ശനിയാഴ്‌ച, ജൂലൈ 30, 2011

ആദ്യ വിദേശ യാത്ര.. ഒരു ഓര്‍മ്മക്കുറിപ്പ്..

ഓര്‍മ്മകള്‍ കുറച്ചു കാലം പുറകോട്ടു സഞ്ചരിക്കുന്നു..

ഇന്ന് ദിവസം 2009 ജൂലൈ 3 വെള്ളിയാഴ്ച..

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ ചിന്തയില്‍ ഇന്നത്തെ സൂര്യോദയം മാത്രമാണ്..
എന്തിനാണീ  വെപ്രാളം എന്നല്ലേ..
പറയാം.. ഇന്നേ ദിവസമാണ് ഞങ്ങള്‍ :- ഞാനും ഘോഷും, ആദ്യ വിദേശ യാത്ര പോകുന്നത്..
വിമാനമെന്നാല്‍ ആകാശത്ത് പറക്കുന്ന യന്ത്ര പക്ഷിയെന്ന സങ്കല്‍പ്പം മാറ്റി അതിലെ  ആദ്യ യാത്ര.. അതും ജപ്പാനിലേക്ക്‌‌.. !!
ഹോ..!! ഇതിനിടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടു കഴിഞ്ഞെന്നോ..!!
അക്കരെ  അക്കരെയിലെ ദാസനും വിജയനും അമേരിക്കയില്‍ കുറ്റാന്വേഷണത്തിന് പോയ പോലെ  ജപ്പാനില്‍ ക്ലയന്റ് ലൊക്കേഷനില്‍ ഒരു പുതിയ പ്രൊജക്റ്റ്‌ ചെയ്യാന്‍ പോകുവാണ് ഞങ്ങള്‍..
അവിടെ  ഞങ്ങള്‍ക്ക്‌ കൂട്ടിനു നിഷാന്തും ഉണ്ട്..
അവന്‍ അവിടെ അടിമപ്പണി തുടങ്ങീട്ട് മൂന്നു മാസമായി..
അങ്ങോട്ട്‌ ചെല്ലുമ്പോള്‍ കൊണ്ട് ചെല്ലണ്ട സാധനങ്ങളുടെ ഒരു പട്ടിക നേരത്തേ തന്നെ  അവന്‍ അയച്ചു തന്നിരുന്നു..

ഇന്നലെ വൈകിട്ട് തന്നെ ബിഗ്‌ ബസാറില്‍ കയറി അതെല്ലാം വാങ്ങി..
കുറെ മസാലകള്‍, രണ്ടു പാക്കറ്റ് ചിപ്സ്, ഒരു ക്ലോസ് അപ്പ്‌ പേസ്റ്റ്, കുറച്ചു തെങ്ങാപ്പൊടി , പിന്നെ രണ്ടു രാധാസും..
ഞങ്ങള്‍  പുതിയ കുറച്ച്‌ വസ്ത്രങ്ങളും പിന്നെ വേണ്ട അവശ്യ സാധനങ്ങളും വാങ്ങിക്കൂട്ടി..

പുതിയൊരു റായ്ബാന്‍ കൂടെ ഘോഷിന്‍റെ ശേഖരത്തില്‍ എത്തി..  
ഞാന്‍ ഒരു ട്രോള്ളി വാങ്ങി..
ഘോഷ് വാങ്ങിയില്ല.. അവന്‍റെ വീട്ടിലുള്ള പെട്ടിയും കൊണ്ട് അച്ഛനും അമ്മയും മകനെ യാത്രയാക്കാനായി പാലക്കാട് നിന്നും ട്രെയിന്‍ കയറിയിട്ടുണ്ടായിരുന്നു..

അങ്ങനെ പ്രഭാതം പൊട്ടി വിടര്‍ന്നു..
ചിത്തിര  ഉണര്‍ന്നു.. ചിത്തിര ഞങ്ങളുടെ വീടാണെ..!!
ഘോഷ് രാവിലെ തന്നെ അച്ഛനെയും അമ്മയെയും സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി..
ഞാന്‍ കൊണ്ടു പോകാനുള്ള സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങി..
കുറച്ച്‌  കഴിഞ്ഞു കയ്യിലൊരു പെട്ടിയുമായി ഘോഷ് മടങ്ങിയെത്തി..
ആ  പെട്ടി കണ്ടത് മുതല്‍ ഞാന്‍ വാതോരാതെ ചിരി തുടങ്ങി..
അവനും കൂടെ കൂടി.. അതിന്‍റെ വലിപ്പത്തിന് നമുക്കതിനെ ഹാന്‍ഡ്‌ ബാഗ്‌ എന്നേ വിളിക്കാനാവൂ..
പിന്നെ ഞങ്ങള്‍ രണ്ടു പേരും കൂടെ എല്ലാ സാധനങ്ങളും ആ രണ്ടു പെട്ടികളിലായി ഒരു വിധം കുത്തി നിറച്ചു..

അപ്പോഴാണ്‌ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്..
ഈ  സാധനങ്ങളെല്ലാം വാങ്ങിയെങ്കിലും പെട്ടിക്ക് പൂട്ട്‌ വാങ്ങിയില്ല..
പിന്നെ ശ്രീകാര്യം ടൌണില്‍ പോയി..
അവിടെ ചൈനീസ് സാധനങ്ങള്‍ കിട്ടുന്ന ഒരു കടയുണ്ട്..
അവിടെ ചെന്ന് ഞാന്‍ ചോദിച്ചു "ചേട്ടാ ചെറിയ പൂട്ടുണ്ടോ..?"
"ഏറ്റവും വില കുറഞ്ഞത് മതി..!!"
ചേട്ടന്‍ പൂട്ടും കൊണ്ടു വന്നു..
"എത്രയാ ചേട്ടാ വില..?"
"25 രൂപ.."
"ചേട്ടാ ഇത്രേം വിലയുള്ളത് വേണ്ട..
ഒരു 5 രൂപയുടെ ഐറ്റം വല്ലോം ഉണ്ടോ..?"
ചേട്ടന്‍ രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി.. അകത്തു പോയി ചൂടി കയര്‍ കൊണ്ട് വന്നു കെട്ടിക്കോ എന്ന് പറയും എന്ന് ഞാന്‍ വിചാരിച്ചു..
അവസാനം കിട്ടിയ പൂട്ടും കൊണ്ട് വീട്ടില്‍ വന്നു..
പെട്ടികള്‍ എല്ലാം പൂട്ടി ഭദ്രമാക്കി..
അങ്ങനെ ഞങ്ങള്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ അത്യാവശ്യം വേണ്ട ഐറ്റം മാത്രം ഇല്ലായിരുന്നു..
എന്താണെന്നല്ലേ..!! ഞങ്ങളുടെ വിസ..!!
അതിതു വരെ പാസ്സ്പോ൪ട്ടില്‍ അടിച്ചു വന്നിട്ടില്ലായിരുന്നു..
പിന്നെ ടിക്കറ്റ്‌ എടുത്തിട്ടുമില്ലായിരുന്നു..
"വിശ്വാസം..!! അതല്ലേ എല്ലാം..!!"
വിസ വരാതിരിക്കില്ല എന്ന ശുഭ പ്രതീക്ഷയോടെ ഞങ്ങള്‍ ഓഫീസില്‍ നിന്നുള്ള വിളി കാത്തിരുന്നു..
അങ്ങനെ  കാത്തു കാത്തു ഉച്ച ആയപ്പോള്‍ വിളി വന്നു..
ഉച്ചഭക്ഷണം പോലും മറന്നു ഞങ്ങള്‍ ഘോഷിന്‍റെ എഫ്‌ സിയില്‍ യാത്ര തിരിച്ചു..
അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ വല്യ മുതലാളി പ്രകാശ് ആശാന്‍:
"നിങ്ങളുടെ ടിക്കറ്റ്‌ ശരിയായിട്ടുണ്ട്.. അത് പ്രിന്‍റ് ചെയ്തെടുത്തേക്ക്.."
"അപ്പൊ വിസ..?"
ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു..
"വരും.. വരാതിരിക്കില്ല.."
അതൊരു ഇടിത്തീ ആയാണെന്റെ മനസ്സില്‍ പതിച്ചത്..
വിസ വരുന്നതും കാത്തു ഞങ്ങള്‍ സീറ്റില്‍ പോയി ഇരുന്നു..
അപ്പോള്‍ ഞങ്ങളുടെ കൊച്ചു മുതലാളി.. അജിത്ത്.. വന്നു..
"നീ വരുമ്പോ എനിക്കൊരു "ടക്കീല" കൊണ്ടു വരണം..!!"
"ഷക്കീല" എന്നു കേട്ടിട്ടുണ്ട്.. എന്താണീശ്വരാ ഈ "ടക്കീല"..!!?
ഞാന്‍  മനസ്സില്‍ ഓര്‍ത്തത്‌ എന്‍റെ മുഖത്ത് വായിച്ച പോലെ അവന്‍ പറഞ്ഞു "അതവിടെ ചെലവ് കുറഞ്ഞു കിട്ടുന്ന ഒരു മെക്സിക്കന്‍ മദ്യമാണ്..!!"
"ടക്കീലയോ മറ്റെന്ത് കുന്തമോ കൊണ്ടു വരാം.. ആദ്യം വിസ വരട്ടെ..!!"
അങ്ങനെ ഉദ്ദേശം നാലു മണിയോടടുപ്പിച്ച് ഞങ്ങളുടെ വിസ വന്നു..
ഏഴു മണി കഴിയുമ്പോഴാണ് ഫ്ലൈറ്റ്..
രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണ൦..
അപ്പൊ ഇനി ആകെ ഉള്ളത് ഒരു മണിക്കൂര്‍..
"വാടാ ഘോഷേ..!! പെട്ടെന്ന്‍ ഇറങ്ങാം.. വീട്ടില്‍ കാബ് വരും.. ഒരു പത്തു മിനുട്ടോണ്ട് വീടെത്തണ൦.."
ഇറങ്ങാന്‍ ഒരുങ്ങിയ ഞങ്ങള്‍ക്ക്‌ മുന്നില്‍ ഒരാള്‍ ചാടി വീണു..
ഞങ്ങളുടെ കളിക്കളം ആഘോഷ ക്ലബിന്‍റെ ഭാരവാഹി..
മാസ പിരിവായിരുന്നു കാര്യം..
"നമ്മള്‍ ഇനി ഒരു നാലു മാസത്തേക്ക്‌ പിരിവൊന്നും നടത്തില്ല.. അതോണ്ട് ഒരു 200 രൂപ തരണം..!!"
ഈ പിരിവ്‌ നാളെ നടന്നിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോയി..
പോക്കറ്റില്‍ നിന്നും 200 രൂപ എടുത്ത് കൊടുത്തു..
ഉടനെ  അടുത്ത് നിന്ന നമ്മുടെ കൊച്ചു മുതലാളി അജിത്ത്..
"നിങ്ങള്‍ക്ക്‌ ഇനി ഇന്ത്യന്‍ രൂപയോന്നും തല്‍ക്കാലം ആവശ്യമില്ലല്ലോ.."
എന്‍റെ കാശും കൂടെ കൊടുത്തേക്ക്.."
എന്‍റെ പഴവങ്ങാടി ഗണപതീ.. ഇങ്ങേരുടെ എച്ചിത്തരം മാറ്റിയാല്‍ ഞാന്‍ നിനക്കൊരു തേങ്ങ ഉടച്ചേക്കാമേ..!! ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു..
അങ്ങനെ കയ്യിലുണ്ടായിരുന്ന അവസാന ഇന്ത്യന്‍ രൂപയും അവിടെ സംഭാവന അര്‍പ്പിച് ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി..
നൂറേ നൂറ്റിപ്പത്ത് വേഗത്തില്‍ ആണ് ഞങ്ങള്‍ പോയത്‌.. അല്ല പറന്നത്..
അങ്ങനെ ഞങ്ങള്‍ 10 മിനിറ്റ് കൊണ്ട് ലക്ഷ്യ സ്ഥാനത്തിന് അടുത്തെത്തി..
ഞങ്ങളുടെ കാഴ്ചാവലയത്തില്‍ ചിത്തിരയും അതിനു മുന്നിലായി ഞങ്ങള്‍ക്ക്‌ പോകേണ്ട കാബും കണ്ടു..
ഡ്രൈവര്‍ ചേട്ടന്‍ ഞങ്ങളെ കണ്ടപ്പോ കൈ ഉയര്‍ത്തി കാണിച്ചു..!!
ഞാനും ഒരു ഹായ് പറഞ്ഞു കൈ ഉയര്‍ത്തി..
പിന്നെ സംഭവിച്ചത്‌ ഒരു നിമിഷം കഴിഞ്ഞേ എനിക്ക് മനസ്സിലായുള്ളൂ..
അപ്പോള്‍ ഘോഷും ബൈക്കും താഴെ കിടപ്പുണ്ട്..
ഞങ്ങളുടെ ഇടതു വശത്ത് ഒരു ക്വാളിസും..
അതില്‍  നിന്നും ഒരപ്പൂപ്പന്‍ എന്തു ചെയ്യണമെന്നറിയാതെ നോക്കുന്നു..
ഹോണ്‍ അടിക്കാതെയാണോ ഇടറോഡില്‍ നിന്നും വരുന്നതെന്നും ചോദിച്ചു അടിയുണ്ടാക്കണമെന്നുണ്ടായിരുന്നു..
പക്ഷെ സമയക്കുറവും അദ്ദേഹത്തിന്റെ പ്രായവും മാനിച്ച് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല..
അവനെ ഞാനും ഡ്രൈവര്‍ ചേട്ടനും കൂടെ എഴുന്നേല്‍പ്പിച്ചു..
ഞാന്‍  ചോദിച്ചു..
"എന്തേലും പറ്റിയോടാ..?"
"വണ്ടീടെ ഗ്ലാസ്‌ പൊട്ടീന്നു തോന്നുന്നു.."
"അതല്ല.. നിനക്കെന്തെങ്കിലും പറ്റിയോ..?"
"എനിക്കൊന്നും പറ്റിയില്ല.."
അതു പറഞ്ഞോണ്ട് നില്‍ക്കുമ്പോഴാണ് എന്‍റെ കാലിന്‍റെ വേദന ഞാന്‍ അറിയുന്നത്..
നോക്കുമ്പോള്‍ മുട്ടിനു താഴെ വലിയൊരു മുറിവ്..
രക്തം നിര്‍ത്താതെ വന്നോണ്ടിരിക്കുന്നു..
ഈശ്വരാ.. പുതിയ പാന്‍റ്.. അതു മുകളില്‍ നിന്നും താഴെ വരെ മുഴുവന്‍ കീറിയിരിക്കുന്നു...
ഭാഗ്യം.. എല്ല് പൊട്ടിയിട്ടില്ല..
ഞങ്ങള്‍ ഡ്രൈവര്‍ ചേട്ടനോട് കുശലം പറഞ്ഞോണ്ട് വണ്ടീം തള്ളി വീട്ടിലേക്ക്‌ നടന്നു..

"ചേട്ടന്‍ കൈവീശി കാണിച്ചത്‌ ഞാന്‍ കണ്ടിരുന്നു..!!"


"ഏയ്.. ഞാന്‍ കൈവീശി ഹായ് പറഞ്ഞതല്ല.. ഇടറോഡീന്നു വണ്ടി വരുന്നത് കണ്ടു നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതാ..!!"

ഭാഗ്യം..!! ഞാന്‍ ചമ്മിപ്പോയത് വേറാരും അറിഞ്ഞില്ല..!!

അങ്ങനെ എല്ലാം കെട്ടി പെറുക്കി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി..
ഘോഷിന്‍റെ  അച്ഛനെയും അമ്മയേയും കുറച്ചു മുന്‍പ് നടന്ന അപകടം അറിയിക്കാതെ ഒരു വിധം എയര്‍പോര്‍ട്ടില്‍ കയറിക്കൂടി..
അങ്ങനെ  സുരക്ഷാ പരിശോധന കഴിഞ്ഞു ഞങ്ങള്‍ ഇമ്മിഗ്രേഷന്‍ ക്ലിയര്‍ ചെയ്യാന്‍ ചെന്നു..
ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ഞങ്ങളുടെ ബിസിനസ്‌ വിസ കണ്ടപ്പോള്‍ ഒരു ചോദ്യം..
"കൊച്ചു പയ്യന്മാരായ നിങ്ങള്‍ അവിടെ എന്ത് ഡിസ്കഷന്‍ ആണ്ചെയ്യാന്‍ പോകുന്നത്..?"
"സാര്‍.. അത് പിന്നെ.. വര്‍ക്ക്‌..!! അല്ല ഡിസ്കഷന്‍..!!
അതിനു തന്നെയാ പോകണേ..!!
ഇത് കണ്ടോ ഇന്‍വിറ്റേഷന്‍ ലെറ്റര്‍ ഒക്കെ ഉണ്ട്.."
എന്തൊക്കെയോ പറഞ്ഞു അങ്ങനെ ഒരു വിധത്തില്‍ ഞങ്ങള്‍ തടി തപ്പി..!!
അങ്ങനെ ആദ്യ വിമാനയാത്ര ആസ്വദിച്ച് പിറ്റേന്ന് രാത്രി ഞങ്ങള്‍ ജപ്പാനില്‍ നഗോയ എയര്‍പോര്‍ട്ടില്‍ ഇറങ്ങി..
കൂട്ടത്തില്‍ അല്പമെങ്കിലും ജപ്പാനീസ് അറിയാവുന്നത് ഘോഷിനാണ്..
ചെന്നിറങ്ങിയപ്പോള്‍ വിദേശികളുടെ ക്ലിയറന്‍സിനായി ഞങ്ങള്‍ ക്യൂവില്‍ നിന്നു..
ഘോഷ് മുന്നിലും ഞാന്‍ പിന്നിലും..
അങ്ങനെ ഞങ്ങളുടെ അവസരം വന്നു..
അവനെ ആദ്യം വിളിച്ചു..
അവന്‍ അങ്ങ് ദൂരെ ചെന്ന് അവരോടെന്തൊക്കെയോ സംസാരിക്കുന്നത് ഞാന്‍ കണ്ടു..
ഇടക്ക് എനിക്ക് നേരെ കൈ ചൂണ്ടുന്നതും കണ്ടു..
ഈശ്വരാ ഇനി ഇവനെങ്ങാനും അവിടെ ചെന്ന് ജാപ്പനീസ് വല്ലതും  പറഞ്ഞോ..??
ആകെ ടെന്‍ഷന്‍..!! അപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു അവനെ കൊണ്ടു പോകുന്നത് കണ്ടു..
ഉറപ്പായി.. അവന്‍ ജാപ്പനീസ്‌ പറഞ്ഞു കാണും..!!
പിന്നാലെ എന്നേം വിളിച്ചോണ്ടു പോയി..
ഞങ്ങളെ  ഒരു റൂമില്‍ കൊണ്ട് ചെന്നിരുത്തി..
ഒരാള്‍ വന്നു ജാപ്പനീസില്‍ എന്തൊക്കെയോ പറഞ്ഞു..
പിന്നെ ഞങ്ങളുടെ ഇന്‍വിറ്റേഷന്‍ ലെറ്റ൪ വാങ്ങിക്കൊണ്ട് പോയി..
ഈശ്വരാ..!! ഭാഷയറിയാത്ത നാട്ടില്‍ വന്നു ജയിലില്‍ കിടക്കേണ്ടി വരുമോ..?

കുറച്ചു കഴിഞ്ഞു അയാള്‍ തിരിച്ചെത്തി..
"നിങ്ങള്‍ക്ക്‌ പോകാം" (ജാപ്പനീസില്‍ ആണേ പറഞ്ഞത്‌.. ആവശ്യം വരുമ്പോ അറിയാത്ത ഭാഷയൊക്കെ മനുഷ്യന് താനേ മനസ്സിലാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌..)
ഒന്നും മനസ്സിലാവാതെ ഞങ്ങള്‍ പുറത്ത്‌ കാത്തു നിന്ന കൂട്ടുകാരന്‍റെ അടുത്തേക്ക്‌ നീങ്ങി..

നിഷാന്തിനെ കണ്ടപ്പോള്‍ പോലീസുകാര്‍ യോഷിദാമ്മാവനെ (ഞങ്ങടെ അന്ന ദാദാവ്) വിളിച്ചു വിവരങ്ങള്‍ തിരക്കിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍  പുറത്തിറങ്ങാന്‍ പറ്റിയതെന്നും മനസ്സിലായി..

എന്തായാലും സംഭവ ബഹുലമായ ആ യാത്ര എന്‍റെ ജീവിതാന്ത്യത്തോളം ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കും..!!2 അഭിപ്രായങ്ങൾ:

 1. തകര്‍പ്പന്‍ ആയിട്ടുണ്ട്..കലക്കി മോനെ ദിലീപേ..
  കാലിലെ മുറിവ് പിന്നെ എന്തായി?
  വണ്ടിക്കാരന്‍ ഹായ് പറഞ്ഞതായിരുന്നു അല്ലേ?
  ഹിഹിഹി..അതേ പോലെ ലാസ്റ്റ് dialog കലക്കി..
  (ആവശ്യം വരുമ്പോ അറിയാത്ത ഭാഷയൊക്കെ മനുഷ്യന് താനേ മനസ്സിലാവും എന്ന് അന്നാണ് എനിക്ക് മനസ്സിലായത്‌..)
  congrats .......................!

  മറുപടിഇല്ലാതാക്കൂ
 2. @Ammutty : Kaalile muriv oru 2 weeks kazhinjappol karinju
  Thanks for the comment :)

  മറുപടിഇല്ലാതാക്കൂ