പോള്‍ കിട്ടിയിട്ടുണ്ടെന്നാണ്..
മത്സര വിജയികളെ പ്രവചിക്കാന്‍ മിടുക്കനാണത്രെ  പോള്‍..
രണ്ടില്‍ ഒരാള്‍ എന്ന രീതിയാണത്രെ പുള്ളിക്കാരന്‍റെത്..
രണ്ടു പാത്രങ്ങളില്‍ തീറ്റ വെച്ച് കൊടുത്ത് അത് ആദ്യം പോയി എടുക്കുന്നത് എന്തെങ്കിലും ഒരു പാത്രത്തിലെ ഭക്ഷണമായിരിക്കും..
ആ പാത്രം ആരെ അല്ലെങ്കില്‍ എന്തിനെ വിരല്‍ ചൂണ്ടുന്നുവോ അവര്‍ വിജയി എന്നാണത്രേ..
ഓരോരോ കണ്ടു പിടുത്തങ്ങളേ.. എന്തായാലും കഴിഞ്ഞ പുരുഷ ഫുട്ബോള്‍ ലോക കപ്പോടെ ആള് ലോക പ്രസിദ്ദനായി..
അതു കൊണ്ടെന്താ മരിക്കാന്‍ നേരത്ത് പോലും അവനു വേണ്ടി കന്നീരോഴുക്കാന്‍ ലക്ഷ കണക്കിന് ആള്‍ക്കാര്‍ ലോകത്തുണ്ടായി..
ഒരു സാധാരണ നീരാളിയെ കൊണ്ട് സാധിക്കുന്നതാണോ ഇതൊക്കെ..?

പോളിന്‍റെ ചിത്രം താഴെ...






ഇപ്പോഴിതാ നെല്ലി എന്ന് പേരുള്ള ഒരു ആഫ്രിക്കന്‍ പിടിയാന പോളിന്റെ ദൌത്യം ഏറ്റെടുത്തിരിക്കുന്നു..
വീണ്ടും ജര്‍മ്മനിയിലെ ഒരു മൃഗശാലയാണ് സ്ഥലം.. ഇവിടെ ഇവള്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടാണ് പ്രവചനം നടത്തുന്നത്..
ഒന്നൂടെ എരിവും പുളിയുമായല്ലോ..
തോല്‍ക്കാന്‍ സാധ്യത ഉള്ള ടീമിനായി ഉണ്ടാക്കിയ ഗോള്‍ പോസ്റ്റില്‍ ഇവള്‍ ഗോള്‍ അടിച്ചു കേറ്റുമത്രേ..
ഇത്തവണത്തെ വനിതാ ലോക കപ്പിന്റെ വിജയികളെ പ്രവചിച്ചാണ് നെല്ലി ലോക പ്രശസ്തയായിരിക്കുന്നത്..

നെല്ലി ഫുട്ബോള്‍ കളിക്കുന്നു..


ഞാനും തീരുമാനിച്ചു കഴിഞ്ഞു.. അടുത്ത ലോക കപ്പോടെ ഞാനും ലോക പ്രശസ്തനാകും..
എന്‍റെ വീട്ടിലെ നായക്കുട്ടിക്ക് ഞാന്‍ രണ്ടു പാത്രത്തില്‍ ചിക്കന്‍ വച്ചു കൊടുക്കും..
അതില്‍ ആദ്യം ഏതു പാത്രത്തില്‍ നിന്നവന്‍ ചിക്കന്‍ കഴിക്കുന്നോ ആ പത്രത്തിന് വിജയികളുടെ പേര് ഞാന്‍ ഗ്രാഫിക്സ് വഴി ചേര്‍ക്കും..
അവനേം ഞാന്‍ ഒരു പ്രവാചകനാക്കും.. കൂട്ടത്തില്‍ ഞാനും പ്രശസ്തനാകുമല്ലോ..
അല്ല പിന്നെ..!!

തിങ്കളാഴ്‌ച, ജൂലൈ 18, 2011

മനുഷ്യത്തം..

ഇന്ന് കര്‍കിടക മാസം ഒന്നാം തീയ്യതി..
ഇന്നലെ രാത്രി.. അല്ല ഇന്ന് രാവിലെ (പുലര്‍ച്ചെ മൂന്നു മണി എന്ന സമയമൊക്കെ നമുക്ക്‌ രാവിലെ എന്ന് വിളിക്കാലോ..)
ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ മാസമെങ്കിലും ദൈവ ചിന്തയോടെ, സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുമെന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു..
അപ്പുറത്തെന്‍റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ട്.. (അവന്‍റെ ശീലമെങ്ങനാന്നു വച്ചാ ഉറങ്ങുമ്പോ തല അടക്കം മൂടണം.. ശവത്തിനെ വെള്ള പുതയ്ക്കുന്ന പോലെ.. ചെറുപ്പം തൊട്ടുള്ള സ്വഭാവമാണത്രേ )..
കുറച്ചു കഴിഞ്ഞപ്പോള്‍ (ഉദ്ദേശം ഒരു എട്ടു മണിയായി കാണണം..)
പുറത്തു നിന്നും വാതിലില്‍ കൊട്ടുന്ന ശബ്ദം..
ഏതാവനാണാവോ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് എന്നാലോചിച്ചു ചെന്നു വാതില്‍ തുറന്നു.. മുന്‍പില്‍ അന്നേരം ഒരു "സാര്‍" വിളി..
ഈശ്വരാ ഇന്നത്തെ കണി കൊളമായല്ലോ..
എന്‍റെ മുന്നില്‍ ദയാ ദാക്ഷിണ്യവും പ്രതീക്ഷിച്ചു ഒരു ചേട്ടനും ചേച്ചിയും നില്‍ക്കുന്നു..
കണ്ടാലെ അറിയാം അവര്‍ വെള്ളം കണ്ടിട്ട് ഒരു നാലു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന്.. കൈസഞ്ചിയില്‍ നിന്നും ഒരു കടലാസ് എടുത്ത് അവര്‍ എന്‍റെ നേരെ നീട്ടി..
അതില്‍ എഴുതിയതെന്താണെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല (കുറെ അക്ഷരങ്ങള്‍ മാത്രം കണ്ടു.. ഇതിനോട് സാമ്യമുള്ള കുറെ അക്ഷരങ്ങള്‍ ഇവിടെ ബസില്‍ എഴുതി കാണാറുണ്ട്.. അതുകൊണ്ട് ഇതും കന്നടയാണെന്നു ഞാന്‍ വിശ്വസിക്കുന്നു ‍) ..
ഒന്നു മാത്രം മനസ്സിലായി..
ഇത് നമ്മുടെ നാട്ടില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്ന പേരില്‍ ഹിന്ദിക്കാര്‍ വരുന്ന പോലെ തന്നെ എന്ന്..
അവര്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു..
ഞാന്‍ പറഞ്ഞു "കന്നഡ ഗോത്തില്ല" എന്ന്.. (ആര് ചോദിച്ചാലും കന്നഡ അറിയില്ല എന്നവരോട് തിരിച്ചു പറയാന്‍ വേണ്ടി ഞാന്‍ പഠിച്ചു വച്ച വാക്കായിരുന്നു അത്..)..
അവരോടു ഞാന്‍ ഇംഗ്ലീഷ് ഗോത്താ എന്ന് ചോദിച്ചു..
ദയനീയമായ അവരുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത് ശുദ്ധ മണ്ടത്തരമാണെന്ന്..
അവര്‍ ചോദിച്ചു.. തമിള്‍ തെരിയുമാ..
എനിക്കറിയാവുന്ന മുറി തമിഴില്‍ ഞാന്‍ പറഞ്ഞു തമിള്‍ തെരിയാം.. (അങ്ങനെ തന്നെയാണോ ഈശ്വരാ പറയണ്ടേ.. ആ.. ആര്‍ക്കറിയാം..)
നാന്കെ തൂത്തിക്കുടി നിന്നും വന്നതാക്കും..
തുടങ്ങിയപ്പോഴേ എനിക്ക് കാര്യം മനസ്സിലായി..
ഞാന്‍ പറഞ്ഞു തൂങ്ങ്ന നേരത്താ അണ്ണൈ ഇന്ത മാതിരി സംസാരവുമായി വന്തിരിക്കുത്‌.. ("സംസാര"മല്ല "പേച്" ആണ് അവിടെ വേണ്ടിയിരുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.. അര്‍ഥം മാറിപ്പോയി എന്നിപ്പോഴാ മനസ്സിലായത്‌..)
ഇങ്കെ ഒന്നുമില്ല.. ഉങ്ക പണി നോക്കി പോങ്കോ എന്നും പറഞ്ഞു ഞാന്‍ വാതില്‍ കൊട്ടിയടച്ചു..
പെട്ടെന്നാണ് എന്‍റെ മനസ്സിലെ മനുഷ്യ സ്നേഹി ഇന്നലത്തെ പ്രതിജ്ഞ എന്നെ ഓര്‍മിപ്പിച്ചത്..
എല്ലാവരെയും കഴിയുന്ന വിധം സഹായിക്കുക.. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറുക..
അടച്ച വാതില്‍ തുറന്നു ഞാന്‍ നടന്നു തുടങ്ങിയ അവരെ അവിടെ പിടിച്ചു നിര്‍ത്തി..
എന്നിട്ടെന്റെ പഴയ ഒരു ഷര്‍ട്ട്‌ ( അത്ര പഴയതൊന്നുമല്ലാട്ടോ.. ഒരു നാലഞ്ചു ബട്ടന്‍സ് പോയിട്ടുണ്ടെന്നെ ഉള്ളൂ.. പിന്നെ ചെറിയ ചെറിയ തുന്നലുകളും.. വെറും നാല് വര്‍ഷത്തെ പഴക്കമേ ഉള്ളൂ..) എടുത്തു കൊണ്ട് കൊടുത്തു..
പിന്നെ രണ്ടു രൂപയും കൊടുത്തു..
അവരുടെ മുഖത്ത് തെളിഞ്ഞ പ്രസാദ ഭാവം.. ഹോ..!!
അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല..
അതു കണ്ടെന്റെ ഉള്ളു തണുത്തു..
പ്രതിജ്ഞ എടുത്തു ആദ്യ ദിവസം തന്നെ ഞാന്‍ അതില്‍ നിന്നും അണുവിട ചലിക്കാതെ പ്രവര്‍ത്തിച്ചിരിക്കുന്നു..
നീ വലിയവനാടാ..!!
അവര്‍ ആ ഷര്‍ട്ട്‌ എടുത്തു തുറന്നു നോക്കി..
അവരുടെ മുഖത്തൊരു ഭാവ മാറ്റം ഞാന്‍ ശ്രദ്ധിച്ചു..
ഒരു പുച്ഛത്തോടെ ആണോ ഇപ്പൊ എന്നെ അവര്‍ നോക്കുന്നത്..?
ഏയ്.. ആയിരിക്കില്ല..
എന്തായാലും ഞാന്‍ തിരിഞ്ഞു വന്നു കിടന്നുറങ്ങി..
അല്‍പം കഴിഞ്ഞു (ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും..) വീണ്ടും വാതിലില്‍ ആരോ മുട്ടി..
ഉറക്കം നഷ്ടപ്പെട്ട ഞാന്‍ മൂക്കറ്റം ശുന്‍ടിയുമായി എഴുന്നേറ്റു..
ചെന്ന് നോക്കിയപ്പോള്‍ ഒരു യുവ കോമളന്‍ ഒരു യുവതിയേയും കൊണ്ട് വന്നിരിക്കുന്നു..
റൂം എതാവത് കാലിയായി ഇറുക്കാ എന്നവന്‍ ചോദിച്ചു..
അപ്പോഴത്തെ ദേഷ്യത്തിന് വല്ല ലോഡ്ജിലും പോയി ചോദിക്കാടാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാ..
പക്ഷെ എന്‍റെ മനസ്സില്‍ അതു ഞാന്‍ കുഴിച്ചു മൂടി..
ഓണര്‍ മുകളിലത്തെ നിലയില്‍ ഇരുക്ക്‌..
അവരെ പോയി പാറുങ്കോ എന്ന് ഞാന്‍ മറുപടി കൊടുത്തു..
ആരെയൊക്കെയോ ചീത്ത പറഞ്ഞു ഞാന്‍ തിരികെ വന്നു കിടന്നു..
ഇത്തവണ ഉറങ്ങുന്നതിനു മുന്‍പേ വീണ്ടും വാതിലില്‍ കൊട്ട്..
ഞാന്‍ എന്‍റെ പുതപ്പെല്ലാം വലിച്ചെറിഞ്ഞു ആരെയൊക്കെയോ പറയാന്‍ പാടില്ലാത്തത് പറഞ്ഞു കൊണ്ടെഴുന്നേറ്റു..
ചെന്ന് വാതില്‍ തുറന്നപ്പോള്‍ ഉടമസ്ഥന്‍ രണ്ടു മൂന്നു തടിയന്മാരെയും കൊണ്ട് വന്നിരിക്കുന്നു..
ഈ മാസത്തെ വാടക കൊടുത്തതാണല്ലോ..
പിന്നെ എന്തിനാ ഇയാള്‍ കുറെ ഗുണ്ടകളെ കൊണ്ട് ഇങ്ങോട്ട് വന്നിരിക്കുന്നെ എന്ന് ഞാന്‍ ആലോചിച്ചു..
അപ്പോഴദ്ദേഹം പറഞ്ഞു ഈ ഫ്ലാറ്റ്‌ ഞാന്‍ വില്‍ക്കാന്‍ പോകുന്നു..
നിങ്ങള്‍ ഈ മാസത്തോടെ ഇവിടെ നിന്നും ഇറങ്ങണം എന്ന്..
അതു പറയാന്‍ നിങ്ങള്‍ക്ക്‌ എന്തവകാശം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്‍റെ സഹാനുഭൂതി കാരണം (അദ്ദേഹത്തിന്‍റെ കഷ്ടപ്പാടുകള്‍ നമ്മള്‍ മനസ്സിലാക്കണമല്ലോ.. അല്ലാതെ കൂടെയുള്ള തടിമാടന്മാരെ കണ്ടു പേടിച്ചതു കൊണ്ടല്ല) അതിനെന്താ ഇറങ്ങാലോ എന്നാ പറയാന്‍ തോന്നിയത്..
ഇന്നത്തെ എന്‍റെ ദിവസം അതി ഗംഭീരം തന്നെ..
ഉറക്കവും പോയി മനസ്സമാധാനവും പോയി..
കുളിച്ചു റെഡി ആയി പ്രഭാത ഭക്ഷണത്തിന് ഇറങ്ങി..
റോഡിലൂടെ നടക്കുമ്പോള്‍ ഒരു മധ്യവയസ്കന്‍ നടന്നു വരുന്നത് കണ്ടു..
കാണാത്ത ഭാവത്തില്‍ ഞാന്‍ നടന്നു..
പക്ഷെ കണ്ടാല്‍ മാന്യനെന്നു തോന്നുന്നത് കൊണ്ടാണോ എന്നറിയില്ല..
അങ്ങേരു എന്‍റെ അടുത്ത് വന്നു ചോദിച്ചു മലയാളി താനേ..?
അതു പറയുമ്പോ ഒരു വൃത്തികെട്ട നാറ്റം എന്‍റെ മൂക്കിലടിച്ചു..
മദ്യത്തിന്റെ മണമാണോ എന്ന് ഞാന്‍ സംശയിച്ചു..
എന്‍റെ മനസ്സ്‌ പറഞ്ഞു "അതാവില്ല.. ചിലപ്പോ പല്ല് തേക്കാത്തത് കൊണ്ട് മണം വരുന്നതായിരിക്കുമെന്ന്.."
സാര്‍.. നാന്‍ തമിള്‍ ആണ്.. ഇങ്കെ എതാവത് വേല കൊടുക്ക മുടിയുമാ..
എന്കിട്ടെ ഡ്രൈവിംഗ് ലൈസന്‍സ് എല്ലാം ഇരുക്ക്‌..
ഞാന്‍ പറഞ്ഞു ഞാന്‍ ഒരു മുതലാളി കിടയാത്..
ലുക്ക്‌ മട്ടും താന്‍ ഇരുക്ക്‌.. കൈയ്യില്‍ എതുവുമേ ഇല്ല..
സാര്‍.. നാല് നാളാ മുഴു പട്ടിണി.. സാപ്പിടത്ക്ക് ഒരു പത്തു രൂപാ ആവതു കൊടുന്കെ ..
ഇപ്പോള്‍ എനിക്ക് കാര്യങ്ങളുടെ നിജ സ്ഥിതി ഏതാണ്ട് മനസ്സിലായി..
പക്ഷെ എന്‍റെ ഉള്ളിലെ മനുഷ്യസ്നേഹി വീണ്ടും പറഞ്ഞു "പാവം" എന്ന്..
അറിയാതെ എന്‍റെ കൈകള്‍ പേഴ്സില്‍ ആകെ ഉണ്ടായിരുന്ന അറുപതു രൂപയില്‍ പത്തു രൂപ എടുത്തു കൊടുത്തു..
പ്രഭാത ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോ ഞാന്‍ അടുത്തുള്ള ബെവേരജെസ് കടയിലെ ക്യൂവിലേക്ക് നോക്കി..
നമ്മുടെ പട്ടിണി പാവം ആ ക്യൂവിന്‍റെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു..
വെറുതെ ഇരുന്ന ഒരുത്തനെ കുടിപ്പിച്ചു കിടത്താന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ഞാന്‍ ഉള്ളില്‍ ചിരിച്ചു.. എന്‍റെ മനുഷ്യത്തത്തിനു  ഞാന്‍ ഒരു ലോക്ക് ഇട്ടു പൂട്ടി..
ഇനി മേലാല്‍ അതു അതര്‍ഹിക്കുന്നവനും കിട്ടില്ലല്ലോ എന്നത് മാത്രമായിരുന്നു എന്‍റെ സങ്കടം..

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍..!!

കഥയ്ക്ക് മുന്‍പേ ഒരു ക്ഷമാപണം..
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ ഇനി മരിക്കാനുള്ളവരുമായോ (ആരെങ്കിലും തല്ലി കൊല്ലാന്‍ സാധ്യത ഉള്ളവര്‍) യാതൊരു ബന്ധവുമില്ല..
അങ്ങനെ തോന്നുന്നുവെങ്കില്‍ അത് വെറും സാഹചര്യ സമ്മര്‍ദ്ധം മാത്രം..

ആഴ്ചയില്‍ രണ്ടേ രണ്ടു അവധി ദിനങ്ങളെ ഞങ്ങള്‍ പാവം ടെക്കികള്‍ക്കുള്ളൂ (ഞങ്ങള്‍ ഞങ്ങളെ അങ്ങനെയാണ് വിളിക്കാറുള്ളത്.. പുറത്തു പുല്ലു വിലയാണെങ്കിലും) ..
അങ്ങനൊരു ശനിയാഴ്ചയാണ് ഇന്ന്..
കഴിഞ്ഞ കുറെ ദിവസങ്ങളിലെ ക്ഷീണം തീര്‍ക്കാന്‍ (ഓഫീസില്‍ ഇരുന്നു ഉറങ്ങിയാല്‍ എന്തായാലും ക്ഷീണിക്കും) ഉച്ച വരെ എങ്കിലും ഉറങ്ങണം എന്ന് തീരുമാനിച്ചുറപ്പിച്ചു കിടന്നതാണ്..
ആ സുഖ നിദ്രയില്‍ ഇടിമുഴക്കം പോലെ ഒരു ശബ്ദം..
പാതി മിഴിച്ച കണ്ണുകളുമായി കിടന്നു ഞാന്‍ കൂട്ടുകാരനോട് മോടെത്തിന്റെ കേബിള്‍ ഊരിയിടാന്‍ പറഞ്ഞു..
അവിടെ നിന്നും മറുപടിയോന്നുമില്ല.. ഓ എനിക്കും വയ്യ ഇനി എഴുന്നേറ്റു പോയി അത് ചെയ്യാന്‍..
കത്തി പോകുന്നെങ്കില്‍ പോകട്ടെ.. ഞാനും തിരിഞ്ഞു കിടന്നുറങ്ങി..
പെട്ടെന്ന് വീണ്ടും ഒരു മുഴക്കം കൂടെ..
ഇത്തവണ പക്ഷെ മുഴക്കത്തിനു കനം കൂടി..
അപ്പോഴാണ്‌ മനസ്സിലായത്‌ ഞാന്‍ നേരത്തെ കേട്ടതും ഇടിമുഴക്കമല്ല.. വാതിലില്‍ ആരോ മുട്ടുന്നതാണെന്ന്..
ഉറക്കം നഷ്ടപ്പെടുത്താന്‍ വന്ന കാപാലികന്‍ ആരായാലും അവനെ മനസ്സാല്‍ ശപിച്ചു കൊണ്ടാണ് ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നത്..
ഒരു കോട്ടുവായുടെ അകമ്പടിയോടെ വാതില്‍ തുറന്ന എന്റെ മുന്നില്‍ 100  വാട്ട് ബള്‍ബിന്റെ പുഞ്ചിരിയുമായി ഒരുവന്‍ നില്‍ക്കുന്നു..
നമ്മുടെ കഥാനായകന്‍.. അവനെ നമുക്ക് തങ്കപ്പന്‍ എന്ന് വിളിക്കാം..
അവന്‍റെ യഥാര്‍ത്ഥ പേര് ഞങ്ങളെല്ലാം മറന്നിരിക്കുന്നു..
അവന്‍റെ തങ്കപ്പെട്ട സ്വഭാവം കൊണ്ടാണ് ഞങ്ങള്‍ അവനെ അങ്ങനെ വിളിച്ചു തുടങ്ങിയത്..
എല്ലാ അവധി ദിവസങ്ങളിലും രാവിലെ അമ്പലത്തിലെക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്നവനാ..
ഭക്തി മൂത്തിട്ടാണോ എന്നറിയില്ല, പിന്നെ കാണുമ്പോള്‍ മിക്കവാറും പള്ളി മുറ്റത്തായിരിക്കും (കുര്‍ബാന കഴിഞ്ഞ സമയമാണെങ്കില്‍)..
അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നെങ്ങാനും ഒരു സ്ത്രീ ശബ്ദം കേട്ടാല്‍ വെടി കൊണ്ട പന്നിയെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുക..
ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുക.. (അവര്‍ പോയോ എന്നറിയാനാണേ.. അല്ലാതെ .. ഛെ..)
അങ്ങനെ ഒത്തിരി ഒത്തിരി കഥകള്‍..
ഇന്നത്തെയും സര്‍കീറ്റ്  കഴിഞ്ഞു എത്തിയതായിരുന്നു അവന്‍...
വാതില്‍ തുറന്നു കൊടുത്തു ഞാന്‍ തിരികെ വന്നു കിടന്നു..
പതിയെ  എന്‍റെ സ്വപ്നലോകത്തിലേക്ക് ഞാന്‍ മടങ്ങിപ്പോയി..
ഒരു ബഹളം കേട്ട് ഞാന്‍ ഞെട്ടി എണീറ്റ്‌ നോക്കിയപ്പോ നമ്മുടെ തങ്കപ്പന്‍ ടിവി നോക്കി നിന്ന് തുള്ളിച്ചാടുന്നു..
എന്ത് പറ്റിയെടാ എന്ന് ചോദിച്ചു ഞാന്‍ എഴുന്നേറ്റു ചെന്നു..
അളിയാ.. വരുന്നു..വരുന്നു.. മുഴുമിക്കാതെ അവന്‍ നിന്ന് തുള്ളിച്ചാടുന്നു..
ആര് വരുന്നുണ്ടെന്നാ..
എനിക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു..
അവന്‍ പറഞ്ഞ മറുപടി ഓര്‍ത്തു എന്‍റെ ചിരി പൊട്ടി..
അവന്‍ ദൈവങ്ങളുടെ കൂടെ മനസ്സില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ഒരു യുവ നടന്‍ (അവന്‍റെ കാഴ്ച്ചപ്പാടില്‍ സൂപ്പര്‍ സ്റ്റാര്‍) അടുത്തുള്ള ഒരു സ്വര്‍ണക്കട ഉദ്ഘാടാനത്തിനു വരുന്നു..
ഇതിനാണോ ദൈവമേ ഇവന്‍ ഈ കണ്ട ബഹളം മുഴുവന്‍ വെച്ചത്..
അല്ലേലും ഇവനെ ഒക്കെ പറഞ്ഞാ മതി.. ഇങ്ങനൊരുത്തനെ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയുമ്പോ പോലും ലജ്ജിക്കണം..
ഇവനെ തലയിലേറ്റി നടക്കുന്നവനെ എല്ലാം ചാട്ടക്ക് അടിക്കണം..
അഹങ്കാരമെന്ന ഭാവമൊഴിച്ച് വേറൊരു ഭാവവും അവന്‍റെ മുഖത്ത് എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല..
അങ്ങനുള്ള ഒരുത്തന്‍ ഉദ്ഘാടനത്തിന് വരുമ്പോ സ്വാഭാവികമായും ഞാന്‍ എന്തിനിത്ര  സന്തോഷിക്കണം..
അവനു ഉത്ഘാടനം കാണാന്‍ പോകണമെന്ന് ഒരേ നിര്‍ബന്ധം..
ഒറ്റക്കങ്ങു പോയാ മതിയെന്നും പറഞ്ഞു ഞാന്‍ കിടന്നുറങ്ങി..
വൈകിട്ടായപ്പോള്‍ കടന്നല്‍ കുത്തിയ പോലുള്ള മുഖഭാവവുമായി അവന്‍ തിരിച്ചെത്തി..
എന്തു പറ്റിയെടാ എന്ന എന്‍റെ ചോദ്യത്തിനുള്ള അവന്‍റെ മറുപടി വീടിന്‍റെ മൂലയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ഷൂസ് ആയിരുന്നു..
എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി..
എഴുന്നേറ്റു പോകുമ്പോള്‍ അവന്‍ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു..
"ഇതിലും നല്ലത് അങ്ങേരു വരാതിരിക്കുകയായിരുന്നു...
ഇതിപ്പോ അതിരാണിപാടത്തു കണ്ണേറ് തട്ടാതിരിക്കാന്‍ വച്ച നോക്കുകുത്തിയെ പോലെ”..
അവന്‍റെ വിഷമം പൊട്ടിയൊലിക്കുകയായിരുന്നു ആ വാക്കുകളില്‍...
എന്തു സംഭവിച്ചു എന്ന് മാത്രം മനസ്സിലായില്ല..
വൈകിട്ടത്തെ വാര്‍ത്തകള്‍ കാണാന്‍ വേണ്ടി ടിവി വച്ചപ്പോള്‍ അതാ കാണുന്നു അവന്‍ രാവിലെ പറഞ്ഞ സ്വര്‍ണക്കടയുടെ ഉദ്ഘാടന വാര്‍ത്ത..
നാട മുറിച്ചത് ഉടമസ്ഥനും അടുത്ത് ഇളിഭ്യനായി നോക്കി നില്‍ക്കുന്നത് മേല്‍പറഞ്ഞ സൂപ്പര്‍ സ്റ്റാറും..
തങ്കപ്പന്റെ വിഷമത്തിന്റെ കാരണം മനസ്സിലായതിപ്പോഴാണ്..
പക്ഷെ എനിക്കൊരിക്കലും ആ കടയുടമയെ കുറ്റം പറയാന്‍ പറ്റില്ല..
ആര്‍ക്കും സ്വന്തം സ്ഥാപനം നന്നായി വരണമെന്നല്ലേ ഉണ്ടാവൂ..
കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞെന്നാണല്ലോ..

നാടന്‍ സുന്ദരി.. ഒരു പൈങ്കിളി.. !!

ജൂണിലെ ഒരു പുലര്‍വേളയില്‍ ഞാന്‍ ഉറക്കമുണര്‍ന്നു..
പുറത്തു തോരാതെ പെയ്യുന്ന മഴ..
കോച്ചുന്ന തണുപ്പ്‌ ജനല്‍ പാളികളുടെ വിടവിലൂടെ അരിച്ചു കയറുന്നു...
ചിന്തകളെ അതിന്‍റെ വഴിയെ മേയാന്‍ വിട്ടു കുറച്ചു നേരം ശാന്തനായി കിടക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ഞാന്‍ വെറുമൊരു കാഴ്ചക്കാരനായ പോലെ എനിക്ക് തോന്നി ..
എന്‍റെ മുന്നില്‍ ഒരു പാട് സംഭവങ്ങള്‍ നടക്കുന്നു..
ചിന്തകളുടെ വേഗം ഓര്‍ത്തു ഞാന്‍ അതിശയിച്ചു..
ഒരു പാട് പേരുടെ ജീവിതങ്ങള്‍ താണ്ടി ഒരു അപ്പൂപ്പന്‍ താടി പോലെ അതങ്ങനെ പാറി നടക്കുന്നു..
ചിലതിനെല്ലാം എന്നോടെന്തൊക്കെയോ പറയാനുണ്ട്..
പക്ഷെ വാക്കുകള്‍ കിട്ടാഞ്ഞിട്ടോ അതോ വ്യക്തതയില്ലാഞ്ഞിട്ടോ എന്നറിയില്ലാ ..
മിക്കതും പാതി വച്ച് വഴിമാറി പോകുന്നു..
ചിന്തകള്‍ക്ക് അവര്‍ പറയുന്നതെന്താണെന്നു ചോദിച്ചറിയാനുള്ള ക്ഷമയുമില്ല..
ചിന്തകള്‍ പെട്ടെന്ന് അമ്പല വഴിയില്‍ നടന്നകലുന്ന ഒരു സുന്ദരി പെണ്കൊടിയില്‍ ഉടക്കി..
അവിടെ നിന്നും അതിനു എത്ര ശ്രമിച്ചിട്ടും പോകാന്‍ കഴിയുന്നില്ലാ..
എന്താണെന്നറിയാന്‍ ചിന്ത അതിന്‍റെ യജമാനിനെ രൂക്ഷമായി ഒന്ന് നോക്കി ...
ഞാന്‍ പറഞ്ഞു അവളുടെ ചലനങ്ങള്‍ നിരീക്ഷിച്ച ശേഷം നിന്നെ ഞാന്‍ സ്വതന്ത്രനാക്കാം എന്ന് ..
വെണ്ണക്കല്ലില്‍ കൊതി വച്ച ഒരു ശില്‍പം പോലെയുണ്ട് അവള്‍..
ധാവണി ഉടുത്ത അവളുടെ നെറ്റിയില്‍ ചന്ദനലേപം കാന്തിയോടെ തിളങ്ങുന്നു ..
കരിനീല കണ്പീലികള്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍ക്ക് ചാരുതയേകി..
മേനിയഴകിന്റെയും ശ്രീത്വത്തിന്റെയും ഒരു മൂര്‍ത്തീ ഭാവം പോലെ ഉണ്ടവളെ കാണാന്‍..
അവള്‍ വീടിന്റെ പടിപ്പുര കടന്നു നടന്നു നീങ്ങി..
അരക്കെട്ട് മറക്കുന്ന അവളുടെ കൂന്തല്‍ ഭാരത്തിനു ഒരു പൂ കൂടെ ഉണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു..
പെട്ടെന്നവള്‍ തിരിഞ്ഞു തൊടിയില്‍ നിന്നും ഒരു പനിനീര്‍ പൂ നുള്ളിയെടുത്തു മുടിയില്‍ ചൂടി..
ഇവളെന്റെ മനസ്സറിയുന്നുണ്ടോ എന്ന് ഞാന്‍ ശങ്കിച്ചു..
ആ പൂവിന്റെ മനോഹാരിതയിലേക്കു ഞാന്‍ നോക്കി..
അതില്‍ തടഞ്ഞു നിന്നിരുന്ന ഒരു മഴതുള്ളി താഴേക്കു വീണു..
അര്‍ഹിക്കുന്ന സ്ഥാനം നേടിയതില്‍ ആ പൂവൊരു സന്തോഷാശ്രു പൊഴിച്ചതായാണ് എനിക്കപ്പോള്‍ തോന്നിയത്..
പെട്ടെന്നെന്റെ അലാറം ശബ്ദിച്ചു.. സമയം അതിക്രമിച്ചിരിക്കുന്നു..
ഇനിയും കിടക്കുന്നതില്‍ അര്‍ത്ഥമില്ലെന്നോര്‍ത്തു ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ എഴുന്നേറ്റു..

മരണം.. ഒരു പുനര്‍ചിന്തനം..

ഒരു പുസ്തകം വായിച്ചു കൊണ്ട് സമയം കൊല്ലാന്‍ ഞാന്‍ തീരുമാനിച്ചു..
വായിച്ചു കൊണ്ടു ഞാന്‍ കിടന്നു..
അനേകം കഥാപാത്രങ്ങള്‍ എന്‍റെ മുന്നിലൂടെ കടന്നു പോയി..
മെല്ലെ മെല്ലെ ഞാന്‍ അതില്‍ ലയിച്ചു..
ഒരു കൊതുക് വന്നെന്‍റെ ചോര ഊറ്റിക്കുടിച്ച് പറന്നു പോയി..
എവിടെ നിന്നോ മനോഹരിയായ ഒരു ചിത്രശലഭം പറന്നു വന്നു..
അതെന്‍റെ പുസ്തകത്തിന്‍റെ പുറം ചട്ടയിലെ റോസാ പുഷ്പത്തില്‍ വന്നിരുന്നു..
ഞാന്‍ അതിന്‍റെ ചേഷ്ടകള്‍ നോക്കി എഴുന്നേറ്റിരുന്നു..
പെട്ടെന്നൊരു ഭൂമികുലുക്കം പോലെ എനിക്കനുഭവപ്പെട്ടു..
എന്താണെന്നു മനസ്സിലാകുന്നതിനു മുന്‍പേ മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന പങ്ക അതിന്‍റെ പിടി വിട്ടു എന്‍റെ തലയില്‍ പതിച്ചു..
അമ്മേ എന്ന നിലവിളിയോടെ ഞാന്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ തറ മുഴുവന്‍ ചുവന്നിരിക്കുന്നു..
ദേഹമാകെ നനഞ്ഞിരിക്കുന്നു..
ശുഭ്ര വസ്ത്രധാരിയായി കിടന്ന ഞാന്‍ ഇപ്പോള്‍ രക്തവര്‍ണത്തില്‍ കുളിച്ചിരിക്കുന്നു..
തലയില്‍ ആകെ ഒരു മരവിപ്പ്‌..
എന്‍റെ പ്രാണന്‍ എന്നെ വിട്ടകലുന്നു എന്ന് ഞാന്‍ അറിയുന്നു..
എന്നെ ഇത്രയും വളര്‍ത്തിയ ലോകമേ നിനക്കു വിട..
അവസാനമായി ഞാന്‍ കണ്ട ആ ചിത്രശലഭം താഴെ വീണ എന്‍റെ പുസ്തകതിനടിയില്‍ കിടന്നു പിടയുന്നു..
എന്‍റെ മരണത്തിലും ഞാന്‍ ഒറ്റക്കല്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ അറിയുന്നു..
പതിയെ എന്‍റെ കണ്ണുകള്‍ പതിയെ അടയുന്നു..
എല്ലാം തീര്‍ന്നുവെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുന്നു..
പെട്ടെന്ന് എന്‍റെ ദേഹത്തൊരു മൃദു സ്പര്‍ശം ഞാന്‍ അറിഞ്ഞു..
ഞൊടിയിടയില്‍ ഞാന്‍ എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ മുകളില്‍ പങ്ക തിരിഞ്ഞു കൊണ്ടിരിക്കുന്നു..
തൊട്ടടുത്ത് ആശങ്കയോടെ എന്നെ നോക്കി നില്‍ക്കുന്ന എന്‍റെ അമ്മയും..
താഴെ വീണു കിടക്കുന്ന പുസ്തകം ഞാന്‍ എടുത്തു കൈയില്‍ വച്ചു..
പക്ഷേ ആ ചിത്രശലഭം അപ്രത്യക്ഷമായിരിക്കുന്നു..
ഈശ്വരാ.. ഇത്രയും നേരം നീ എന്നെ വേറൊരു ലോകത്തിലേക്ക് കൊണ്ടു പോയിരിക്കുകയായിരുന്നോ..?
മ്രിത്വുവിന്‍റെ രുചിയറിയാന്‍ എനിക്കവസരം തന്നതാണോ..?
പലര്‍ക്കും ഒരിക്കല്‍ മാത്രം കിട്ടുന്ന ആ അവസരം എനിക്കു നീ ഒന്നിലധികം തവണ തരുന്നെന്നോ..
ഞാന്‍ കൃതാര്‍ത്ഥനായി..!!

ചിന്ത..

എന്നത്തേയും പോലെ ഇന്നും ഞാന്‍ നേരത്തേ വീട്ടിലെത്തി..
മനസ്സൊരു മേഘാവൃതമായ ആകാശം പോലെ..
ചിന്തകള്‍ക്ക്‌ ഒരു അടുക്കും ചിട്ടയും ഇല്ല..
എന്താണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ചെയ്തത്..
കുറെ നാളുകളായി എന്‍റെ ചിന്ത മറ്റൊന്നല്ല..
ഇതിനൊരു മാറ്റമില്ലെന്നോ..
ഭൂതവും വര്‍ത്തമാനവും തമ്മില്‍ കാര്യമായ അന്തരമില്ല..
ഇരുട്ട് മൂടി കിടക്കുന്ന എന്‍ അന്തരത്തില്‍ വെള്ളി വെളിച്ചത്തിന്‍റെ
ഒരു കണികയെങ്കിലും വിതറാന്‍ മാത്രം
ശോഭനമായ ഒരു ഭാവിയെങ്കിലും ഉണ്ടാകുമായിരിക്കും..
ഈ ചിന്തയാണെന്നെ മുന്നോട്ടു നയിക്കുന്നതും..

ആമുഖം..

ഈ വേദിയില്‍ ഞാന്‍ ഒരു പുതുമുഖം മാത്രമാണ്..
എങ്ങനെ ഒരു ബ്ലോഗ്‌ എഴുതണമെന്നോ അതെങ്ങനെ നിങ്ങളില്‍ എത്തിക്കണമെന്നോ ഉള്ള പ്രാഥമിക വിവരം പോലും എനിക്കില്ല..
എന്നാലും എന്‍റെ ആശയങ്ങള്‍ പൊതു വേദിയില്‍ എത്തിക്കാനുള്ള ഒരു ശ്രമമായി വേണമെങ്കില്‍ നിങ്ങള്‍ക്കിതിനെ വ്യാഖ്യാനിക്കാം..
എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാന്‍ തുടങ്ങട്ടെ..
എത്ര ദൂരം എനിക്ക് താണ്ടാനാകുമെന്നു അറിയില്ലെങ്കിലും..!!